Sections

ഓണം ടൂറിസം വാരാഘോഷത്തിന് വർണാഭമായ ഘോഷയാത്രയോടെ സമാപനം

Monday, Aug 31, 2026
Reported By Admin
Kerala Onam Week Ends With Grand Procession in Thiruvananthapuram

  • ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു
  • കരുത്തും കരുതലും പൈതൃകവും ആവിഷ്കരിച്ച ടൂറിസത്തിൻറെയും ആർ ടി മിഷൻറെയും ഫ്ളോട്ടുകൾക്ക് നിറഞ്ഞ കയ്യടി

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് നിറപ്പകിട്ടാർന്ന ഘോഷയാത്രയോടെ സമാപനം. ഞായറാഴ്ച വൈകുന്നേരം ലോക്ഭവനു മുന്നിൽ ഒരുക്കിയ വേദിയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടൂറിസം, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, തൊഴിൽ, മൃഗസംരക്ഷണം, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, മേയർ വി.വി രാജേഷ് എന്നിവർ പങ്കെടുത്തു.

ചലച്ചിത്ര താരം ആസിഫ് അലിയുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പാളയത്തെ വിഐപി പവലിയനിൽ എത്തിയ താരം അവിടെയെത്തിയ ആരാധകരുമായി സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ലോക്ഭവനിൽ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിച്ചു. നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര കാണാൻ ഇരുവശങ്ങളിലും വൻ ജനാവലിയാണ് തടിച്ചുകൂടിയത്.

സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അനുഭവവേദിയെന്ന നിലയിലേക്ക് കേരള ടൂറിസം മാറുന്നതിൻറെ സന്ദേശം ഉൾക്കൊള്ളുന്ന ഘോഷയാത്രയ്ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. സ്ത്രീകൾക്കും ജെൻ സി തലമുറയ്ക്കുമുള്ള പ്രാധാന്യവും സഞ്ചാരികൾക്ക് കേരളം അനുഭവവേദ്യമാക്കുന്നതിനായി അടുത്തിടെ നടത്തിയ പരിശ്രമങ്ങളും ഫ്ളോട്ടുകളിൽ പ്രതിഫലിച്ചു.

സ്ത്രീകളുടെ കരുത്തും ശുചിത്വത്തിൻറെ കരുതലും പ്രകൃതിയുടെ സംരക്ഷണവും വിളിച്ചോതിയുളള കേരള ടൂറിസത്തിൻറെ ഫ്ളോട്ടിന് ഘോഷയാത്രയിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കേരളത്തിൻറെ പാരമ്പര്യവും, ശുചിത്വം എങ്ങനെയാണ് കരുതലാകുന്നതെന്നും മനോഹരമായ ദൃശ്യാവിഷ്കാരത്തിലുടെ ഫ്ളോട്ട് അവതരിപ്പിച്ചു. പച്ചപ്പും ജൈവവൈവിധ്യവും നിറഞ്ഞ കേരളത്തിൻറെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശവും ഫ്ളോട്ടിലുണ്ടായിരുന്നു.

'സ്ത്രീകളുടെ കരുത്തും ശുചിത്വത്തിൻറെ കരുതലും പ്രകൃതിയുടെ സംരക്ഷണം കേരള ടൂറിസം പുതുയുഗത്തിലേക്ക്' എന്നതായിരുന്നു കേരള ടൂറിസത്തിൻറെ ഫ്ളോട്ടിൻറെ പ്രമേയം. സ്ത്രീകൾ സമൂഹത്തിൻറെയും സമ്പദ് വ്യവസ്ഥയുടെയും ടൂറിസം മേഖലയുടെയും വളർച്ചയിൽ വഹിക്കുന്ന നിർണായക പങ്ക് ഫ്ളോട്ട് ഉയർത്തിക്കാട്ടി.

