Sections

പതിമൂന്നാമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്കു വർണ്ണോജ്ജ്വലമായ തുടക്കം

Saturday, Dec 27, 2025
Reported By Admin
Kerala Sees 36% Rise in Domestic Tourists: Minister Riyas

  • ആഭ്യന്തരടൂറിസ്റ്റുകളുടെ വരവിൽ ഓരോ വർഷവും റെക്കോഡ്: ടൂറിസം മന്ത്രി

കൊച്ചി: ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തിൽ ഓരോ വർഷവും കേരളം റെക്കോർഡ് ഇടുകയാണെന്നു ടൂറിസം, പൊതുമരാമത്തു മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് അഞ്ചു വർഷം മുമ്പു വന്ന ആഭ്യന്തരസഞ്ചാരികളെക്കാൾ 36 ശതമാനത്തിലധികം ആഭ്യന്തരസഞ്ചാരികൾ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തി. കോവിഡിനു മുമ്പുള്ള കാലത്തേക്കാളും നാം ഏറെ മുന്നോട്ടു പോയെന്നും അതാണ് ഈ രംഗത്തു നാം കൈവരിച്ച മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഇരിങ്ങലിലുള്ള സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ അന്താരാഷ്ട്ര കരകൗശലമേളയുടെ പതിമൂന്നാമത് എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നബാർഡ് കേരള ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല 'നബാർഡ് ക്രാഫ്റ്റ്സ് സോൺ' ഉദ്ഘാടനം ചെയ്തു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സർഗാലയ മേള മാറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സമ്പന്നമായ കലാനുഭവങ്ങളുടെ നേർക്കാഴ്ചയായ ഈ മേള അതുകൊണ്ടുതന്നെ ഒരു ടൂറിസം വേദികൂടിയാണ്. വിദേശസഞ്ചാരികളെ ഉൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കാനും അവർക്ക് വൈദഗ്ധ്യം പകർന്നുനൽകാനും കഴിയുന്ന വേദിയായും ഇതു മാറുകയാണ്.

വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും നിന്ന് ഇരുന്നൂറിലധികം കലാകാരർ വൈവിദ്ധ്യമാർന്ന കരകൗശലോത്പന്നങ്ങളുമായി മേളയിൽ പങ്കെടുക്കുന്നു. പരമ്പരാഗത കഴിവുകളും പൈതൃകവും സംരക്ഷിക്കുകയും പരിശീലനത്തിലൂടെയും വിൽപ്പനയിലൂടെയും അവയെ സജീവമായി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം മേളകൾ മുന്നോട്ടുവെക്കുന്നത്. അതോടൊപ്പം കരകൗശലകലാകാരർക്കു വരുമാനം, തൊഴിലവസരം എന്നിവ ഉറപ്പാക്കുകയും പ്രാദേശിക ജനതയെ ടൂറിസത്തിലേക്ക് ആകർഷിക്കുകയും ചെയ്യാൻ ഇതു സഹായകരമാകും.

കേരളത്തിലെ ടൂറിസംമേഖല വലിയ മുന്നേറ്റത്തിലേക്കു നീങ്ങുകയാണ്. 2026-ൽ ലോകത്തു കണ്ടിരിക്കേണ്ട 26 ഡെസ്റ്റിനേഷനുകളിൽ ഇന്ത്യയിൽനിന്നുള്ള ഏക ഡെസ്റ്റിനേഷനായി കഴിഞ്ഞ ദിവസം റഫ് ഗൈഡ്സ് എന്ന ട്രാവൽ കമ്പിനി കേരളത്തെ അടയാളപ്പെടുത്തി. ട്രാവൽ - ലിഷർ മാഗസിൻ വായനക്കാരിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ഏറ്റവും മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി കേരളത്തെ രണ്ടാഴ്ച മുമ്പു തെരഞ്ഞെടുത്തു. നേരത്തെ ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ ഇവരെല്ലാം കേരളത്തെ ലോകടൂറിസം മാപ്പിൽ കൃത്യമായി അടയാളപ്പെടുത്തി. ഇങ്ങനെ ഓരോ മേഖലയിലും അന്താരാഷ്ട്രതലത്തിൽ കേരളത്തെ സഞ്ചാരികൾ അടയാളപ്പെടുത്തി ത്തുടങ്ങിയതാണു കേരളം ഉണ്ടാക്കിയ മുന്നേറ്റം.

നൂതന ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ലോക അംഗീകാരവും കേരള ടൂറിസത്തിനു ലഭിച്ചത് ഈ മേഖലയിൽ സർക്കാർ നയം ശരിയായിരുന്നു എന്നതിൻറെ തെളിവാണെന്നും അതു കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ആപത്തായി വളരുന്ന മയക്കുമരുന്നുകൾക്കു പകരം സന്തോഷവും വിനോദവും പകരാൻ കലകൾക്കു കഴിയുമെന്നും ഇത്തരം മേളകൾക്കു യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്നും അദ്ധ്യക്ഷനായ ഷാഫി പറമ്പിൽ എംപി അഭിപ്രായപ്പെട്ടു.

പയ്യോളി മുനിസിപ്പൽ കൗൺസിലർ പി. കെ. സാബിറ, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, നബാർഡ് കോഴിക്കോട് ഡെവലപ്മെൻറ് മാനേജർ വി. രാകേഷ്, നിഫ്റ്റ് കണ്ണൂർ ഡയറക്ടർ അഖിൽ കുമാർ കുൽശ്രേഷ്ഠ, ഐസിസിഎൻ ജനറൽ സെക്രട്ടറി ഡോ. വി. ജയരാജൻ, മലബാർ ടൂറിസം കൗൺസിൽ വൈസ് പ്രസിഡൻറ് ആരിഫ് അത്തിക്കോട്, കെ. ടി. വിനോദൻ, കെ. ശശിധരൻ, ബഷീർ മേലടി, സി. പി. രവീന്ദ്രൻ, രാജൻ കൊളായിപ്പാലം, യു. ടി. കരീം, എ. വി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ എന്നിവർ ആശംസ നേർന്നു. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സ്വാഗതവും സർഗാലയ സീനിയർ ജനറൽ മാനേജർ ടി. കെ. രാജേഷ് നന്ദിയും പ്രകാശിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.