Sections

ആരോഗ്യഡാറ്റയും എഐയും സംയോജിപ്പിച്ച് ചെലവുകുറഞ്ഞ ചികിത്സാമാർഗങ്ങൾ കണ്ടെത്തണം: ഡോ. സമീർ കെ. ബ്രഹ്‌മചാരി

Monday, Aug 17, 2026
Reported By Admin
AI Can Transform Affordable Healthcare in India: Scientist

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവിദ്യ, എൻജിനീയറിങ്, സംരംഭകത്വം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ മേഖലയിൽ ഇന്ത്യ വലിയൊരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്ന് പ്രമുഖ ശാസ്ത്രജ്ഞനും ഡി എസ് ഐ ആർ മുൻ സെക്രട്ടറിയും സി എസ് ഐ ആർ മുൻ ഡയറക്ടർ ജനറലുമായ ഡോ. സമീർ കെ. ബ്രഹ്മചാരി പറഞ്ഞു.

തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററിൻറെ സഹകരണത്തോടെ ബ്രിക് - രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി സംഘടിപ്പിച്ച 'സയൻസ് 4.0: എഐ അടിസ്ഥാനമാക്കിയുള്ള ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യം എല്ലാവർക്കും' എന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ലഭ്യമായ ആരോഗ്യ-ജീനോമിക് ഡാറ്റാബേസുകളും നിർമ്മിതബുദ്ധിയും യുവ ഗവേഷകരുടെ കഴിവുകളും പരമാവധി പ്രയോജനപ്പെടുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാസ്ത്രീയ വൈദഗ്ധ്യവും വ്യവസായ മേഖലയും സർക്കാരും കൈകോർത്ത് പ്രവർത്തിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് കോവിഡ്-19 പ്രതിരോധത്തിലൂടെ ഇന്ത്യ തെളിയിച്ചതാണെന്ന് ഡോ. സമീർ കെ. ബ്രഹ്മചാരി ചൂണ്ടിക്കാട്ടി.

നിർമ്മിത ബുദ്ധിയുടേയും കൂട്ടായ ഗവേഷണങ്ങളുടെയും ബലത്തിൽ ശാസ്ത്ര ഗവേഷണ മേഖല 'സയൻസ് 4.0' എന്ന പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആൽഫാഫോൾഡ് , ചാറ്റ് ജിപിറ്റി , ജെമിനി തുടങ്ങിയ എ ഐ ടൂളുകൾ ഗവേഷണ സംഘങ്ങളുടെ ഭാഗമാകുന്നു എന്നതാണ് 'സയൻസ് 4.0' ൻറെ പ്രത്യേകത.

വ്യത്യസ്ത ശാസ്ത്രശാഖകൾക്കിടയിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കേണ്ടതുണ്ടെന്നും സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ മേഖലകളിലെ വൈദഗ്ധ്യം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ശാസ്ത്ര സ്ഥാപനങ്ങൾ ജനറേഷൻ സി, ജനറേഷൻ ആൽഫ തലമുറകളെ ഗവേഷണത്തിലേക്കും സംരംഭകത്വത്തിലേക്കും നവീകരണങ്ങളിലേക്കും പ്രോത്സാഹിപ്പിക്കണം. പരിമിതികൾ ഒരിക്കലും തടസ്സമല്ലെന്നും മറിച്ച് പ്രതിസന്ധികളാണ് സർഗ്ഗാത്മകമായ പരിഹാരങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വിവിധ സ്ഥാപനങ്ങളിൽ ചിതറിക്കിടക്കുന്ന ജീനോമിക്, പ്രോട്ടിയോമിക്, ക്ലിനിക്കൽ ഡാറ്റകളെ ഒരൊറ്റ പ്ലാറ്റ് ഫോമിൽ കൊണ്ടുവരാനാകണം. രോഗങ്ങളുടെ നേരത്തെയുള്ള കണ്ടെത്തൽ, പുതിയ മരുന്നുകളുടെ നിർമ്മാണം, മരുന്നിൻറെ പുനരുപയോഗം, പാർശ്വഫലങ്ങൾ മുൻകൂട്ടി പ്രവചിക്കൽ എന്നിവയ്ക്ക് എഐ അത്യന്താപേക്ഷിതമാണ്.

വിദഗ്ധ ഡോക്ടർമാരുടെ സേവനം കുറവുള്ള ഗ്രാമീണ മേഖലകളിലേക്ക് വിദഗ്ധ ചികിത്സാ എത്തിക്കാൻ എഐ സിസ്റ്റം വികസിപ്പിക്കണം. ആയുർവേദത്തിലെ പരമ്പരാഗത അറിവുകളെ തെളിവധിഷ്ഠിത ശാസ്ത്രവുമായി സംയോജിപ്പിച്ച് വ്യക്തിഗത ചികിത്സകൾക്കായി പ്രയോജനപ്പെടുത്താൻ ഇന്ത്യ കേന്ദ്രീകൃത എഐ സംവിധാനം രൂപീകരിക്കണം. മികച്ച ശാസ്ത്ര-ആരോഗ്യ പശ്ചാത്തലമുള്ള കേരളത്തിന് ഈ മാതൃക നടപ്പിലാക്കാൻ അനുയോജ്യമായ അന്തരീക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണ സ്ഥാപനങ്ങളെയും മൈക്രോബയോളജി വിദ്യാർത്ഥികളെയും ഏകോപിപ്പിച്ച് സംസ്ഥാനതലത്തിൽ ഡ്രഗ് റെസിസ്റ്റൻസ് നിരീക്ഷിക്കുന്ന മാപ്പ് തയ്യാറാക്കാൻ സാധിക്കും. തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുള്ള ഗവേഷണ വൈദഗ്ധ്യം എളുപ്പത്തിൽ കണ്ടെത്തുന്നതിനും പരസ്പര സഹകരണത്തിനും സഹായിക്കുന്ന ഒരു വെർച്വൽ പ്ലാറ്റ് ഫോം നിർമ്മിക്കാനുമാകും.

ഹരിത വിപ്ലവം, ഐടി, ബഹിരാകാശ സാങ്കേതികവിദ്യ, കൊവിഡ് വാക്സിൻ വിതരണം എന്നിവയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങൾക്ക് ഉദാഹരണമാണ്. ചെറുപ്പക്കാരായ ശാസ്ത്രജ്ഞർ പുതിയ ചിന്തകളിലൂടെ വലിയ ലക്ഷ്യങ്ങളിലേക്ക് ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന ആശയമാണ് ഡോ. സമീർ കെ. ബ്രഹ്മചാരിയുടെ പ്രവർത്തനങ്ങളിലൂടനീളം പ്രതിഫലിക്കുന്നതെന്ന് ബ്രിക്- ആർജിസിബി ഡയറക്ടർ ബീന പിള്ള സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.