Sections

145 ഏക്കര്‍ ഭൂമിയില്‍ കേരള റബര്‍ ലിമിറ്റഡ്; മേയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്

Saturday, Dec 04, 2021
Reported By Ambu Senan
rubber

കേരളത്തെ ലാറ്റക്‌സ് ഹബ് ആക്കി മാറ്റാനുമാണു കേരള റബര്‍ കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്

 

കേരള റബര്‍ ലിമിറ്റഡ് അടുത്ത മേയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കമ്പനിയുടെ പ്രാരംഭ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

വെള്ളൂര്‍ എച്ച്എന്‍എല്‍, സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നല്‍കിയ കമ്പനിയാണ് കേരള റബര്‍ ലിമിറ്റഡ്. റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടും റബര്‍ വ്യവസായത്തിന് എല്ലാത്തരം സാങ്കേതിക പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചും രൂപം നല്‍കിയ കമ്പനി സിയാല്‍ മാതൃകയിലാണ് പ്രവര്‍ത്തിക്കുക. വെള്ളൂരിലെ 145 ഏക്കര്‍ ഭൂമി കിന്‍ഫ്ര റബര്‍ ലിമിറ്റഡിന് ഉടനെ കൈമാറും.

കമ്പനിയുടെ ഡിപിആര്‍ രണ്ടു മാസത്തിനുള്ളില്‍ തയാറാക്കും. സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഭൂരിപക്ഷ ഓഹരിയുടമാവകാശമുള്ള ഒന്നായിരിക്കും കമ്പനി. സ്വാഭാവിക റബറിന്റേയും വ്യാവസായികാടിസ്ഥാനത്തിലുള്ള റബര്‍ ഉല്‍പന്നങ്ങളുടേയും നിര്‍മ്മാണത്തിനും ഉല്‍പാദനത്തിനും ഏറ്റവും അനുയോജ്യമായ ഒന്നായി കമ്പനിയെ മാറ്റണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കൊച്ചി വിമാനത്താവളം (സിയാല്‍) മാതൃകയില്‍ റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപീകരിച്ച കേരള റബര്‍ ലിമിറ്റഡ് പദ്ധതിയില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന റബര്‍ ഇവിടെത്തന്നെ സംസ്‌കരിച്ച് ഉല്‍പന്നങ്ങളാക്കി മാറ്റാനും അതുവഴി തൊഴിലവസരങ്ങളും കൃഷിക്കാര്‍ക്കും വ്യവസായികള്‍ക്കും കൂടുതല്‍ വരുമാനവും ലഭ്യമാക്കാനാണു ശ്രമം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) കമ്പനിയില്‍ സര്‍ക്കാരിന് 26% ഓഹരിയുണ്ടാകും.

ഇന്ത്യയില്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന 7.5 ലക്ഷം ടണ്‍ റബറില്‍ 5.4 ലക്ഷം ടണ്ണും കേരളത്തിലാണ്. എന്നാല്‍ ഇതില്‍ 20% മാത്രമേ ഇവിടെ സംസ്‌കരിക്കുന്നുള്ളൂ. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി ഉല്‍പന്നങ്ങളാക്കി തിരികെ കേരളത്തിലെ വിപണിയിലെത്തുന്നു. 2030 ആകുമ്പോഴേക്കും 40% റബര്‍ ഇവിടെ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാനും കേരളത്തെ ലാറ്റക്‌സ് ഹബ് ആക്കി മാറ്റാനുമാണു കേരള റബര്‍ കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.