Sections

ബ്രാൻഡ് ആശയത്തിനപ്പുറത്തേക്ക് കേരള ടൂറിസം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിഷൻ 2031 സെമിനാറിൽ വിദഗ്ധർ

Sunday, Oct 26, 2025
Reported By Admin
AI and Innovation to Shape Kerala Tourism Vision 2031

ഇടുക്കി: സഞ്ചാരികൾക്ക് ആഴത്തിലുള്ള അനുഭവം നൽകുന്നതിന് നിർമിതബുദ്ധി, ഡാറ്റ അനലിറ്റിക്സ് എന്നിവ പ്രയോജനപ്പെടുത്തി നവീകരിച്ച ഉൽപ്പന്നങ്ങളിലൂടെ കേരള ടൂറിസം പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് വിദഗ്ധർ. കുട്ടിക്കാനത്ത് കേരള ടൂറിസം സംഘടിപ്പിച്ച വിഷൻ 2031 സെമിനാറിലാണ് ഈ അഭിപ്രായമുയർന്നത്. കേരള ടൂറിസം ഇന്നത്തെ മത്സരാധിഷ്ഠിത സാഹചര്യത്തിനൊത്ത് മുന്നേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രഭാഷകർ പറഞ്ഞു.

ഡെസ്റ്റിനേഷൻ വെഡ്ഡിങ്, മൈസ് (മീറ്റിംഗുകൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) പോലുള്ള പ്രത്യേക വിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും കേരള ടൂറിസം ഇതിനകം തന്നെ നൂതനമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് 'ആഗോള ടൂറിസത്തിലെ പ്രവണതകളും അവസരങ്ങളും-മാർക്കറ്റിംഗും ബ്രാൻഡിംഗും' എന്ന വിഷയത്തിൽ നടന്ന സെഷൻ മോഡറേറ്റ് ചെയ്ത ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു വിനോദ സഞ്ചാരികളും ആതിഥേയരും ശുചിത്വത്തിന്റെയും സുസ്ഥിരതയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പ്രധാനമാണ്. നഗരങ്ങളെയും ഗ്രാമങ്ങളെയും ബ്രാൻഡ് ചെയ്യാനുള്ള കഴിവ് കേരള ടൂറിസത്തിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിദൂര സ്ഥലങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിന് ടൂറിസം പങ്കാളികൾ പ്രാദേശികമായ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫ്രഷ് മൈൻഡ് ഐഡിയാസ് സ്ഥാപകയും സിഇഒയുമായ അജയ് എസ് നായർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പ്രത്യേകതകൾ യാത്രികർക്ക് അറിയാൻ സഹായിക്കുന്നതിന് ഫ്ളൈറ്റ് മാഗസിനുകളുമായി ഭരണകൂടം ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ആയുർവേദ ടൂറിസം ഉയർന്ന നിലവാരമുള്ള ഉപഭോക്താക്കളെ ആകർഷിക്കാൻ കേരളം നൂതനമായ വഴികൾ തേടണമെന്ന് ക്രിയേറ്റീവ് ട്രാവൽ ജോയിന്റ് എംഡി രാജീവ് കോഹ്ലി പറഞ്ഞു.

പുറത്തുനിന്നുള്ള സന്ദർശകർക്ക് കേരളത്തിൽ ഒരു തദ്ദേശീയനെപ്പോലെ ദിവസങ്ങൾ ചെലവിടാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾ ആലോചിക്കണമെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ നഗരങ്ങളെ ബ്രാൻഡ് ചെയ്യുന്നതിനുള്ള വഴികൾ മുന്നോട്ടുവച്ച അഡ്വർടൈസിംഗ് ക്ലബ് ബാംഗ്ലൂർ പ്രസിഡന്റ് ലേഖ് അലി, അവയിൽ ഓരോന്നിനും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായ സ്വഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യൽ/ഇൻക്ലൂസീവ് ടൂറിസം/എക്സ്പീരിയൻഷ്യൽ ടൂറിസം/റീജനറേറ്റീവ് ടൂറിസം' എന്ന വിഷയത്തിൽ നടന്ന സെഷനിൽ കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റി സിഇഒ രൂപേഷ്കുമാർ കെ മോഡറേറ്ററായി. പ്രാദേശിക സമൂഹങ്ങളിൽ ഉത്തരവാദിത്ത ടൂറിസം കൊണ്ടുവന്ന സമഗ്രമായ മാറ്റങ്ങൾ വിശദീകരിച്ച അദ്ദേഹം സംസ്ഥാനത്തെ ആർടി മിഷൻ യൂണിറ്റുകളിൽ ഏകദേശം 70 ശതമാനവും സ്ത്രീകളാണ് നയിക്കുന്നതെന്ന് പറഞ്ഞു.

റിജനറേറ്റിവ് ടൂറിസത്തിൽ ഊന്നിയുള്ള ഫലപ്രദമായ ടൂറിസം ഡെസ്റ്റിനേഷനായി മാറാനുള്ള അടിത്തറയും സാമൂഹികപിന്തുണയും കേരളത്തിനുണ്ടെന്ന് ഐഐടിടിഎം നോയിഡയിലെയും ഐസിആർടി ഇന്ത്യയിലെയും അക്കാദമിഷ്യൻ അദിതി ചൗധരി പറഞ്ഞു.

