- Trending Now:
കൊച്ചി: സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായപദവി അംഗീകരിക്കാനുള്ള പ്രഖ്യാപനം ചരിത്രപരമാണെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി. വിനോദസഞ്ചാര മേഖലയ്ക്ക് വൻ നിക്ഷേപത്തിന് വഴിവയ്ക്കുന്നതും കൃത്യമായ പഠനത്തിന് ശേഷം തയ്യാറാക്കിയതുമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ് പറഞ്ഞു.
ടൂറിസത്തിന് വ്യവസായ പദവി നൽകുന്നതിലൂടെ വൈദ്യുതി, വെള്ളം, നികുതി തുടങ്ങിയവയിൽ വ്യവസായങ്ങൾക്ക് ലഭിക്കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും ഈ മേഖലയ്ക്കും ലഭ്യമാകും. ഇത് നിലവിലുള്ള സംരംഭകർക്ക് ആശ്വാസമാകുന്നതിനൊപ്പം കേരളത്തിലേക്ക് കൂടുതൽ പുതിയ നിക്ഷേപകരെ ആകർഷിക്കാനും സംസ്ഥാനത്തിന്റെ ജി.എസ്.ടി വരുമാനം വലിയ രീതിയിൽ വർദ്ധിപ്പിക്കാനും സഹായിക്കും.
കാപ്പി, ഏലം, തേയില തുടങ്ങിയ തോട്ടം മേഖലകളിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പര്യാപ്തമായ നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനം വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ടിലെ അമിനിറ്റി സെന്ററുകളും ഹൗസ് ബോട്ട് ടെർമിനലുകളും പരിഷ്കരിക്കാനുള്ള തീരുമാനം ടൂറിസം മേഖലയ്ക്ക് കരുത്താകുമെന്ന് കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥൻ പറഞ്ഞു. വേമ്പനാട്ട് കായലിലെ മലിനീകരണത്തിന് ശാശ്വത പരിഹാരമായി ഹൗസ് ബോട്ട് മാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക പ്ലാന്റ് നിർമ്മിക്കുമെന്ന പ്രഖ്യാപനം ഏറെക്കാലമായുള്ള ആവശ്യത്തിന്റെ സാക്ഷാത്കാരമാണ്. പാതിരാമണൽ വികസനത്തിനായുള്ള മാസ്റ്റർ പ്ലാനും അവിടേക്കുള്ള റോപ്പ് വേ സൗകര്യവും മികച്ച കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയീ മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ തീർത്ഥാടന ടൂറിസം സർക്യൂട്ട്, ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് ഗ്രീൻ മാർഷൽസ് പദ്ധതി തുടങ്ങിയവ സ്ത്രീസുരക്ഷയടക്കമുള്ള സമഗ്ര കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. ജൈവ വൈവിധ്യ കണ്ടൽക്കാട് ഫാമുകൾ, എക്കോ ടൂറിസം എന്നിവയിലൂടെ സഞ്ചാരികൾക്ക് കൂടുതൽ തനത് ജീവിതാനുഭവങ്ങൾ സമ്മാനിക്കാൻ ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്നും കെടിഎം പ്രസ്താവനയിൽ പറഞ്ഞു.
മൊത്തത്തിൽ ടൂറിസം മേഖലയ്ക്കായി 325 കോടിയിലധികം രൂപ മാറ്റിവെച്ച ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. എന്നാൽ മാർക്കറ്റിംഗിന് വകയിരുത്തിയിട്ടുള്ള തുക നമ്മുടെ ടൂറിസം മേഖലക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരക്ഷമമായ വിപണനത്തിന് പര്യാപ്തമായ ഒരു തുകയല്ലെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.