Sections

ജിഎസ്ടി രണ്ടാം തലമുറ പരിഷ്‌കാരങ്ങളും സംസ്ഥാന ധനനയങ്ങളും: ഗിഫ്റ്റിൽ ദേശീയ സെമിനാർ ഇന്നും നാളെയും (2026 സെപ്റ്റംബർ 7, 8)

Monday, Sep 07, 2026
Reported By Admin
GST 2.0 Reforms National Seminar at GIFT Kerala

രാജ്യത്തെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിലെ രണ്ടാം തലമുറ പരിഷ്കാരങ്ങളും അവ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും ധനനയത്തിലും ചെലുത്തുന്ന സ്വാധീനവും ചർച്ച ചെയ്യുന്നതിനായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്- ന്റെ (ICSSR) സഹകരണത്തോടെ തിരുവനന്തപുരം ഗിഫ്റ്റ് കാമ്പസിൽ സെപ്റ്റംബർ 7, 8 തീയതികളിലാണ് സെമിനാർ നടക്കുന്നത്.

സെപ്റ്റംബർ 8-ന്, ഗിഫ്റ്റ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി. ഡി. സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തിക വിദഗ്ധൻ പ്രൊഫസർ എം എ ഉമ്മനെ ചടങ്ങിൽ ആദരിക്കും. ഗിഫ്റ്റിന്റെ പുതിയ പ്രസിദ്ധീകരണമായ 'ഇക്കോണമി ആൻഡ് ഫിസ്കൽ വാച്ച്' (Economy and Fiscal Watch - EFW) മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മുൻ ധനമന്ത്രിമാരായ ടി. എം. തോമസ് ഐസക്, കെ. എൻ. ബാലഗോപാൽ, ജമ്മുകശ്മീർ മുൻ ധനമന്ത്രി ഹസീബ് എ. ദ്രാബു എന്നിവർ പ്രത്യേക സംവാദത്തിൽ പങ്കെടുക്കും.

പ്രമുഖ സാമ്പത്തിക വിദഗ്ധരും നയരൂപീകരണ വിദഗ്ധരും സെമിനാറിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ഗതാഗത മന്ത്രി സി. പി. ജോൺ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ. എം. ചന്ദ്രശേഖർ, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കേന്ദ്ര റവന്യൂകാര്യ വകുപ്പ് ജോയിൻറ് സെക്രട്ടറി ബാലകൃഷ്ണൻ കൃഷ്ണമൂർത്തി, എൻഐപിഎഫ് പി ഡയറക്ടർ പ്രൊഫ. കവിത റാവു, പ്രൊഫ. ബി എ പ്രകാശ്, പ്രൊഫ. സെബാസ്റ്റ്യൻ മോറിസ്, പ്രൊഫ. മേരി ജോർജ്, അരവിന്ദ് മോഡി തുടങ്ങിയ വിദഗ്ധർ സംസാരിക്കും.

രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധർ, ഭരണാധികാരികൾ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ എന്നിവർ സെമിനാറിൽ അണിനിരക്കും. ഫിസ്കൽ ഫെഡറലിസം, നികുതി നിരക്കുകളിലെ മാറ്റങ്ങൾ, എംഎസ്എംഇ മേഖലയിലെ സ്വാധീനം തുടങ്ങിയ നിർണായക വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും.

സെമിനാറിന്റെ ഭാഗമായി മൂന്ന് പ്ലീനറി സെഷനുകളും രണ്ട് ടെക്നിക്കൽ സെഷനുകളും സംഘടിപ്പിക്കും. ജിഎസ്ടി 1.0 & 2.0 പരിഷ്കാരങ്ങളുടെ വിവിധ വശങ്ങളും അവ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിലും സാമ്പത്തിക നയങ്ങളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച ഉന്നതതല ചർച്ചകൾക്ക് സെമിനാർ വേദിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.