ഇൻക്ലൂസിവ് ടൂറിസത്തെക്കുറിച്ച് സംസാരിച്ച യുഎൻ വനിതാ സംസ്ഥാന കോർഡിനേറ്റർ ഡോ. പീജ രാജൻ ടൂറിസം മേഖലയിൽ സുരക്ഷ, ലിംഗഭേദം, സ്ത്രീശാക്തീകരണം എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. സ്ത്രീകളുടെ വിജയഗാഥകൾ ഉൾക്കൊള്ളുന്ന പ്രൊമോഷണൽ ബ്രാൻഡിംഗ്, പ്രധാന സംരംഭങ്ങളുടെ നേതൃത്വത്തിൽ സ്ത്രീകളെ നിയോഗിക്കുക എന്നിവയ്ക്കൊപ്പം, ആർടിയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനുള്ള മാർഗങ്ങളും അവർ നിർദ്ദേശിച്ചു.

പ്രകൃതി, മനുഷ്യർ, ഹൗസ് ബോട്ടുകൾ, പ്രാദേശിക അനുഭവം തുടങ്ങിയ അതുല്യമായ ഉൽപ്പന്നങ്ങൾ അനുഭവ ടൂറിസത്തിൽ ഉൾപ്പെടുന്നുവെന്ന് സിജിഎച്ച് എർത്ത് വൈസ് പ്രസിഡന്റ് ശൈലേന്ദ്രൻ എൻ പറഞ്ഞു. സമൂഹത്തിന്റെ വിശ്വാസവും സഹകരണവും വളർത്തിയെടുക്കുന്നതിന് പ്രാദേശിക സമൂഹത്തെ പങ്കാളികളായി ഈ മേഖലയിലേക്ക് ആകർഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'ബിയോണ്ട് ഡിസൈൻ പോളിസി' എന്ന സെഷനിൽ, കെടിഐഎൽ എംഡി ഡോ. മനോജ് കുമാർ കെ, ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ വിനോദ് സിറിയക്, ഐഐഐഡി കേരള ചെയർപേഴ്സൺ ചിത്ര നായർ എന്നിവർ കാഴ്ചപ്പാടുകൾ പങ്കുവച്ചു. ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിന്റെ മുൻ ഡീൻ പ്രൊഫ. കെ.ടി രവീന്ദ്രൻ മോഡറേറ്ററായിരുന്നു.

'ടൂറിസം എഡ്യൂക്കേഷൻ ആൻഡ് സ്കില്ലിംഗ്-ദി വേ ഫോർവേഡ് ഇൻ ഡെവലപ്പിംഗ് ഹ്യൂമൻ ക്യാപിറ്റൽ ടൂറിസം ഫോർവേഡ് ഫോർ ഫ്യൂച്ചർ' എന്ന സെഷനിൽ ഐഐഎം സിർമൗറിലെ ടൂറിസം മാനേജ്മെന്റ് പ്രൊഫസർ ഡോ. ജിതേന്ദ്രൻ കൊക്രാണിക്കൽ, എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് മേധാവി ഡോ. ടോണി കെ. തോമസ്, ബോണ്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എംഡി ജാക്സൺ പീറ്റർ, അഡ്വഞ്ചേഴ്സ് സ്പോർട്സ് ടൂറിസം ഇൻസ്ട്രക്ടർ അമൃത് ജോസ് അപ്പാടൻ എന്നിവർ പാനലിസ്റ്റുകളായി. കിറ്റ്സ് ഡയറക്ടർ ഡോ. ദിലീപ് എം.ആർ. മോഡറേറ്ററായിരുന്നു.

'ടൂറിസം ഡിസൈനിംഗിലെ വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ നടന്ന സെഷനിൽ ജഡായു എർത്ത് സെന്ററിന്റെ ആർട്ട് ഡയറക്ടറും സ്ഥാപകനുമായ രാജീവ് അഞ്ചൽ, ന്യൂഡൽഹിയിലെ എൽഇഎ അസോസിയേറ്റ്സ് സൗത്ത് ഏഷ്യയിലെ പ്രിൻസിപ്പൽ അർബൻ ഡിസൈൻ കൺസൾട്ടന്റ് രാജേന്ദർ സിംഗ്, ഐഡിയ ഡിസൈൻസിന്റെ അർബൻ ഡിസൈനറും സ്ഥാപകയുമായ ബിലി മേനോൻ, എഇസിഒഎമ്മിലെ ബിൽഡിംഗ്സ് പ്ലേസസിന്റെ ടെക്നിക്കൽ ഡയറക്ടർ മോണിക്ക രാജീവ് നായർ എന്നിവർ പങ്കെടുത്തു. കെടിഐഎൽ എംഡി ഡോ. മനോജ് കുമാർ കെ. മോഡറേറ്ററായി.

'അതുല്യമായ അനുഭവത്തിനായി ടൂറിസത്തിൽ സാങ്കേതികവിദ്യയുടെ ഉൾപ്പെടുത്തലും ഉപയോഗവും' 'പൈതൃകസംസ്കാരആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകൾ', 'ടൂറിസം ബിസിനസ് ഇന്നൊവേഷനുകളും സാഹസിക ടൂറിസത്തിലെയും അനുബന്ധ ഉൽപ്പന്നങ്ങളിലെയും നിക്ഷേപവും' എന്നീ വിഷയങ്ങളിലും ചർച്ചകൾ നടന്നു.

സെമിനാറിൽ മുന്നോട്ടുവന്ന നിർദേശങ്ങൾ ക്രോഡീകരിച്ചുള്ള അവതരണം ടൂറിസം സെക്രട്ടറി കെ.ബിജു സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു. ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് നന്ദി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.