Sections

10 വർഷം ആധാർ പുതുക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം

Saturday, Jul 01, 2023
Reported By admin
aadhar

ഗുണഭോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ ലഭിക്കും


10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കാൻ സെപ്റ്റംബർ 15 വരെ സമയം. ആധാർ ഉടമകൾക്ക് തിരിച്ചറിയൽ രേഖ, മേൽവിലാസം സംബന്ധിച്ച രേഖകൾ ഉപയോഗിച്ച് ആധാർ പുതുക്കുന്നതിലൂടെ തട്ടിപ്പുകൾ തടയാനാകും. ആധാർ പുതുക്കലിൽ എന്തെങ്കിലും സംശയമുള്ളവർക്ക് 0491-2547820 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടാതെ, പൊതുജനങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0491 2547820 എന്ന നമ്പറിലും വിളിക്കാം.

ആധാർ പുതുക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാം?

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ ലഭിക്കും
ഏകദേശം 1,100 സർക്കാർ പദ്ധതികൾ/പ്രോഗ്രാമുകൾ എന്നിവയുടെ പ്രയോജനം ലഭിക്കും
ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ എളുപ്പമാകും
വിവിധ സ്‌കോളർഷിപ്പ് പ്രോഗ്രാമുകൾക്കായുള്ള പ്രവേശനം ലളിതമാകും
വായ്പാ അപേക്ഷകൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവ കൂടുതൽ വേഗത്തിൽ പ്രോസസ് ചെയ്യാം
നിങ്ങളൊരു നികുതിദായകനാണെങ്കിൽ നിങ്ങളുടെ ഐ.ടി റിട്ടേണുകൾ എളുപ്പത്തിൽ ഇ-വെരിഫൈ ചെയ്യാം

കുട്ടികളുടെ ആധാറും നിർബന്ധമായും പുതുക്കണം

അഞ്ചാം വയസിലും പതിനഞ്ചാം വയസിലുമാണ് കുട്ടികളുടെ ആധാർ പുതുക്കേണ്ടത്. കൈ വിരലടയാളം, ഐറിസ് ബയോമെട്രിക് വിവരങ്ങൾ, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തുകൊണ്ടാണ് പുതുക്കുക. ഇതിനായി കുട്ടികളുടെ അസൽ ആധാർ മാത്രമാണ് രേഖയായി വേണ്ടത്. 5 മുതൽ 7 വയസുവരെയും 15 മുതൽ 17 വയസുവരെയും ആധാർ പുതുക്കൽ സൗജന്യമായി നടത്താം. 7 മുതൽ 14 വയസുവരെയും 17 വയസിന് ശേഷവും ആധാർ പുതുക്കുന്നതിന് 100 രൂപ ചാർജ് നൽകണം. പാലക്കാട് ജില്ലയിൽ അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെ വിദ്യാലയങ്ങളിലൂടെയും ആധാർ പുതുക്കുന്നുണ്ട്. കഴിഞ്ഞ 1 മാസത്തിനുള്ളിൽ ജില്ലയിൽ 850-ഓളം കുട്ടികൾ ആധാർ പുതുക്കിയതായി ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ടി. തനൂജ് അറിയിച്ചു.

നവജാത ശിശുക്കൾക്കും ആധാർ എടുക്കാം

നവജാത ശിശുക്കൾക്കും ആധാർ എടുക്കാവുന്നതാണ്. ആധാർ ലഭിക്കാൻ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, കുട്ടിയുടെ മാതാപിതാക്കളുടെ ബയോമെട്രിക് വിവരങ്ങൾ - ആധാർ എന്നിവ ആവശ്യമാണ്. നിലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് നവജാത ശിശുക്കൾക്ക് ആധാർ എടുക്കുന്നത്. 5 വയസുവരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് വിവരങ്ങൾ ശേഖരിക്കുന്നില്ല. അങ്കണവാടികൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി ആധാർ ക്യാമ്പുകൾ സജ്ജീകരിക്കുന്ന പ്രവർത്തനം പ്രാരംഭഘട്ടത്തിലാണ്. വനിത ശിശു വികസന വകുപ്പ് മുഖേന ആധാർ എടുക്കാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.