- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിൽ (കെഎംബി) പാവകളിയിലെ കൗതുകങ്ങളും സാധ്യതകളും പരിചയപ്പെടുത്തി പ്രശസ്ത പാവക്കൂത്ത് കലാകാരി അനുരൂപ റോയ്. ബിനാലെയുടെ ആറാം പതിപ്പിന്റെ ഭാഗമായി ഫോർട്ട് കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയൻ ആർട്ട് റൂമിലാണ് പാവക്കൂത്ത് ശിൽപ്പശാല നടന്നത്.
സമൂഹത്തിലെ വ്യത്യസ്ത തുറകളിൽ നിന്നുള്ളവരും വിവിധ പ്രായത്തിലുള്ളവരുമായ 26 പേർ ശിൽപ്പശാലയിൽ പങ്കെടുത്തു. പാവകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ആനിമേറ്റ് ചെയ്യുന്നതിലും പരിശീലനം നേടിയ അവർ ബിനാലെയിലെ അവതണത്തിന്റെ ഭാഗമാകുകയും ചെയ്തു.
പ്രണയം, സൗഹൃദം, പങ്കിടൽ, കരുതൽ, സ്വാതന്ത്ര്യം, നിയന്ത്രണങ്ങൾ, പരദൂഷണം, പ്രകോപനം, പ്രകൃതി സ്നേഹം തുടങ്ങിയ ലളിതവും ചിന്തോദ്ദീപകവുമായ വിഷയങ്ങൾ ശിൽപ്പശാലയിൽ അവതരിപ്പിച്ചു. പാവയുടെ മുഖഭാവം, ശരീര ഭാഷ, പുരികങ്ങളുടെയോ മീശയുടെയോ വിറയൽ, പുഞ്ചിരി തുടങ്ങിയവ വിരലുകളുടെ ചലനത്തിലൂടെ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി.
ന്യൂഡൽഹി സ്വദേശിയായ അനുരൂപയ്ക്ക് ആറ് വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് പാവകളോടുള്ള ഇഷ്ടം. മുത്തശ്ശി ഒരു പാവ നിർമ്മാതാവായിരുന്നു. നൂൽ നൂൽക്കുന്നതിലുള്ള വൈദഗ്ദ്ധ്യം 1998 ൽ കട്കത പപ്പറ്റ് ആർട്സ് ട്രസ്റ്റ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.
ഗ്ലൗ പപ്പെട്രി അത്ര എളുപ്പമല്ലെന്നും ശിൽപ്പശാല മികച്ച അനുഭവമായിരുന്നുവെന്നും അനുരൂപ പറഞ്ഞു. കട്കത പപ്പറ്റ് ആർട്സ് ഒരു ടൂറിംഗ് പാവനാടക കമ്പനിയാണ്. മുഴുവൻ സമയ പാവകളിക്കാരായ എട്ടു പേരുൾപ്പെടെയുള്ള സംഘമാണിത്. ചിലർ കുട്ടികളുടെയും മറ്റുള്ളവർ മുതിർന്നവരുടെയും പാവനാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിശീലനമാണ് പാവകളിയിലെ പ്രധാന ഘടകം. പാവകളി സാങ്കേതിക വിദ്യകളിൽ ആളുകളെ പരിശീലിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒരു മാസ്റ്റർ ക്ലാസ് നടത്തുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പരിശീലനം നടത്തുന്ന ഒരു ഇൻകുബേഷൻ ലാബും ഞങ്ങൾക്കുണ്ട്. ഒടുവിൽ നടന്ന പരിശീലന പരിപാടിയിൽ തുർക്കി, വെനസ്വേല, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പാവക്കൂത്തുകാർ ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കട്കത ഒരു പാവകളി ഷോ സൃഷ്ടിക്കാൻ കുറഞ്ഞത് ഒരു വർഷമെടുക്കും. അഗത ക്രിസ്റ്റിയുടെ ആന്റ് ദെൻ ദേർ വേർ നോൺ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള 'ഓറഞ്ച്സ് ജ്യൂസ്' ആണ് അവരുടെ ഏറ്റവും പുതിയ പാവനാടകം. ഈ മാസം നടക്കുന്ന ഷിക്കാഗോ ഇന്റർനാഷണൽ പപ്പറ്റ് തിയേറ്റർ ഫെസ്റ്റിവലിനും മാർച്ചിൽ നടക്കുന്ന ക്യൂബെക്ക് ഫെസ്റ്റിവെലിനും വേണ്ടി കട്കത ഒരുങ്ങുകയാണ്. ബൺറാക്കു (ജപ്പാന്റെ പരമ്പരാഗത പാവക്കൂത്ത് തിയേറ്റർ) പരിശീലനങ്ങൾക്ക് പുറമേ റോഡ് പപ്പറ്റ്, സ്ട്രിംഗ് അല്ലെങ്കിൽ മാരിയോനെറ്റ്, വിവിധ വലുപ്പത്തിലുള്ള ഷാഡോ പപ്പറ്റ് എന്നിവയും കട്കതയിൽ ഉൾപ്പെടുന്നു.
