Sections

ജീവിതത്തിന്റെ അകവും പുറവും; ശിൽപചാരുതയും ചിന്തിപ്പിക്കുന്ന പ്രമേയവുമായി ഖഗേശ്വർ റൗത്ത്

Sunday, Jan 04, 2026
Reported By Admin
Crescent Moon Motifs Shine in Kgheswar Rout’s Biennale Art

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ ആറാം പതിപ്പിൽ ശിൽപി ഖഗേശ്വർ റൗത്തിന്റെ സൃഷ്ടികളിലെല്ലാം ചന്ദ്രക്കലയുടെ സാന്നിധ്യമുണ്ട്. സങ്കീർണമായ എല്ലാ കലാസൃഷ്ടിയിലും ജീവതത്തിന്റെ അകവും പുറവും നിഴലും വെളിച്ചത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ കലാകാരൻ. വിരലുകൾ മാത്രം ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ വസ്തുക്കളിലൂടെ പുരോഗമിക്കുന്ന ഖഗേശ്വറിന്റെ സൃഷ്ടികൾ ജൈവവസ്തുക്കളുടെ പുനരാവിഷ്കാരമാണ്.

ബിനാലെ വേദിയായ വെല്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലാണ് ഖഗേശ്വറിന്റെ കലാപ്രതിഷ്ഠ ഒരുക്കിയിട്ടുള്ളത്. കളിമണ്ണ്, കല്ല്, മരത്തൊലി തുടങ്ങിയവയാണ് ഖഗേശ്വറിന്റെ സൃഷ്ടിയുടെ വസ്തുക്കൾ. പൂർണമായും കൈകൊണ്ട് നിർമ്മിക്കുന്ന ഇവയിലെ ചന്ദ്രക്കലയുടെ സാന്നിദ്ധ്യത്തെ ആഴത്തിലാണ് ഖഗേശ്വർ വിശകലനം ചെയ്യുന്നത്.

ചന്ദ്രക്കല എന്നത് ഒരു സൂചകമാണ്. വെളിച്ചത്തിനു പുറകിൽ കറുത്ത ഒരു വശമുണ്ട്. ജീവിതത്തിന്റെ രണ്ട് വശത്തെ ഇത് കാണിക്കുന്നു. വെളിച്ചം കുറഞ്ഞ് പൂർണമായ അന്ധകാരത്തിലേക്കും പിന്നീട് അന്ധകാരം പൂർണമായ വെളിച്ചത്തിലേക്കും പരിണമിക്കുന്നു. ഇത് അസാമാന്യമായ ശിൽപചാരുതയോടെയാണ് ഖഗേശ്വർ തന്റെ സൃഷ്ടിയിൽ സമന്വയിപ്പിച്ചിരിക്കുന്നത്.

ഒഡീഷയിലെ ഭദ്രക്കിൽ 1992 ലാണ് ഖഗേശ്വർ ജനിച്ചത്. സസ്യരൂപങ്ങളുടെ ആന്തരിക രഹസ്യങ്ങൾ കളിമണ്ണിലൂടെ തേടുന്ന കലാകാരനായ അദ്ദേഹം കൊൽക്കത്തയിലാണ് സ്ഥിരതാമസം.

തന്റെ സൃഷ്ടികൾ പലപ്പോഴും പ്രതിനിധീകരിക്കുന്ന സസ്യജീവിതത്തിലൂടെ അതിന്റെ ആന്തരിക ഘടനയെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതൊരേപോലെ വരുത്തുന്നതിനായി ശില്പത്തിന്റെ ഉപരിതലത്തിൽ മനപൂർവം പൊള്ളയായ ഇടങ്ങൾ ഉണ്ടാക്കുകയാണെന്ന് ഖഗേശ്വർ ചൂണ്ടിക്കാട്ടി.

വാസ്തുവിദ്യയ്ക്ക് സമാനമായി, ഒരു ചെടി നമ്മുടെ മുന്നിലേക്ക് അതിന്റെ ജാലകം തുറന്നു തരുന്നത്. മാംസവും മജ്ജയുമുള്ള മനുഷ്യമനസിലേക്ക് എത്തി നോക്കുന്നതു പോലെയാണിതെന്ന് അദ്ദേഹം പറഞ്ഞു. സസ്യജാലത്തിന്റെ മടക്കുകളിലൂടെയും വിള്ളലുകളിലൂടെയും വളർച്ചയും തളർച്ചയും ഒരേസമയം സംഭവിക്കുന്നു. ഇത് ശരീരത്തിൽ മാത്രമല്ല ആത്മാവിലും ചിന്തയിലുമുണ്ടാകുന്നുവെന്ന് അദ്ദേഹം സമർഥിച്ചു.

ഈ സൃഷ്ടികൾ കാലാവസ്ഥാ പ്രതിസന്ധി, പാരിസ്ഥിതിക അസന്തുലിതാവസ്ഥ തുടങ്ങിയവയെ ഉയർത്തിക്കാട്ടുമ്പോഴും പ്രകൃതിയുടെ അതിജീവനശേഷിയെക്കൂടി പ്രത്യാശയോടു കൂടി പങ്കുവെക്കുന്നു. പ്രകൃതിയിലെ സന്തുലിതാവസ്ഥയാണ് ദുർബലമെന്നു തോന്നിക്കുന്ന തന്റെ കളിമൺ ശില്പങ്ങളുടെ പ്രധാന ഘടകമെന്നും ഖഗേശ്വർ കൂട്ടിച്ചേർത്തു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ ബന്ധത്തെയും സന്തുലിതാവസ്ഥയെയും കുറിച്ചുള്ള വലിയൊരു സന്ദേശമാണ് ഖഗേശ്വർ റൗത്തിന്റെ കലാപ്രതിഷ്ഠ പ്രേക്ഷകന് നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.