Sections

ബിസിനസ് മേഖലയ്ക്ക് ഗുണപ്രദമായ കേന്ദ്ര സര്‍ക്കാറിന്റെ ഏകജാലക സംവിധാനത്തെ കുറിച്ചറിയാം

Thursday, Dec 08, 2022
Reported By admin
business

എല്ലാവിധ അപേക്ഷകളുടെയും ഓണ്‍ലൈന്‍ ഫയലിങ്ങും ട്രാക്കിങ്ങും ക്ലിയറന്‍സുമെല്ലാം എന്‍എസ്ഡബ്ല്യുഎസിലൂടെ സാധ്യമാണ്

 

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലേക്കെത്താനുള്ള വലിയ യജ്ഞത്തിലാണ് ഇന്ത്യ. വ്യാപാരത്തെ അതിവേഗത്തില്‍ ഡിജിറ്റൈസ് ചെയ്യാനായി കേന്ദ്രം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെറിയ തോതില്‍ നടപ്പിലാക്കാന്‍ തുടങ്ങിയ പദ്ധതിയാണ് ദേശീയ ഏകജാലക സംവിധാനം (നാഷണല്‍ സിംഗിള്‍ വിന്‍ഡോ സിസ്റ്റം-എന്‍എസ്ഡബ്ല്യുഎസ്). ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വ്യാപിപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വൈകാതെ കേരളവും ഇതിന്റെ ഭാഗമായേക്കുമെന്നാണ് പ്രതീക്ഷ.

നിക്ഷേപവുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ അനുമതികള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാമുള്ള വണ്‍സ്റ്റോപ്പ് പ്ലാറ്റ്ഫോമാണ് ദേശീയ ഏകജാലക സംവിധാനം അഥവാ എന്‍എസ്ഡബ്ല്യുഎസ്. ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനും ആവശ്യമായ അനുമതികളും മറ്റ് മാനദണ്ഡങ്ങളും ഏതൊക്കെയാണെന്ന് മനസിലാക്കാനും അതിനെല്ലാം അപേക്ഷ നല്‍കാനും ഈ സംവിധാനത്തിലൂടെ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും സാധിക്കും. 

27 കേന്ദ്ര വകുപ്പുകളില്‍ നിന്നും 16 സംസ്ഥാനങ്ങളുടെ വിവിധ വകുപ്പുകളില്‍ നിന്നുമുള്ള അനുമതികള്‍ ഈ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ സംരംഭകര്‍ക്ക് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയ ശേഷം 27 കേന്ദ്ര വകുപ്പുകളും 19ഓളം സംസ്ഥാനങ്ങളും നിലവില്‍ ഈ സംവിധാനത്തിന്റെ ഭാഗമാണ്. 

എല്ലാവിധ അപേക്ഷകളുടെയും ഓണ്‍ലൈന്‍ ഫയലിങ്ങും ട്രാക്കിങ്ങും ക്ലിയറന്‍സുമെല്ലാം എന്‍എസ്ഡബ്ല്യുഎസിലൂടെ സാധ്യമാണ്. പല ഡിപ്പാര്‍ട്ട്മെന്റുകളില്‍ കയറി ഇറങ്ങാതെ തന്നെ എല്ലാ ക്ലിയറന്‍സുകളും നേടാന്‍ ഇത് ബിസിനസുകളെ സഹായിക്കും. ഇപിഎഫ്ഒ, ഇഎസ്ഐസി, ജിഎസ്എന്‍, ടിഐഎന്‍, ടിഎഎന്‍, പാന്‍ തുടങ്ങി 13ഓളം വിവിധ ഐഡികള്‍ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോമിലൂടെ അനുമതികള്‍ക്ക് അപേക്ഷിക്കാം. ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് ബിസിനസുകളുടെ പാന്‍ എന്‍എസ്ഡബ്ല്യുഎസിലെ സവിശേഷ തിരിച്ചറിയല്‍ സംവിധാനമായി ഉപയോഗപ്പെടുത്താനാണ്. 

2021 സെപ്റ്റംബറിലായിരുന്നു എന്‍എസ്ഡബ്ല്യുഎസ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. തുടക്കത്തില്‍ ഗോവ, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, നാഗാലന്‍ഡ് എന്നിങ്ങനെ 15 സംസ്ഥാനങ്ങളായിരുന്നു പദ്ധതിയുടെ ഭാഗമായത്.

കേരളം, പശ്ചിമ ബംഗാള്‍, അസം, ഛത്തീസ്ഗഢ്, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ 2023 മാര്‍ച്ച് മാസത്തോടെ ദേശീയ ഏകജാലക സംവിധാനത്തിന്റെ ഭാഗമാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 30,000 അപേക്ഷകള്‍ എന്‍എസ്ഡ്ബ്ല്യുഎസ് സംവിധാനത്തില്‍ ലഭിച്ചു. 

ഇതില്‍ 13,764 അപേക്ഷകള്‍ക്കാണ് അനുമതി ലഭിച്ചത്. 26 ഓളം കേന്ദ്ര ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ള 180 അനുമതികളാണ് ദേശീയ ഏകജാലക സംവിധാനത്തിലൂടെ പ്രോസസ് ചെയ്യപ്പെടുന്നത്. 32 കേന്ദ്ര ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 368 അനുമതികള്‍ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്നതാണ് കേന്ദ്രത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.