Sections

കേരളം ജിസിസി ഹബ്ബാകാനുള്ള ശരിയായ പാതയിൽ: വിദഗ്ധർ

Wednesday, Jul 22, 2026
Reported By Admin
Kerala Emerges as a Top GCC Hub, Experts Say

തിരുവനന്തപുരം: മികച്ച പ്രഫഷണലുകളുടെ ലഭ്യത, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം, നൂതന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയുള്ള കേരളത്തിൽ കൂടുതൽ ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളെ (ജിസിസി) ആകർഷിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളുമുണ്ടെന്ന് ടെക്നോപാർക്കിൽ നടന്ന 'കേരള ജിസിസി ഔട്ട്ലുക്ക് 2026' കോൺക്ലേവിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

വ്യവസായ വാണിജ്യ ഐടി എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ജിസിസി സാധ്യതാ റിപ്പോർട്ട് പുറത്തിറക്കുന്നതിന് മുന്നോടിയായി നടന്ന 'കേരള ജിസിസി അവസരം: തന്ത്രപരമായ വിലയിരുത്തലിൽ നിന്ന് വേഗത്തിലുള്ള വളർച്ചയിലേക്ക്' എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു വിദഗ്ധർ.

ശ്രീനിവാസൻ സാർവഭൗമൻ മോഡറേറ്ററായ സെഷനിൽ ബ്രിഗേഡ് എൻറർപ്രൈസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹൃഷികേശ് നായർ, ഇന്ത്യ സഫിൻ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ (ഗ്ലോബൽ) ആൻഡ് മാനേജിംഗ് ഡയറക്ടർ സുജ ചാണ്ടി, ജെഎൽഎൽ പിഡിഎസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജിപു ജോസ് ജെയിംസ്, എൻഒവിയുടെ ഡിജിറ്റൽ ടെക്നോളജി സെൻറർ ജനറൽ മാനേജരും സെൻറർ ഹെഡുമായ കാർത്തിക് പരശുറാം എന്നിവർ പങ്കെടുത്തു.

ഉയർന്ന നിലവാരമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കേരളത്തെ ജിസിസികൾക്ക് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മികച്ചയിടമാക്കുന്നതായി സുജ ചാണ്ടി പറഞ്ഞു. നല്ല കാലാവസ്ഥ, മികച്ച അന്തരീക്ഷം, സുസ്ഥിരത തുടങ്ങിയവ കേരളത്തിൻറെ സവിശേഷതയാണ്. ഇത്തരം സവിശേഷതകളെ വിപണനം ചെയ്യുന്നതിലൂടെ സംസ്ഥാനത്തേക്ക് കൂടുതൽ ജിസിസി കളെ ആകർഷിക്കാനാകും.

ജിസിസികൾ ഇന്ന് എഐ ഇന്നവേഷൻ ഹബ്ബുകളായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ ഒരു ' എഐ ജിസിസി ഹബ്ബ്' ആയി ഉയർത്താൻ കഴിവുള്ള ആളുകളുടെ അടുത്തൊരു തലമുറയെ സൃഷ്ടിക്കേണ്ടതുണ്ട്. അതിനായി അക്കാദമിക് സമൂഹം, ഇൻഡസ്ട്രി, സർക്കാർ എന്നിവ തമ്മിലുള്ള സഹകരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ ജിസിസി സൗകര്യങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ തയ്യാറാകണമെന്ന് ഹൃഷികേശ് പറഞ്ഞു. മെച്ചപ്പെട്ട വ്യോമ, റെയിൽ കണക്റ്റിവിറ്റികളും മികച്ച നെറ്റ് വർക്ക് സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ ടയർ വൺ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൻറെ 'മാനവ വികസന സൂചിക' വളരെ ഉയർന്നതാണ്. കേരളത്തിലെ ആയുർദൈർഘ്യം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ സാക്ഷരത, മികച്ച ജീവിതനിലവാരം എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിലവാരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഹബ് ആൻഡ് സ്പോക്ക് മോഡൽ വികസിപ്പിക്കാൻ കഴിയുമെന്ന് ജിപു ജോസ് ജെയിംസ് പറഞ്ഞു. കണക്റ്റിവിറ്റിക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും ടയർ വൺ നഗരങ്ങളുമായി സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം, നവീകരണം, എംഎസ്എംഇ മേഖല എന്നിവയിൽ ഊന്നൽ നൽകിയ ഒരു ആവാസവ്യവസ്ഥയിലൂടെയാണ് കേരളം വികസിച്ചതെന്ന് കാർത്തിക് പരശുറാം പറഞ്ഞു. സംസ്ഥാനത്തിൻറെ സവിശേഷതകളും ആവാസവ്യവസ്ഥയും വിപണനം ചെയ്യുന്നതിന് മലയാളികളായ പ്രവാസികളെ ഉപയോഗപ്പെടുത്താനാകും. ജിസിസികൾക്ക് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഒരു മെച്ചപ്പെട്ടയിടമായി സംസ്ഥാനത്തെ പരിഗണിക്കുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൻറെ വളർന്നുവരുന്ന ജിസിസി ആവാസവ്യവസ്ഥയെക്കുറിച്ചും രാജ്യത്തെ ഒരു പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് 'കേരള ജിസിസി ഔട്ട്ലുക്ക് 2026'.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.