Sections

എരവത്തുകുന്ന് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപയുടെ അനുമതി

Sunday, Nov 09, 2025
Reported By Admin
Kerala Tourism Approves ₹4 Crore for Eravathukunnu Project

  • കോഴിക്കോട് നഗരത്തിന്റെ ഹരിത ഹൃദയം ഇനി കൂടുതൽ ആകർഷകം

കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിലെ എരവത്തുകുന്ന് ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് നാല് കോടി രൂപ അനുവദിച്ചു. നവകേരള സദസിൽ നിന്നുയർന്ന നിർദ്ദേശപ്രകാരമാണ് പദ്ധതിക്കായി തുക അനുവദിച്ചത്.

കോഴിക്കോട് നഗരത്തിന്റെ തിരക്കിനിടയിൽ പച്ചപ്പിന്റെ നനുത്ത അന്തരീക്ഷം സമ്മാനിക്കുന്ന എരവത്തുകുന്ന് നഗരത്തിലെ മരുപ്പച്ചയായാണ് അറിയപ്പെടുന്നത്. ഇത് ടൂറിസ്റ്റുകൾക്കും കുടുംബസമേതമുള്ള ഉല്ലാസത്തിനും ഏറ്റവും ഫലപ്രദമായി ചിലവഴിക്കാൻ പറ്റിയ ഇടമാണെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

പരമാവധി വിനോദഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി സ്ഥിരതയുള്ള വികസനം എന്നത് ഏറെക്കാലമായി ഈ സ്ഥലത്ത് ഉയർന്നുവന്നിരുന്ന ആവശ്യമായിരുന്നു. അതുവഴി പ്രദേശത്തിന്റെ പൈതൃകസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും ഈ പദ്ധതി ഗുണകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി മനോഹരമായ പ്രവേശന കവാടം, പരിസര മതിൽ, വേലി, സംരക്ഷണ ഭിത്തി, ഇരുവശങ്ങളിലും ഇരിപ്പിടങ്ങളോടു കൂടിയ നടപ്പാതകൾ, ലാൻസ്കേപ്പിംഗ്, ആധുനിക ഉപകരണങ്ങളോടു കൂടിയ വർക്ക്ഔട്ട് ഏരിയ, സ്റ്റീൽ പാലം, മൂവബിൾ ഫോട്ടോഫ്രെയിം, ഓപ്പൺ സ്റ്റേജ്, വാച്ച് ടവർ, കഫെറ്റീരിയ എന്നിവയുടെ നവീകരണം നടപ്പാക്കും.

ടൂറിസം വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് സാങ്ക്ഷൻ കമ്മിറ്റിയാണ് പദ്ധതി സംബന്ധിച്ച വിശദമായ അവലോകനം നടത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.