Sections

മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമത്തിന് തുടക്കമായി

Saturday, Jan 27, 2024
Reported By Admin
Keragramam

മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു


മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. 100 ഹെക്ടറിലാണു രണ്ടാം വട്ട കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. മൂല്യവർധിത കേര ഉൽപ്പന്നങ്ങളുടെ അനന്ത സാധ്യതകൾ കണ്ടെത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു കൊണ്ടാവണം രണ്ടാം കേരഗ്രാമം പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. ഒന്നാം കേരഗ്രാമം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച് മാതൃകയായ പഞ്ചായത്താണ് മാടക്കത്തറ എന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് തുടർച്ച ഉണ്ടാവണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ അടക്കം ഉത്പാദനം ലക്ഷ്യമിട്ട നഴ്സറിയും ലൈസൻസും ഉൾപ്പെടെയുള്ളവ നേടിയെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേര സമിതിയുടെ തുടക്കക്കാരനും ഭാരവാഹിയുമായിരുന്ന ഭാസ്കരൻ മാഷിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കൃഷിദർശൻ പരിപാടിയുടെ ഗുണഫലമായാണ് കേരഗ്രാമം നാളികേര വികസന പദ്ധതി മാടക്കത്തറയിൽ വിഭാവനം ചെയ്യപ്പെട്ടത്. ഉത്പാദനവർദ്ധനവിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് കേരകർഷകർക്ക് ധനസഹായം നൽകനാണു പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. പുതിയ കർഷകരെ കണ്ടെത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കാനും രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഒന്നാമത്തെ വീടായ ജെറോം അരീക്കാടിന്റെ കൃഷിയിടത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി സദാനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പാചന്ദ്രൻ, കേര വികസന ഏകോപന സമിതി പ്രസിഡണ്ട് ബിനോയ് പറമ്പത്ത്, കൃഷി ഓഫീസർ ജിൻസി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ മോളി പദ്ധതി വിശദീകരിച്ചു. എഡിഎ പി.സി സത്യവർമ്മ ഡിപിആർ സമർപ്പിച്ചു. പരിപാടിയുടെ ഭാഗമായി

കേരഗ്രാമം ഗുണഭോക്താക്കൾക്ക് ഇടവിള കിറ്റും ജൈവവള വിതരണവും കേരസമിതിക്ക് ഡിപിആർ കൈമാറ്റവും നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.