- Trending Now:
തിരുവനന്തപുരം: ഓണത്തിൻറെ ആഘോഷത്തിമിർപ്പിനൊപ്പം കേരളത്തിൻറെ തനത് കലാപാരമ്പര്യത്തിന് പുതുജീവൻ പകരുകയാണ് ഓണം ടൂറിസം വാരാഘോഷം. തലമുറകളിലൂടെ കൈമാറിയ കേരളത്തിൻറെ സംസ്കാരം പേറുന്ന കലാരൂപങ്ങൾക്ക് ഇത്തവണ വലിയ വേദികളും നിറയെ പ്രേക്ഷകരുമാണുള്ളത്.
ഓഗസ്റ്റ് 24 മുതൽ ആരംഭിച്ച് ഇന്ന് (30) അവസാനിക്കുന്ന ടൂറിസം വാരാഘോഷത്തിൻറെ പ്രധാന വേദിയായ നിശാഗന്ധിയിൽ എല്ലാ ദിവസവും പരമ്പരാഗത കലാരൂപങ്ങളുടെ അവതരണമുണ്ട്. ടൂറിസം, സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥിൻറെ ആശയമായിരുന്നു ഇത്.
തോൽപ്പാവക്കൂത്ത്, പടയണി, അർജുന നൃത്തം, പൂതനും തിറയും, തെയ്യം, ഓട്ടം തുള്ളൽ, സർപ്പപ്പാട്ട്, ദഫ് മുട്ട്, മുടിയേറ്റ്, ഒപ്പന തുടങ്ങി നിരവധി പരമ്പരാഗത കലാരൂപങ്ങളാണ് ഇത്തവണ ആഘോഷവേദികളിൽ നിറയുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് രണ്ടോ മൂന്നോ വ്യത്യസ്തതയാർന്ന തനത് കലാരൂപങ്ങളുണ്ട്. പുരാണം, ചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കഥകളാണ് ഇവയ്ക്കുള്ളത്. പാരമ്പര്യ സംഗീതം, കല, വേഷം, അവതരണം എന്നിവയുടെ മനോഹര സമന്വയമായ ഈ ഓരോ കലാരൂപങ്ങളും ചരിത്രവും പാരമ്പര്യവുമായി ഇഴചേർന്നവയാണെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
കേരളത്തിൻറെ സാംസ്കാരിക ടൂറിസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുകയും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗത കലകൾക്ക് ഓണം വാരാഘോഷത്തിൽ പ്രാധാന്യം നൽകിയതിനെ പത്മശ്രീ പുരസ്കാര ജേതാവും തോൽപ്പാവക്കൂത്ത് കലാകാരനുമായ രാമചന്ദ്ര പുലവർ സ്വാഗതം ചെയ്തു. ഇത്തരം കലകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വലിയ വേദികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിശാഗന്ധിയിൽ മാവേലി ചരിതം തോൽപ്പാവക്കൂത്ത് അവതരിപ്പിച്ച പുലവർ, കാലത്തിനനുസരിച്ച് കലാരൂപങ്ങളിൽ പുത്തൻ ആശയങ്ങൾ ഉൾപ്പെടുത്തണമെന്നും പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നും പറഞ്ഞു.
