Sections

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം; അനുകൂല ഘടകങ്ങൾ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖർ

Monday, Sep 07, 2026
Reported By Admin
Kerala Ready for Next Wave of GCC Growth

തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളുടെ (ജിസിസി) രണ്ടാമത്തെ തരംഗത്തിന് സംസ്ഥാനം സജ്ജമായതായി പ്രമുഖ ഐടി വ്യവസായ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കോവളത്ത് സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ ജിസിസി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജിസിസി വേൾഡ് സർജ്ജിൻറെ രണ്ടാം പതിപ്പിൽ നടന്ന 'ദി നെക്സ്റ്റ് വേവ് ഓഫ് ജിസിസി ഗ്രോത്ത്: വൈ കേരള, വൈ നൗ' എന്ന പാനൽ ചർച്ചയിലാണ് കേരളം മുന്നോട്ടുവെക്കുന്ന സാധ്യതകൾ അവതരിപ്പിച്ചത്.

സംസ്ഥാന സർക്കാരിൻറെ ക്രിയാത്മക ഇടപെടലുകൾ, നൈപുണ്യവൈദഗ്ധ്യം, കുറഞ്ഞ തൊഴിൽ മാറ്റ നിരക്ക് (അട്രിഷൻ റേറ്റ്), മികച്ച ജീവിത നിലവാരം എന്നിവ ജിസിസികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള ബന്ധവും നൈപുണ്യശേഷിയുള്ള പ്രതിഭകളുടെ സാന്നിധ്യവുമാണ് സംസ്ഥാനത്ത് ജിസിസികൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതെന്ന് ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരൻ മണ്ണീങ്കൽ പറഞ്ഞു. കുറഞ്ഞ പ്രവർത്തനച്ചെലവും ഉന്നത സാങ്കേതിക പരിജ്ഞാനവും കേരളത്തിൻറെ മേൻമയാണെന്ന് എച്ച് ആൻറ് ആർ ബ്ലോക്ക് ഇന്ത്യ വൈസ് പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ ഹരി പ്രസാദ് വ്യക്തമാക്കി. ഐസിടി അക്കാദമി, അസാപ് എന്നിവയുമായി സഹകരിച്ച് വിദഗ്ധ പരിശീലനം ലഭിച്ച പ്രാദേശിക പ്രതിഭകളെ ഉപയോഗപ്പെടുത്തി കമ്പനിക്ക് ചുരുങ്ങിയ കാലം കൊണ്ട് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണസംവിധാനവും വ്യവസായവും വിദ്യാലയങ്ങളും പരസ്പരം കൈകോർക്കുന്ന ആവാസവ്യവസ്ഥയാണ് ഇവിടെയുള്ളതെന്നും ശേഷി വികസനത്തിനപ്പുറം നൂതനാശയങ്ങൾക്കും മൂല്യവർദ്ധനവിനും സംസ്ഥാനം മുൻഗണന നൽകുന്നുണ്ടെന്നും ടിസിഎസ് ഡെലിവറി സെൻറർ മേധാവി അരുൺ തെക്കേതിൽ നിരീക്ഷിച്ചു.

പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യവും മികച്ച തൊഴിൽശേഷിയും പ്രയോജനപ്പെടുത്തി ആഗോള കമ്പനികൾ ഗവേഷണ-വികസന (ആർ ആൻറ് ഡി) കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കാൻ മുന്നോട്ടുവരണമെന്ന് നാസ്കോം റീജിയണൽ ഡയറക്ടർ ഭാസ്കർ വർമ്മ ചൂണ്ടിക്കാട്ടി. ഉയർന്ന ജീവിത നിലവാരവും ജീവനക്കാരുടെ സ്ഥിരതയും കമ്പനികൾക്ക് ഗുണം ചെയ്യുമെന്ന് അലയൻസ് സർവീസസ് എംഡിയും സിഇഒയുമായ ജിസൺ ജോണും ഇ വൈ ജിഡിഎസ് ഡയറക്ടർ റിച്ചാർഡ് ആൻറണിയും ചൂണ്ടിക്കാട്ടി. സാഫിൻ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും ഇന്ത്യ മാനേജിങ് ഡയറക്ടറുമായ സുജാ ചാണ്ടി ചർച്ച നിയന്ത്രിച്ചു.

സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് 'കേരളം: ആൻ ഇക്കോസിസ്റ്റം ഫോർ ഗ്ലോബൽ കേപ്പബിലിറ്റി' എന്ന വിഷയത്തിൽ അവതരണം നടത്തി. കേരളത്തിൻറെ ആഗോള പ്രവാസി ശൃംഖല, കെ-ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഭരണ സംവിധാനങ്ങൾ, ഐടി ഇടനാഴികൾ, സെമികണ്ടക്ടർ, സ്പേസ്, ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള സർക്കാർ നയങ്ങൾ തുടങ്ങിയവ ജിസിസികൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തിൽ നിന്നുള്ള 125-ലധികം പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിൽ ഭാവി വ്യവസായ സാധ്യതകളും ഇന്ത്യൻ വിപണിയുടെ കരുത്തും വിശദമായി ചർച്ച ചെയ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.