Sections

2026 - ലെ ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ഉപഭോക്തൃ കാര്യ വകുപ്പ്

Monday, Aug 31, 2026
Reported By Admin
India Standard Time Rules 2026: One Nation, One Time

'ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) ചട്ടങ്ങൾ, 2026' ഉപഭോക്തൃകാര്യ വകുപ്പ് 2026 ഓഗസ്റ്റ് 27-ന് വിജ്ഞാപനം ചെയ്തു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.

നിയമപരവും ഭരണപരവും വാണിജ്യപരവും മറ്റ് ഔദ്യോഗികവുമായ ആവശ്യങ്ങൾക്ക് രാജ്യത്തുടനീളം പൊതു സമയ സൂചികയായി ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐഎസ്ടി) ഉപയോഗിക്കണമെന്ന് ഈ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി ഗവൺമെന്റ് വകുപ്പുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവരുടെ പ്രവർത്തന സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ 180 ദിവസത്തെ സാവകാശം ലഭിക്കും.

ഡിജിറ്റൽ-സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനങ്ങളുടെ ഉപയോഗം ഉയർന്നതോടെ രാജ്യത്തുടനീളം പൊതു സമയ സൂചികയുടെ ആവശ്യകത വർധിച്ചിരിക്കുകയാണ്. ബാങ്കിങ്, ഡിജിറ്റൽ പണമിടപാടുകൾ, ടെലികമ്യൂണിക്കേഷൻസ്, റെയിൽവേ, വൈദ്യുതി വിതരണ ശൃംഖലകൾ, കംപ്യൂട്ടർ നെറ്റ്വർക്കുകൾ, ഗവൺമെന്റ് രേഖകൾ എന്നിവയെല്ലാം കൃത്യമായ സമയത്തെയും സമയമുദ്രകളെയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വിവിധ സ്രോതസ്സുകളിലെ സമയ വ്യത്യാസങ്ങൾ ഇത്തരം പ്രവർത്തനങ്ങളുടെ ഏകോപനത്തെയും രേഖപ്പെടുത്തലുകളെയും പ്രതികൂലമായി ബാധിച്ചേക്കാം. രാജ്യത്തെ സുപ്രധാന സംവിധാനങ്ങളെല്ലാം കൃത്യവും ഏകീകൃതവുമായ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നു.

പൊതു സമയ സൂചിക താഴെ നൽകിയിരിക്കുന്ന സേവനങ്ങൾക്ക് പിന്തുണയേകും:

  • ബാങ്കിങ്, ഡിജിറ്റൽ പണമിടപാടുകൾ എന്നിവയിൽ കൃത്യമായി സമയം രേഖപ്പെടുത്തുന്നത് ഉറപ്പാക്കൽ.
  • റെയിൽവേ, വിമാനത്താവളങ്ങൾ, മറ്റ് ഗതാഗത സംവിധാനങ്ങൾ എന്നിവയുടെ മികച്ച ഏകോപനം.
  • ടെലികമ്യൂണിക്കേഷൻ, ഇന്റർനെറ്റ് ശൃംഖലകളുടെ വിശ്വസനീയ പ്രവർത്തനം.
  • വൈദ്യുതി വിതരണ സംവിധാനങ്ങളിലെ കൃത്യമായ സമയപാലനം.
  • ഔദ്യോഗിക-നിയമ രേഖകളുടെ കൃത്യമായ സൂക്ഷിപ്പ്.
  • അടിയന്തര സേവനങ്ങളുടെയും മറ്റ് സമയബന്ധിത സേവനങ്ങളുടെയും കൃത്യമായ ഏകോപനം.

തദ്ദേശീയ സമയ സ്രോതസ്സുകളുടെ ഉപയോഗം

ഇന്ത്യൻ സ്ഥാപനങ്ങളിലൂടെയും ലീഗൽ മെട്രോളജി ലബോറട്ടറികളിലൂടെയും രാജ്യത്തുടനീളം കൃത്യമായ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വ്യാപിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഗവൺമെന്റ് വികസിപ്പിച്ചുവരികയാണ്. വിശ്വസനീയവും സുരക്ഷിതവുമായ സമയ വിവര കൈമാറ്റത്തിന് ഇന്ത്യയുടെ നാവിഗേഷൻ ഉപഗ്രഹ സംവിധാനമായ നാവിക്, മറ്റ് അംഗീകൃത ഇന്ത്യൻ സമയ സ്രോതസ്സുകൾ എന്നിവയുടെ ഉപയോഗവും പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ പല സുപ്രധാന സംവിധാനങ്ങളും വിദേശ ഉപഗ്രഹാധിഷ്ഠിത സമയ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. തദ്ദേശീയ സമയ സമന്വയ സംവിധാനം വികസിപ്പിക്കുന്നതിലൂടെ നിർണായക മേഖലകൾക്ക് പുതിയ മാർഗങ്ങൾ ലഭ്യമാകുകയും വിദേശ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

'വൈറ്റ് റാബിറ്റ്' സാങ്കേതികവിദ്യാ പ്രദർശനം

'ഒരു രാജ്യം, ഒരു സമയം' സംരംഭത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ മേഖലാ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറിയിൽ (ആർആർഎസ്എൽ) 'വൈറ്റ് റാബിറ്റ്' സാങ്കേതികവിദ്യയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം സമന്വയ ശൃംഖല 2026 ജൂലൈയിൽ കമ്മീഷൻ ചെയ്തിരുന്നു.

ബാങ്കിങ്, ടെലികമ്യൂണിക്കേഷൻ, ഊർജം, ഗതാഗതം, ഡിജിറ്റൽ ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം എങ്ങനെ കൃത്യമായി നൽകാമെന്ന് ഈ സംവിധാനം വിജയകരമായി പ്രദർശിപ്പിച്ചു. സിഎസ്ഐആർ-എൻപിഎൽ, ഐഎസ്ആർഒ, സെബി, എൻഎസ്ഇ, ബിഎസ്എൻഎൽ തുടങ്ങിയ പങ്കാളികളുമായി സഹകരിച്ച് ബെംഗളൂരു ആർആർഎസ്എല്ലിനും ചെന്നൈ എൻഎസ്ഇയ്ക്കും ഇടയിൽ സുരക്ഷിത ഐഎസ്ടി സമയ വിവര കൈമാറ്റവും ഉപഭോക്തൃ കാര്യ വകുപ്പ് വിജയകരമായി പരീക്ഷിച്ചു.

ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള 180 ദിവസത്തെ സാവകാശം നിലവിലെ സംവിധാനങ്ങൾ പുനഃപരിശോധിക്കാനും ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്താനും നടപ്പാക്കാൻ തയ്യാറെടുക്കാനും പങ്കാളികൾക്ക് സഹായകമാകും. രാജ്യത്തെ സമയബന്ധിത സംവിധാനങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും പൊതു ഏകീകൃത സമയ സൂചിക ഉറപ്പാക്കാൻ '2026-ലെ ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) ചട്ടങ്ങൾ' വഴിയൊരുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.