Sections

സുഭിക്ഷ കേരളം; വീട്ടുമുറ്റത്ത് പടുതാക്കുളം ഒരുക്കാം സഹായിക്കാന്‍ സര്‍ക്കാരുണ്ട്‌ | Kerala government support Paduthakkulam

Sunday, Jul 10, 2022
Reported By admin
agricultural

ആസാം വാള,വരാല്‍ എന്നി മത്സ്യങ്ങളാണ് പടുതാക്കുളം കൃഷിയ്ക്ക് അനുയോജ്യം.ആയിരം കുഞ്ഞുങ്ങളെ(8സെമി വലുപ്പമുള്ള) ഒരു കുളത്തില്‍ നിക്ഷേപിക്കാം.

 

കേരളത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന വലിയ വിഭാഗം ജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം.ഇതിലൂടെ വീട്ടുവളപ്പില്‍ പടുതാക്കുളത്തിലെ മത്സ്യകൃഷിയും അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ മത്സ്യം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നത് ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്.

കേരളത്തിന്റെ ആകെ ഉള്‍നാടന്‍ മത്സ്യോല്പാദനത്തില്‍ വലിയ ഉണര്‍വ് സമ്മാനിച്ചു കൊണ്ട് ഗ്രാമീണ മേഖലകളിലേക്ക് വരെ പ്രചാരം ലഭിക്കുന്ന പദ്ധതിയാണ് പടുതാക്കുളം.സ്വന്തമായി ജലാശയം ഇല്ലാത്തവര്‍ക്കും മത്സ്യകൃഷി ചെയ്യാന്‍ ഇതിലൂടെ സാധിക്കും. വീട്ടുവളപ്പിലോ, പിന്നാമ്പുറത്തോ രണ്ട് സെന്റ് വീതംവരുന്ന കുഴികള്‍ കുഴിച്ച് പടുത വിരിച്ച് വെള്ളം നിറച്ച് മത്സ്യകൃഷി ചെയ്യുന്നു.

വിഷരഹിതമായ മത്സ്യം പ്രാദേശികമായി ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.ചെറിയ തോതില്‍ മത്സ്യകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അയല്‍ക്കൂട്ടം,സ്വയംസഹായ സംഘം, കര്‍ഷകര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ ഗുണഭോക്താക്കളാകാം.ജലലഭ്യച ഉള്ള രണ്ട് സെന്റ് ഭൂമി അപേക്ഷകര്‍ക്ക് സ്വന്തമായോ,മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പാട്ടവ്യവസ്ഥ പ്രകാരമോ ഉണ്ടായിരിക്കണം.ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ മുഖേന അപേക്ഷ ക്ഷണിക്കേണ്ടതാണ്.തദ്ദേശ സ്ഥാപനത്തിന്റെ പ്രതിനിധി ചെയര്‍മാനും,കൃഷി വകുപ്പ്,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായ ഒരു സമിതി അപേക്ഷകരുടെ സ്ഥലപരിശോധന നടത്തി അനുയോജ്യമെന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കളെ ശുപാര്‍ശ ചെയ്ത് ഗുണഭോക്ത്യ സാധ്യത പട്ടിക തയ്യാറാക്കുന്നു.


ഫിഷറീസ് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഗുണഭോക്താവുമായി കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്.ഗുണഭോക്താക്കള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം സംഘടിപ്പിക്കുകയും പദ്ധതി സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും.പടുതാകുളത്തിലെ മത്സ്യകൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായം ഫിഷറീസ് വകുപ്പ് തന്നെ നല്‍കും.