കേരളത്തിൻറെ ജലസമ്പത്തും ഗ്രാമീണ ജീവിതവും പ്രകൃതിയോട് ഇണങ്ങിയ ടൂറിസം സങ്കൽപ്പവും ഫ്ളോട്ടിൽ ഉൾക്കൊള്ളിച്ച വള്ളത്തിലൂടെ പ്രതിഫലിപ്പിക്കുന്നു. പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചും മുന്നേറുന്ന യാത്രയുടെ പ്രതീകമായാണ് വള്ളത്തെ അവതരിപ്പിച്ചത്. സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയും പരിസ്ഥിതിയെ കാത്തുസൂക്ഷിച്ചും പ്രാദേശിക ജീവിതത്തെയും പ്രകൃതിയെയും ചേർത്തുനിർത്തിയുമുള്ള കേരള ടൂറിസത്തിൻറെ മാതൃകയാണ് ഫ്ളോട്ട് മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിൻറെ ഗ്രാമീണ ജീവിതവും പൈതൃകവും പരമ്പരാഗത തൊഴിലുകളും ലോകത്തിന് പരിചയപ്പെടുത്തിയുള്ള കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ (ആർ ടി മിഷൻ) ഫ്ളോട്ടും കാണികളുടെ മനം കവർന്നു. ആർ ടി മിഷൻ അവതരിപ്പിച്ച 'കം ആൻഡ് എക്സ്പീരിയൻസ് കേരളം വില്ലേജസ്' എന്ന ഫ്ളോട്ട് ആവേശത്തോടെയാണ് നഗരവീഥികളിൽ കാത്തുനിന്ന കാണികൾ സ്വീകരിച്ചത്.

കേരളീയ വാസ്തുവിദ്യയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത വീടിൻറെ മാതൃകയിലാണ് ഫ്ളോട്ട് ഒരുക്കിയത്. വീടിനുള്ളിൽ രണ്ട് പരമ്പരാഗത നെയ്ത്തുകാർ തത്സമയം ജോലികൾ ചെയ്യുന്നത് അവതരിപ്പിച്ചതാണ് ഫ്ളോട്ടിനെ ഏറ്റവുമധികം ആകർഷണീയമാക്കിയത്.

കേരളത്തിൻറെ ഗ്രാമങ്ങളാണ് സംസ്ഥാനത്തിൻറെ യഥാർത്ഥ സാംസ്കാരിക സമ്പത്ത്. ആധുനിക ജീവിതത്തിൻറെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണ തനിമയും ജീവിത രീതികളും അടുത്തറിയാൻ കാണികൾക്ക് അവസരമൊരുക്കിയതിനൊപ്പം പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യവും എടുത്തുകാണിക്കുന്നതായിരുന്നു ഫ്ളോട്ട്.

ജമ്മു കാശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ ഘോഷയാത്രയുടെ പൊലിമയ്ക്ക് മാറ്റുകൂട്ടി. ചെണ്ടമേളം, പുലികളി, കഥകളി രൂപം, മാവേലി രഥം, വനിത ശിങ്കാരി മേളം, വേലകളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം, കരടി കളി, ചിത്രശലഭം ഡാൻഡ്, കളരി, വനിതാ കോൽക്കളി, നാഗനൃത്തം, നെറ്റിപ്പട്ട വെഞ്ചാമര ഡാൻഡ്, കൈ കൊട്ടിക്കളി, കുരുത്തോല തെയ്യം, മയൂര നൃത്തം, പള്ളിവാൾ, കോത മൂരിയാട്ടം തുടങ്ങി വൈവിധ്യപൂർവ്വമായ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.

കേരളത്തിൻറെ വളർച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇൻസ്റ്റലേഷനുകളും വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ജില്ലകളിലും വൻ വിജയമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ 35 വേദികളിലായി 3,000 ത്തിലധികം കലാകാരൻമാരാണ് അണിനിരന്നത്. സംസ്ഥാനത്തൊട്ടാകെ 100 ലധികം വേദികളിലായി നടന്ന 170 ലേറെ പരിപാടികളിൽ 8,000 ത്തിലേറെ കലാകാരൻമാർ പങ്കെടുത്തു.

പടയണി, തെയ്യം, മുടിയേറ്റ്, തോൽപാവക്കൂത്ത്, അർജുന നൃത്തം, തിറ തുടങ്ങി കേരളത്തിൻറെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണവും ജനശ്രദ്ധ നേടി. ഇത്തവണ ആദ്യമായി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളം ഉൾപ്പെടെ കൂടുതൽ വേദികൾ ആഘോഷത്തിനായി ഒരുക്കിയിരുന്നു. വ്യത്യസ്ത പ്രദേശങ്ങളിലെ തനത് രുചികൾ വിളമ്പുന്ന ഭക്ഷണശാലകളും കനകക്കുന്നിൽ ഒരുക്കിയ വ്യാപാര മേളയും പ്രദർശനവും ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.