Sections

കോഴിക്കോട് വീണ്ടും ലോകകപ്പ് ആവേശത്തിൽ; പുതിയപാലത്ത് ഫൈനൽ പോരാട്ടത്തിന് വൻ ജനക്കൂട്ടമൊരുങ്ങുന്നു

Sunday, Jul 19, 2026
Reported By Admin
Kozhikode Gears Up for FIFA World Cup Final Fan Festival

കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ഫൈനൽ പോരാട്ടം വിരൽത്തുമ്പിലെത്തി നിൽക്കെ, കാൽപന്തുകളിയുടെ ആവേശക്കടലായി മാറാൻ കോഴിക്കോട് പുതിയപാലം. ഫാസ്കോ പുതിയപാലം (FASCO) കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ (KDFA) സഹകരണത്തോടെ നടത്തുന്ന ലോകകപ്പ് പബ്ലിക് സ്ക്രീനിംഗിൽ കാലിക്കറ്റ് ഫുട്ബോൾ ക്ലബും പങ്കുചേർന്നു. ഇതോടെ സ്ക്രീനിംഗ് നഗരത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന്റെ കളിത്തട്ടകം എന്നും കോഴിക്കോട് തന്നെയെന്ന് അടിവരയിടുന്നതാണ് പുതിയപാലത്തെ ഈ ജനക്കൂട്ടം.

ആദ്യദിനം മുതൽ സ്ക്രീനിംഗിലേക്ക് ഫുട്ബോൾ പ്രേമികളുടെ വൻ ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും അടങ്ങുന്ന ആയിരക്കണക്കിന് കാണികളാണ് ഓരോ മത്സരവും നേരിട്ട് സ്റ്റേഡിയത്തിൽ കാണുന്ന അതേ ആവേശത്തോടെ കാണുവാനായി സ്ക്രീനിന് മുന്നിലെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ഒന്നിച്ചുകൂടിയതോടെ ഇവിടം കോഴിക്കോടിന്റെ ഔദ്യോഗിക ഫുട്ബോൾ ഹബ്ബായി മാറി.

ഇനി കിരീടപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകരുടെ കാത്തിരിപ്പ് അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ ബിഗ് സ്ക്രീൻ പ്രൊജക്ഷൻ വെറുമൊരു കളിവിരുന്നിനപ്പുറം, അപരിചിതർ പോലും ഒരേ ടീമിനായി ചങ്കുപറിച്ച് മുദ്രാവാക്യം വിളിക്കുന്ന, എതിരാളികൾ പോലും കെട്ടിപ്പിടിച്ച് ആഹ്ലാദിക്കുന്ന വലിയൊരു ജനകീയോത്സവമായി മാറിക്കഴിഞ്ഞു. ഓരോ ഗോൾ പിറക്കുമ്പോഴും ആകാശമുയരുന്ന ആർപ്പുവിളികളാണ് പുതിയപാലത്ത് മുഴങ്ങിക്കേൾക്കുന്നത്.

കേവലം കളി കാണൽ എന്നതിനപ്പുറം നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയായി ഈ സംരംഭം മാറിയിരിക്കുന്നു. കളി കാണാനെത്തിയവരുടെ ആർപ്പുവിളികളും പതാകകളും പാട്ടുകളുമെല്ലാം പുതിയപാലത്തെ ഒരു ഉത്സവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്.

ലോകകപ്പ് ഫൈനലിന്റെ മഹാമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും പുതിയപാലത്തേക്ക് ഒഴുകിയെത്തുകയെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നഗരത്തെ ഒന്നാകെ ഫുട്ബോൾ ലഹരിയിലാഴ്ത്തിയ ആഴ്ചകൾ നീണ്ട ഈ വലിയ ആഘോഷത്തിന് ഇതിലും മനോഹരമായ ഒരു സമാപനം വേറെയുണ്ടാകില്ല. കാൽപന്തിന്റെ കാര്യത്തിൽ കോഴിക്കോടിനെ വെല്ലാൻ മറ്റാരുമില്ലെന്ന് ഈ കായികക്കൂട്ടായ്മ ഒരിക്കൽക്കൂടി തെളിയിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.