80 ചതുരശ്ര മീ വിസ്തീര്‍ണമുള്ള 50 സെമി ആഴത്തില്‍ കുഴിയെത്തുന്ന മണ്ണ് ഉപയോഗിച്ച് കുളത്തിനു ചുറ്റും 100 സെമി ഉയരത്തില്‍ ബണ്ട് രൂപീകരിക്കുക.കുളത്തില്‍ പടുത വിരിക്കല്‍,അടിത്തട്ട് ഒരുക്കല്‍, കുളത്തില്‍ 120 സെമി ആഴത്തില്‍ ജലം നിറയ്ക്കല്‍,പറവകളില്‍ നിന്നും ഇഴജന്തുക്കളില്‍ നിന്നുമുള്ള രക്ഷയ്ക്കായി കുളത്തിനു ചുറ്റും സംരക്ഷിത വലസ്ഥാപിക്കല്‍ എന്നീ ജോലികള്‍ കൂടി വകുപ്പിന്റെ ഭാഗത്തു നിന്നും പൂര്‍ത്തിയാക്കി തരും.

കുളംകുഴിക്കലും ബണ്ട് നിര്‍മ്മാണവും സ്വയംതൊഴില്‍ പദ്ധതി പ്രകാരമാണെങ്കില്‍ പൂര്‍ണമായും സൗജന്യമായി കര്‍ഷകര്‍ക്ക് നിര്‍വഹിച്ചു നല്‍കും.പോളിത്തീന്‍ ഷീറ്റ്, വല മുതലായവ സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്,മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ട് വാങ്ങി നല്‍കാവുന്നതാണ്.സ്വകാര്യവ്യക്തികളില്‍ നിന്നും വാങ്ങാം.ആയത് ഗുണഭോക്ത്യ വിഹിതത്തില്‍പ്പെടുത്താന്‍ സാധിക്കും.

ആസാം വാള,വരാല്‍ എന്നി മത്സ്യങ്ങളാണ് പടുതാക്കുളം കൃഷിയ്ക്ക് അനുയോജ്യം.ആയിരം കുഞ്ഞുങ്ങളെ(8സെമി വലുപ്പമുള്ള) ഒരു കുളത്തില്‍ നിക്ഷേപിക്കാം.അഡാക്ക് ഫിഷറീസ് വകുപ്പിന്റെ ഹാച്ചറികളില്‍ നിന്ന് മത്സ്യ കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നേരിട്ട് വാങ്ങി നല്‍കും.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 28 ശതമാനം വരെ മാംസ്യമടങ്ങിയ തിരിതീറ്റയാണ് മത്സ്യങ്ങളുടെ പ്രധാന ഭക്ഷണം.

എട്ടാം മാസം മുതല്‍ വിളവെടുക്കാം.പത്താം മാസത്തോടെ വിളവെടുപ്പ് പൂര്‍ത്തിയാക്കാം.വിപണി ഉറപ്പാക്കിയ ശേഷം ഭാഗീകമായോ പൂര്‍ണമായോ വിളവെടുക്കാവുന്നതാണ്.വീട്ടു വളപ്പില്‍ പടുതാക്കുളത്തിലെ മത്സ്യകൃ്ഷിയില്‍ ഒരു യൂണിറ്റിന് 80 ചതുരശ്ര മീറ്റര്‍ ആണ്.ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് 90,000 രൂപ ചെലവു വരുന്നു.

ഒരു യൂണിറ്റില്‍ നിന്നു 1000 കിലോ മത്സ്യം ഉത്പാദിപ്പിച്ചാല്‍ അതുവഴി 80,000 രൂപ വരുമാനം ലഭിക്കും.ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ ചെലവു വരുന്ന 90000 രൂപയുടെ 40 ശതമാനം ധനസഹായമായി ഗുണഭോക്താവിന് ലഭിക്കും.60% ഗുണഭോക്ത്യവിഹിതം ആയിരിക്കും.സ്വന്തമായോ അല്ലെങ്കില്‍ ബാങ്ക് ലോണ്‍ ആയോ തുക കണ്ടെത്താം.അടിസ്ഥാന സൗകര്യവികസനത്തിന്റെ 40% ധനസഹായം തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രവര്‍ത്തന ചെലവിന്റെ 40 % ധനസഹായം ഫിഷറീസ് വകുപ്പും വഹിക്കുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.