- Trending Now:
കോഴിക്കോട്: ആരോഗ്യ രംഗത്ത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം പകർച്ച വ്യാധികൾ അല്ലാത്ത രോഗങ്ങളുടേയും, മാനസികാരോഗ്യ തകർച്ചയുടേയും, വാർദ്ധക്യ സംബന്ധിയായ അവശതകളുടേയും, രോഗങ്ങളുടെ തുടർച്ചയായ വ്യാപനത്തിന്റേയും ദുരന്ത ഭൂമിയായി കേരളം മാറിയെന്നു ഹെൽത്ത് കമ്മീഷൻ പഠനം പറയുന്നു.
നവയുഗ യാത്രാമദ്ധ്യേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആണ് യു.ഡി.എഫ്. ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട് പ്രകാശനം ചെയ്തത്. യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ആദ്യപ്രതി ഹെൽത്ത് കമ്മീഷൻ അധ്യക്ഷൻ ഡോ.എസ്.എസ്.ലാലിൽ നിന്ന് ഏറ്റു വാങ്ങി.
സമഗ്രവും സുതാര്യവുമായ ആരോഗ്യനയം രൂപപ്പെടുത്തി നടപ്പാക്കുന്നതിൽ ഇടതു സർക്കാർ അമ്പേ പരാജയപ്പെട്ടുവെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ആറു മാസം കൊണ്ട്, ആരോഗ്യ മേഖലയിലും ഭരണ രംഗത്തും പ്രവർത്തിക്കുന്ന വിദഗ്ധർ, ഗവേഷകർ മുതൽ ആശാ വർക്കർമാർ വരെയുള്ളവരുടെ പ്രതിനിധികൾ തുടങ്ങി അറുനൂറോളം പേരുമായി ആശയവിനിമയം നടത്തിയാണ് സമഗ്രമായ റിപ്പോർട്ട് തയാറാക്കിയത്.
ആരോഗ്യ ചികിത്സാ രംഗങ്ങളിൽ ഉണ്ടായിട്ടുള്ള ഭീമമായ ചെലവ് സാധാരണക്കാരെ ദുരിത ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞ പത്തു വർഷത്തെ ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥത ആരോഗ്യ സംവിധാനങ്ങൾ താറുമാറാക്കി. വികല നയങ്ങളും ദുർബല ഭരണവും സാധാരണ ജനങ്ങളുടെ അവകാശമായ ശരിയായ ചികിത്സ നിഷേധിക്കാൻ കാരണമാകുന്നു. നിർഭാഗ്യകരമായ ഈ അവസ്ഥക്ക് മാറ്റം വരുത്താനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിന്റെ കാതലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫ്. സർക്കാർ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സമഗ്രമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
എം.കെ.രാഘവൻ എം.പി., എം.എൽ.എ. മാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മുൻ പ്ലാനിങ് ബോർഡ് അംഗം സി.പി.ജോൺ, ഷാനിമോൾ ഉസ്മാൻ, ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ, കമ്മീഷൻ അംഗം ഡോ.പി.എൻ. അജിത തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.