ഭാഷ ഇപ്പോൾ തടസ്സമല്ലെന്നും ഗൂഗിൾ ട്രാൻസ്ലേറ്റ്, ചാറ്റ് ജിപിടി തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരമ്പരാഗത കലകളെക്കുറിച്ച് വിവിധ ഭാഷകളിലുള്ളവർക്ക് മനസിലാക്കിക്കൊടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മഹാബലി, യേശുക്രിസ്തു, കേരളത്തിൻറെ ഉത്ഭവം തുടങ്ങി വൈവിധ്യമാർന്ന പ്രമേയങ്ങളിൽ താൻ നടത്തിയ പരീക്ഷണങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. പരമ്പരാഗത കലകളെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പുതിയ ആഖ്യാനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ചലച്ചിത്രകാരൻ ജി.അരവിന്ദൻ തൻറെ വീട്ടിലെത്തിയ സംഭവം പുലവർ അനുസ്മരിച്ചു. വീട്ടിലുണ്ടായിരുന്ന ഗംഗാലക്ഷ്മി ദേവിയുടെ പാവ അരവിന്ദനെ ആകർഷിക്കുകയും പിന്നീടത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ശ്രദ്ധേയമായ ലോഗോ രൂപപ്പെടുത്തുന്നതിന് പ്രചോദനമാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പാലക്കാട്-മലപ്പുറം മേഖലയിൽ ഉത്ഭവിച്ച തനത് നാടൻ കലാരൂപമായ പൂതനും തിറയും കലാകാരനായ കെ.എം ഉണ്ണികൃഷ്ണനും പരമ്പരാഗത കലാപൂരങ്ങൾക്ക് വലിയ സാംസ്കാരിക, സാമൂഹിക പ്രാധാന്യമുണ്ടെന്നും അവ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.
എട്ടാം വയസിൽ ഈ കലാരൂപം അഭ്യസിക്കാൻ തുടങ്ങിയ 72 കാരനായ ഉണ്ണികൃഷ്ണൻ ഇപ്പോൾ രാമൻ സ്മാരക തിറ പൂതന സംഘം നടത്തി വരികയാണ്. ഓണം പോലുള്ള ആഘോഷങ്ങൾക്കായി ലഭിക്കുന്ന വേദികൾ ഇത്തരം കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും അവ അവതരിപ്പിക്കുന്ന കലാകാരൻമാരുടെ ജീവിതം നിലനിർത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പടയണി അവതരണത്തിലൂടെ ഏകദേശം ഇരുപതോളം കലാകാരൻമാർക്ക് പ്രയോജനമുണ്ടാകുമെന്ന് പടയണി കലാകാരനായ ബി. സുരേഷ് കുമാർ പറയുന്നു. ഓരോ പരമ്പരാഗത കലാരൂപവും അതത് മേഖലയിൽ വൈദഗ്ധ്യം നേടിയ കലാകാരൻമാരുടെ കഴിവിൻറെ ഫലമാണ്. ഓണം പോലുള്ള ആഘോഷങ്ങളിൽ തങ്ങൾക്ക് വേദി ലഭിക്കുന്നതിലൂടെ ഉപജീവനം കണ്ടെത്താനും പാരമ്പര്യ കലകളെ നിലനിർത്താനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
പാരമ്പരാഗത കലാരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്നതിനായി പ്രത്യേക ഉത്സവം സംഘടിപ്പിക്കണമെന്നും അത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന നിർദേശം സുരേഷ് കുമാർ മുന്നോട്ടുവച്ചു. സാംസ്കാരിക വകുപ്പിൻറെ നേതൃത്വത്തിൽ വിവിധ പരമ്പരാഗത കലാകാരൻമാരെ ഒരുമിച്ചിരുത്തി അവയുടെ സാധ്യതകൾ ചർച്ച ചെയ്യുന്നത് പുതിയ ആശയങ്ങൾ കണ്ടെത്താൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻറെ പാരമ്പര്യ കലകൾ സംരക്ഷിക്കുന്നതിന് കേരള ഫോക് ലോർ അക്കാദമിക്ക് സർക്കാർ കൂടുതൽ ബജറ്റ് അനുവദിക്കണമെന്ന് അർജുന നൃത്തം കലാകാരനായ കുറിച്ചി നടേശൻ പറഞ്ഞു.
ആഘോഷവേദികളിൽ ഉയരുന്ന കേരളത്തിൻറെ തനത് കലകളുടെ താളം കൂടുതൽ വേദികളിലേക്ക് പകരട്ടെയെന്ന പ്രതീക്ഷയിലാണ് കലാകാരൻമാർ. പാരമ്പര്യവും പുതുമയും കൈകോർക്കുന്ന ഇത്തരം വേദികൾ കലാരൂപങ്ങളുടെ നിലനിൽപ്പിനും ടൂറിസത്തിൻറെ വളർച്ചയ്ക്കും കരുത്താകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.