പാവക്കൂത്ത് അവിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത ഒരു തരം വിശ്വാസമാണെന്ന് ആല സെന്റർ ഫോർ കൾച്ചർ ആൻഡ് ആൾട്ടർനേറ്റിവ് എജ്യുക്കേഷൻ സ്ഥാപകൻ മനു ജോസ് പറഞ്ഞു. ആളുകൾക്ക് ഒരു നടനിൽ വിശ്വാസമുണ്ട്. പക്ഷേ ഒരു രൂപകൽപന ചെയ്ത ആനിമേറ്റഡ് രൂപത്തിൽ താത്പര്യമുണ്ടാക്കുന്നത് നിങ്ങളിലെ കുട്ടിയെ ഉണർത്തുന്നതിനുള്ള മാർഗമാണ്. അതുകൊണ്ടുതന്നെ ഈ പരിപാടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനു ജോസിന്റെ മകൻ ഇസാദ് ഔപചാരിക സ്കൂൾ വിദ്യാർത്ഥിയല്ല. ആലയിൽ നിന്നും പ്രകൃതിയിൽ നിന്നും ചുറ്റുമുള്ള കാര്യങ്ങളിൽ നിന്നുമാണ് അവൻ എല്ലാം പഠിക്കുന്നത്. ശിൽപ്പശാല നല്ല അനുഭവമായിരുന്നുവെന്ന് ഇസാദ് പറഞ്ഞു. പാവനിർമ്മാണം എളുപ്പമായിരുന്നുവെങ്കിലും പാവകളെ അഭിനയിപ്പിക്കുമ്പോൾ വിരലുകളും കൈകളും നേരായ ദിശയിൽ ചലിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ഇസാദ് പറഞ്ഞു.
ഔപചാരിക സ്കൂൾ വിദ്യാർത്ഥിനിയല്ലാത്ത ബാലസരസ്വതി ഇസാദിനോട് യോജിച്ചു. തെർമോക്കോളിൽ നിന്ന് പാവകളെ ഉണ്ടാക്കുകയും അതിൽ പേപ്പിയർ-മാഷെ ഉപയോഗിച്ച് പാളികൾ വരച്ച് നിറം നൽകുകയും ചെയ്തുവെന്ന് ബാലസരസ്വതി കൂട്ടിച്ചേർത്തു.
ശിൽപ്പശാല രസകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്ന് നാടക കലാകാരനായ അജിത്ലാൽ ശിവ്ലാൽ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവിൽ നിന്നുള്ള ജനറൽ ഫിസിഷ്യൻ പ്രിയങ്ക ഗാർഗിന് ഇത് മൂന്നാമത്തെ എബിസി വർക്ക്ഷോപ്പായിരുന്നു. പാവ നിർമ്മാണത്തിൽ ആദ്യം ധാരണയില്ലായിരുന്നുവെന്നും പരിശീലനവും ധൈര്യവും കൊണ്ട് പിന്നീട് നന്നായി ചെയ്യാനായെന്നും പ്രിയങ്ക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.