- Trending Now:
തിരുവനന്തപുരം: ക്രിസ്മസ്-പുതുവർഷാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം ലൈറ്റ് ഷോയും പുഷ്പമേളയും സന്ദർശകരെ ആകർഷിക്കുന്നു. പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും ചാരുത പകരുന്ന വസന്തോത്സവം അവധിക്കാലത്ത് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുകയാണ്. വസന്തോത്സവം കാണാൻ വൻ ജനത്തിരക്കാണ് കനകക്കുന്നിൽ അനുഭവപ്പെടുന്നത്.
ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച പന്ത്രണ്ട് ദിവസത്തെ വസന്തോത്സവവും ലൈറ്റ് ഷോയും ഡിസംബർ 24 നാണ് കനകക്കുന്ന് കൊട്ടാരം ഗ്രൗണ്ടിൽ ആരംഭിച്ചത്.
നഗരം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പുഷ്പപ്രദർശനമാണ് ഇത്തവണത്തേതെന്നാണ് സന്ദർശകരുടെ അഭിപ്രായം. പൂച്ചെടികളുടെ ശേഖരത്തിലും വൈപുല്യത്തിലും ക്രമീകരിച്ച രീതിയിലുമെല്ലാം മികവ് പ്രകടമാണെന്ന് അവർ പറയുന്നു.
വെള്ളിയാഴ്ച വസന്തോത്സവത്തിൽ എത്തിയ ഒമ്പത് വയസ്സുകാരി ആരാധ്യയ്ക്ക് ഫോട്ടോഗ്രാഫിയിലെ തൻറെ കഴിവുകൾ പുറത്തെടുക്കാൻ മികച്ച അവസരമാണ് വസന്തോത്സവത്തിൽ കൈവന്നത്. കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ നായർ വന്യജീവി ഫോട്ടോഗ്രാഫറായ മുത്തച്ഛൻ രതീഷ് കുമാറിനൊപ്പമാണ് കനകക്കുന്നിലെത്തിയത്.
വസന്തോൽസവത്തിൽ വിവിധതരം പൂക്കളും ചെടികളും കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും സാധിച്ചുവെന്ന് ആരാധ്യ പറഞ്ഞു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളിൽ എത്തുമ്പോൾ എടുത്ത ചിത്രങ്ങൾ കൂട്ടുകാർക്ക് കാണിച്ചു കൊടുക്കും.
കഴിഞ്ഞ വർഷവും വസന്തോത്സവം കാണാൻ വന്നിരുന്നു. എന്നാൽ ഇത്തവണ ദീപാലങ്കാരങ്ങളുടെയും പൂക്കളുടെയും ചിത്രങ്ങൾ പകർത്തുന്നത് വേറിട്ട അനുഭവം നൽകുന്നുവെന്നും ആരാധ്യ കൂട്ടിച്ചേർത്തു.
'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി' എന്ന ആശയത്തിലാണ് ജനുവരി 4 വരെ നടക്കുന്ന വസന്തോത്സവം പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ഇതിൻറെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും.
പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യുറേറ്റ് ചെയ്ത പുഷ്പമേളയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35000 പൂച്ചെടികളാണ് ഒരുക്കിയിട്ടുള്ളത്. 8000-ത്തിൽ പരം ക്രിസാന്തെമം ചെടികൾ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവൽ ഈ വർഷത്തെ പ്രധാന ആകർഷണീയതയാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ പുഷ്പാലങ്കാര പ്രദർശനവും മത്സരവും ഒരുക്കിയിട്ടുണ്ട്.
ഡാലിയ, പെറ്റുനിയ, ജമന്തി, റോസ്, ഓർക്കിഡ്, തെറ്റി ഇംപേഷ്യൻസ്, സീനിയ, ഡെയ്സി തുടങ്ങി പുഷ്പസസ്യങ്ങളുമുണ്ട്. കൂടാതെ പ്രാദേശികമായ പൂക്കളുടെയും ചെടികളുടെയും വലിയ ശ്രേണിയും പ്രദർശനത്തിൻറെ ഭാഗമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിവിധ നഴ്സറികൾ ഒരുക്കുന്ന സ്റ്റാളുകളിൽ നിന്ന സന്ദർശകർക്ക് പൂക്കളും ചെടികളും വാങ്ങാം.
ഫ്ളവർ ഷോയ്ക്കു പുറമേ ട്രെഡ് ഫെയർ, ഫുഡ് കോർട്ട്, അമ്യൂസ്മെൻറ് പാർക്ക്, കലാപരിപാടികൾ എന്നിവയും വസന്തോത്സവത്തിൻറെ ഭാഗമാണ്. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.