Sections

യുപിഐയും ആർബിഐയുടെ ഇ-റുപ്പിയും തമ്മിലുള്ള വ്യത്യാസം അറിയേണ്ടേ?

Friday, Dec 16, 2022
Reported By admin
rbi

ഈ ഇടപാടിലെ പണം കൈമാറ്റത്തിനായി ബാങ്ക് ഇടനിലക്കാരന്റെ റോളിലേക്ക് കടന്നുവരുന്നില്ല


ഇടപാടുകൾക്കും വിനിയോഗത്തിനുമായി റിസർവ് ബാങ്ക് നിയമപരമായ അവകാശത്തോടെ ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അഥവാ ഇ-റുപ്പി. രാജ്യത്തെ നാലു നഗരങ്ങളിൽ (മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ) ഇക്കഴിഞ്ഞ ഡിസംബർ 1 മുതൽ ഇ-റുപ്പിയുടെ റീട്ടെയിൽ പതിപ്പിന്റെ വിനിമയം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡിജിറ്റൽ ഇടപാടുകൾക്ക് ജനപ്രീതിയാർജിച്ചു കഴിഞ്ഞ സംവിധാനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). ഈയൊരു പശ്ചാത്തലത്തിൽ യുപിഐയും ഇ-റുപ്പിയും തമ്മിലുള്ള 7 പ്രധാന വ്യത്യാസങ്ങളാണ് ചുവടെ ചേർക്കുന്നത്.

ഓൺലൈൻ ഇടപാടുകൾക്കായി റിസർവ് ബാങ്ക്, ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയാണ് ഇ-റുപ്പി. എന്നാൽ ഡിജിറ്റൽ പണമിടപാട് നടത്താനുള്ള പ്ലാറ്റ്ഫോം മാത്രമാണ് യുപിഐ എന്നത്.

യുപിഐ മുഖേനയുള്ള എല്ലാ പണമിടപാടിലും ഇടനിലക്കാരനായി വർത്തിക്കുന്നത് ബാങ്കുകളായിരിക്കും. അതുകൊണ്ടുതന്നെ യുപിഐ അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും ഇടപാടുകളിൽ പണം പിൻവലിക്കപ്പെടുകയും നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നത്. ബാങ്കുകൾ മുഖേന പണം പേപ്പർ കറൻസിയായി പിൻവലിക്കാനും കൈവശം സൂക്ഷിക്കാനും കഴിയും. എന്നാൽ ഇ-റുപ്പി സൂക്ഷിക്കപ്പെടുന്നത് മൊബൈൽ വാലറ്റുകളിലാണ്. അതുകൊണ്ട് ഇ-റുപ്പി മുഖേനയുള്ള ഇടപാടുകളിൽ തുക കൈമാറ്റം ചെയ്യപ്പെടുന്നത് പണം അയക്കേണ്ട ആളുടെ മൊബൈൽ വാലറ്റിൽ നിന്നും സ്വീകരിക്കേണ്ട ആളുടെ വാലറ്റിലേക്കായിരിക്കും. ഈ ഇടപാടിലെ പണം കൈമാറ്റത്തിനായി ബാങ്ക് ഇടനിലക്കാരന്റെ റോളിലേക്ക് കടന്നുവരുന്നില്ല.

പേപ്പർ കറൻസിയിൽ എന്ന പോലെ ഇ-റുപ്പിയും ബാങ്കിൽ നിന്നും പിൻവലിച്ച് നിങ്ങളുടെ മൊബൈൽ വാലറ്റിലേക്ക് മാറ്റി സൂക്ഷിക്കാനും തുടർന്ന് ചെലവിടുന്നതിനായി മറ്റൊരു വാലറ്റിലേക്ക് യഥേഷ്ടം കൈമാറ്റം ചെയ്യുവാനും സാധിക്കും. എന്നാൽ യുപിഐ ഇടപാടുകളിൽ, നമ്മുടെ ബാങ്കിനോട് നിർദേശിക്കുമ്പോൾ മാത്രമാണ് പണം സ്വീകരിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യപ്പെടുന്നത്.

യുപിഐ പ്ലാറ്റ്ഫോമിലൂടെ ഒരാൾക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, നെറ്റ്-ബാങ്കിംഗ്, മൊബൈൽ വാലറ്റ് എന്നിവ ഉപയോഗപ്പെടുത്തി പണം കൈമാറ്റം ചെയ്യാനാകും. എന്നാൽ പേപ്പർ കറൻസി ചെലവിടുന്ന മാതൃകയിൽ മൊബൈൽ ഫോൺ ഉപയോഗപ്പെടുത്തി ഡിജിറ്റൽ പണം കൈമാറുന്നതിനാണ് ഇ-റുപ്പി ഉപയോഗിക്കുന്നത്.

യുപിഐ ഇടപാടിൽ പണം കൈമാറുന്നതിന്റെ വരവുവെയ്ക്കുന്നത് ബാങ്ക് അക്കൗണ്ടിലായിരിക്കും. എന്നാൽ പേഴ്സിലെ പണം ചെലവിടുമ്പോൾ കുറയുന്നപോലെ, ഇ-റുപ്പി ഉപയോഗപ്പെടുത്തി എന്തെങ്കിലും വാങ്ങുമ്പോൾ വാലറ്റിൽ നിന്നും കുറയുന്നു.

സർവ അംഗീകാരവുമുള്ള പേപ്പർ കറൻസിയുടെ ഡിജിറ്റൽ പതിപ്പ് എന്ന നിലയിൽ റിസർവ് ബാങ്ക് കൈകാര്യം ചെയ്യുന്നതിനാൽ, ഇ-റുപ്പിയുടെ കൈമാറ്റത്തിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ല. അതിനാൽ യുപിഐയിൽ നിന്നും വ്യത്യസ്തമായി ഇ-റുപ്പിയിലെ ഇടപാടുകൾ തത്ക്ഷണവും ഇടപാടുകാർ തമ്മിൽ നേരിട്ടുമായിരിക്കും.

പേപ്പർ കറൻസിയുടെ സഹജമായ ഗുണങ്ങളിലൊന്നായ അജ്ഞാവസ്ഥ, ഇ-റുപ്പിയിലും പ്രതീക്ഷിക്കാം. എന്നാൽ യുപിഐ മുഖേനയുള്ള ഏതൊരു ഇടപാടിന്റേയും വിവരം ഇടനിലക്കാരുടെ (ബാങ്കുകൾ) കൈവശമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.