Sections

ജീനോമിക് ഡാറ്റാ സെന്റർ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരും: മുഖ്യമന്ത്രി

Wednesday, Mar 15, 2023
Reported By Admin
Kerala Genome Data Center

കേരള ജീനോം ഡേറ്റ സെന്റർ, മെക്രോബയോം മികവിന്റെ കേന്ദ്രം, എന്നീ പദ്ധതികളുടെ ആരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


തിരുവനന്തപുരം: കെ-ഡിസ്ക് വിഭാവനം ചെയ്ത ജീനോമിക് ഡാറ്റാ സെന്റർ, മൈക്രോബയോം മികവിന്റെ കേന്ദ്രം എന്നീ പദ്ധതികൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന കെ-ഡിസ്ക് ഇന്നവേഷൻ ദിനാചരണത്തിൽ കേരള ജീനോം ഡേറ്റ സെന്റർ, മെക്രോബയോം മികവിന്റെ കേന്ദ്രം, എന്നീ പദ്ധതികളുടെ ആരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കൽ ഗവേഷണ രംഗത്തും ആരോഗ്യ പരിരക്ഷ രംഗത്തും സുപ്രധാന പങ്കുവഹിക്കാൻ കേരള ജീനോം ഡാറ്റാ സെന്റർ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന് സാധിക്കും.

രോഗ പ്രതിരോധത്തിനും ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ രീതികൾ അവലംബിക്കുന്നതിനുമുള്ള സാധ്യത തുറന്നു തരുന്ന ശാസ്ത്ര മേഖലയാണ് ജീനോമിക്സ്. മെഡിക്കൽ ഗവേഷണത്തിലും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരുംകാല ചികിത്സാ രീതികൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നതിനും ജീനോമിക്സ് സഹായകമാകുമെന്നും അതിനുള്ള കേരളത്തിന്റെ ചുവടുവെപ്പായി ജീനോമിക് ഡാറ്റാ സെന്റർ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂതന ശാസ്ത്ര സാങ്കേതിക മേഖലയിൽ രാജ്യത്തിന് വഴികാട്ടാൻ കേരളത്തെ പ്രാപ്തമാക്കുന്ന പദ്ധതിയായി ജീനോം ഡാറ്റാ സെന്റർ മാറും. പ്രാഥമിക മേഖലയിലെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുവാനും പുതിയ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങൾ, ബയോടെക് കമ്പനികൾ എന്നിവയ്ക്ക് നിർണായക വിവരങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ സെന്റർ സഹായകമാകും. കേരള ജീനോം ഡാറ്റാ സെന്റർ രൂപീകരിക്കുന്നതിലൂടെ ജനിതകവിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് ആരോഗ്യം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കാൻ സംസ്ഥാനത്തിന് സാധിക്കും.
ആരോഗ്യ സംരക്ഷണം, കൃഷി, പരിസ്ഥിതി ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നവീകരണത്തിന് വഴിയൊരുക്കുവാൻ പുതിയ പദ്ധതിയിലൂടെ കേരളത്തിന് കഴിയും. ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ പ്രവർത്തനം സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയുടെ ജീനുകൾ കേന്ദ്രീകരിച്ചാകും നടക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ച് വർഷം കൊണ്ട് 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഗവേഷണ രംഗത്ത് ഏറെ ശ്രദ്ധയാകർഷിച്ച മേഖലയാണ് മൈക്രോബയോം. വർദ്ധിച്ചുവരുന്ന രോഗങ്ങളും വാർദ്ധക്യകാല പ്രശ്നങ്ങൾ പരിഹരിക്കാനും മെക്രോബയോമിന് സാധിക്കും. ആരോഗ്യ മുന്നേറ്റത്തിന് ഉതകുന്ന വലിയ ജ്ഞാന ശാഖയാണ് മെക്രോബയോം റിസർച്ച്. വ്യവസായ രംഗത്തും മെക്രോബയോം ഇൻഡസ്ട്രി എന്ന പേരിൽ പുതിയ സാധ്യതൾ ഉയർന്നു വരികയാണ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരുന്നതാണ് മെക്രോബയോം മികവിന്റെ കേന്ദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ജിഎസ്ടി വകുപ്പിന്റെ പൗര സംതൃപ്തി സർവെ പ്രവർത്തന സജ്ജമായതായും മുഖ്യമന്ത്രി അറിയിച്ചു. ഒരു ഡിപ്പാർട്ട്മെന്റ് ഒരു ആശയം പ്രോഗ്രാം വിജയികൾക്കുള്ള പുരസ്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും സൈ ജീനോം റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ സാം സന്തോഷ്, ഡോ. അമിതാഭ ചൗധരി എന്നിവർ ചേർന്ന് രചിച്ചകേരള ജീനോം ഡേറ്റാ സെന്റർ പദ്ധതി വിശദീകരണ പുസ്തകത്തിന്റെ പ്രകാശനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.

യോഗത്തിൽ വി.കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, കെ- ഡിസ്ക് മാനേജ്മെന്റ് സർവ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സജിത പി.പി എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.