Sections

കേരളത്തിൻറെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയിൽ നിർണായകം: മന്ത്രി കെ. മുരളീധരൻ

Sunday, Jul 12, 2026
Reported By Admin
Kerala's Community Healthcare Key in Diabetes Care: Minister

  • 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിൻറെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയിൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറം (ജെപിഇഎഫ്-2026) സംഘടിപ്പിക്കുന്ന 14-ാമത് വാർഷിക ഗ്ലോബൽ ഡയബറ്റിസ് കൺവെൻഷൻ കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ അടിസ്ഥാനമാക്കിയും പ്രതിരോധത്തിൽ ഊന്നിയുമുള്ള ആരോഗ്യപരിചരണ മാർഗത്തിലാണ് കേരളം എപ്പോഴും വിശ്വസിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുഷ്മാൻ ആരോഗ്യ മന്ദിർ ശൃംഖലയിലൂടെയും നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് (എൻസിഡി) ക്ലിനിക്കുകളിലൂടെയും പ്രതിരോധ പരിചരണത്തിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നേരത്തെയുള്ള രോഗനിർണയവും തുടർനടപടികളും ഉറപ്പാക്കാൻ ഇത് സഹായിക്കും. സാങ്കേതികവിദ്യയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനവും ഇതിനൊപ്പം ഒരുമിച്ച് പോകേണ്ടതുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നായി പ്രമേഹത്തെ വിശേഷിപ്പിച്ച മന്ത്രി, നവീകരണത്തിലൂടെയും സഹകരണത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിൽ പരിവർത്തനം വരുത്താനുള്ള അവസരം ഒരുങ്ങണമെന്ന് ചൂണ്ടിക്കാട്ടി. എഐ അധിഷ്ഠിത ആരോഗ്യ സംരക്ഷണ പരിഹാരങ്ങളിൽ സർക്കാരും സ്വകാര്യ മേഖലയും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്. പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനായി ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെയും ശാസ്ത്രീയ മുന്നേറ്റങ്ങളെയും കേരളവും ഇന്ത്യയും എങ്ങനെ സ്വീകരിക്കുന്നുവെന്ന് ജെപിഇഎഫ് കൺവെൻഷനിൽ പ്രതിഫലിക്കുന്നു. പൊതുജനങ്ങളുടെ പരാതികൾ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി തൻറെ ഓഫീസ് എഐയിൽ പ്രവർത്തിക്കുന്ന സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനും ഭരണനിർവ്വഹണത്തിനും ഒരുപോലെ മുന്നോട്ടുള്ള വഴിയാണിതെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാണ് ജെപിഇഎഫ്-2026 കൺവെൻഷൻ. 'പരിചരണത്തിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കൽ' (Helping You Choose the Best in Care) എന്നതാണ് ഈ വർഷത്തെ ജെപിഇഎഫ് കൺവെൻഷൻറെ പ്രമേയം.

ഉദ്ഘാടന ചടങ്ങിൽ പി.കേശവദേവ് ജെപിഇഎഫ് യങ് റിസർച്ചർ അവാർഡ് ഡോ. മാസുമ യാസ്മിന് മന്ത്രി സമ്മാനിച്ചു. ജെപിഇഎഫ് സ്റ്റാൾവാർട്ട് ഫിസിഷ്യൻ അവാർഡ് ഡോ. ശശാങ്ക് ജോഷിയും ജെപിഇഎഫ് സയൻറിഫിക് എക്സലൻസ് അവാർഡ് ഡോ. അനുജ് മഹേശ്വരിയും ഏറ്റുവാങ്ങി, ജെപിഇഎഫ്-യുഎസ് വി ടെക്നോളജി അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളടങ്ങിയ ഐജെഡിടി-ജെപിഇഎഫ് ഗവേഷണ അബ്സ്ട്രാക്ട് പുസ്തകത്തിൻറെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.

ആധുനിക ശാസ്ത്രം, പ്രാക്ടിക്കൽ വർക്ക് ഷോപ്പ്, സഹകരണ പഠനം എന്നിവയിലൂടെ പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹരോഗികളായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന രാജ്യത്തെ മുൻനിര അക്കാദമിക് ഒത്തുചേരലുകളിൽ ഒന്നാണ് ജെപിഇഎഫ്-2026 എന്ന് കൺവെൻഷൻ ഓർഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

ഓസ്ട്രിയയിലെ മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഗ്രാസിലെ ഡോ. ജൂലിയ മേഡർ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ഡോ. സ്മിത ജോഷി, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് ഹെൽത്ത് ഇൻസ്റ്റിറ്റിയൂഷൻസ് വൈസ് ചെയർമാൻ ഡോ. കെ.കെ മനോജൻ, പിഇഎഫ് ചീഫ് അഡൈ്വസർ ഡോ. ശശാങ്ക് ജോഷി, ഐഡിഎഫ് സൗത്ത് ഈസ്റ്റ് ഏഷ്യ ചെയർ ഡോ. ബൻഷി സാബൂ, ആർഎസ്എസ്ഡിഐ പ്രസിഡൻറ് ഡോ. അനുജ് മഹേശ്വരി, ആർഎസ്എസ്ഡിഐ സെക്രട്ടറി ഡോ.രാകേഷ് പരീഖ് എന്നിവർ സംസാരിച്ചു.

ഡോ. അശോക് കുമാർ ദാസ്, ഡോ. ജോർജി അബ്രഹാം, ഡോ. എ.വി രവീന്ദ്രൻ, ഡോ. അനിത നമ്പ്യാർ, ഡോ. അജിത് കുമാർ എസ്, കോൺഫറൻസ് ഡയറക്ടർ സുനിത ജ്യോതിദേവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓർഗനൈസിങ് ചെയർമാൻ ഡോ. അരുൺ ശങ്കർ നന്ദി പറഞ്ഞു.

പ്രമേഹം, അമിതവണ്ണം, കാർഡിയോമെറ്റബോളിക് കെയർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വളർന്നുവരുന്ന ചികിത്സാ രീതികൾ, കണ്ടുപിടുത്തങ്ങൾ, ഡയബറ്റിക് ടെക്നോളജി എന്നിവയിലെ പുതിയ കണ്ടെത്തലുകൾ കൺവെൻഷനിൽ അവതരിപ്പിക്കും. പ്രമേഹചികിത്സാ മാർഗങ്ങൾക്കൊപ്പം അമിതവണ്ണം നിയന്ത്രിക്കേണ്ടതിൻറെ ആവശ്യകതയും കൺവെൻഷനിൽ ചർച്ചചെയ്യും. ദേശീയ, അന്തർദേശീയ തലത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, ഹെൽത്ത് കെയർ ഇന്നൊവേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച (ജൂലൈ 12) സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.