- Trending Now:
തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് നിറച്ചാർത്തൊരുക്കിയ വസന്തോൽസവത്തിന് സമാപനം. കനകക്കുന്നിൽ 12 ദിനരാത്രങ്ങൾ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകളിലേക്ക് ലക്ഷക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) സംയുക്തമായി സംഘടിപ്പിച്ച വസന്തോൽസവത്തിലെ മത്സരവിജയികൾക്കുള്ള സമ്മാനദാനം ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു.
കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സമാപന ചടങ്ങിൽ ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജെഎൻടിബിജിആർഐ) മുൻ ശാസ്ത്രജ്ഞനായ ഡോ. എം. സലിം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ്) അജീഷ് കുമാർ .ആർ എന്നിവർ പങ്കെടുത്തു.
കാഴ്ചക്കാരായെത്തുന്ന ജനങ്ങളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിലൂടെ ഓരോ വർഷം കഴിയുംതോറും വസന്തോൽസവം കൂടുതൽ മികച്ചതും വിപുലവുമാകുന്നതായി ശിഖ സുരേന്ദ്രൻ പറഞ്ഞു.
പ്രകൃതിയോടും സസ്യജാലങ്ങളോടും അഭിനിവേശമുള്ള ആളുകളുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമാണ് വസന്തോൽസവത്തിൻറെ വൻവിജയം. സ്വകാര്യ നഴ്സറികൾ, വ്യക്തികൾ, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ പോലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തവും പരിശ്രമവും ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നെും അവർ കൂട്ടിച്ചേർത്തു.
ഡിസംബർ 24 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് വസന്തോൽസവം ഉദ്ഘാടനം ചെയ്തത്. വസന്തോൽസവത്തിൻറെ ആദ്യ ദിനം മുതലുള്ള ജനപങ്കാളിത്തം ശ്രദ്ധേയമാണ്. നഗരവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള സന്ദർശകരുടെ എണ്ണത്തിൽ പുതുവത്സരാഘോഷ ദിനത്തിലും വലിയ വർധനവുണ്ടായി.
'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. ഇൻസ്റ്റിറ്റിയൂഷൻ വിഭാഗത്തിൽ 648 പോയിൻറ് നേടി ഇൻസ്ട്രക്ഷണൽ ഫാം വെള്ളയാണി അഗ്രികൾച്ചർ കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 497 പോയിൻറ് നേടി മ്യൂസിയം ആൻഡ് സൂ രണ്ടാം സ്ഥാനത്തും 182 പോയിൻറ് നേടിയ കേരള ലെജിസ്ലേറ്റർ സെക്രട്ടറിയേറ്റ് മൂന്നാം സ്ഥാനത്തും എത്തി.
വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനം ലിസി ജോസഫിനാണ്. വി. മനു മോഹൻ രണ്ടാം സ്ഥാനവും മോഹനൻ നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്സ്യൽ വിഭാഗത്തിൽ ജയകുമാർ (കുമാർ നഴ്സറി, കൊല്ലം) ഒന്നാം സ്ഥാനത്ത് എത്തി. വൈശാഖ് (ആക്കുളം ഗ്രീൻ വാലി, ആക്കുളം) രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊച്ചുത്രേസി ജോസഫ് (ക്ലെയർ ഓർക്കിഡ്സ്, മാധവപുരം) മൂന്നാം സ്ഥാനവും നേടി.
വ്യത്യസ്തവും അപൂർവ്വവുമായ പൂക്കളുടെ ശേഖരം മേളയെ ആകർഷകമാക്കി. ഈ വർഷത്തെ പുഷ്പോത്സവം ക്യൂറേറ് ചെയ്തത് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആണ്. മത്സര വിഭാഗത്തിലെ ചെടികൾ ഉൾപ്പെടെ 50,000 ത്തിലധികം പൂച്ചെടികളും ഇത്തവണ പ്രദർശിപ്പിച്ചു. വിവിധ നഴ്സറികളുടെ സ്റ്റാളുകളിൽ നിന്ന് ചെടികൾ വാങ്ങാനുള്ള അവസരവും ലഭ്യമാക്കി.
വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിൽ ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. 'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി' എന്ന ആശയത്തിലാണ് ഇത് ഒരുക്കിയത്. ഇതിൻറെ ഭാഗമായുള്ള ലൈറ്റ് ഷോയും വിസ്മയക്കാഴ്ചയായി. വ്യത്യസ്ത മേഖലകളിലൂടെ സന്ദർശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികൾ ഉൾക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദർശനത്തിൻറെ ഭാഗമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.