- Trending Now:
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് (ഡിസംബർ 24 ബുധനാഴ്ച) വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയാകും.
'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി' എന്ന ആശയത്തിലാണ് ലൈറ് ഷോ സംഘടിപ്പിക്കുന്നത്. കേരളം രാജ്യത്തിനു മുന്നിൽ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നത്.
എംപിമാരായ ശശി തരൂർ, എഎ റഹിം, വി.കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ കെ.ആർ ക്ലീറ്റസ്, ജില്ലാ കളക്ടർ അനുകുമാരി, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ഡിടിപിടി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കുന്നത്. ഇതിൻറെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും.
വസന്തോത്സവത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35000 പൂച്ചെടികൾ ഒരുക്കും. 8000-ത്തിൽ പരം ക്രിസാന്തെമം ചെടികൾ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവൽ ഈ വർഷത്തെ പ്രധാന ആകർഷണീയതയാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ പുഷ്പാലങ്കാര പ്രദർശനവും മത്സരവും ഒരുക്കുന്നുണ്ട്.
ഫ്ളവർ ഷോയ്ക്കു പുറമേ ട്രെഡ് ഫെയർ, ഫുഡ് കോർട്ട്, അമ്യൂസ്മെൻറ് പാർക്ക്, കലാപരിപാടികൾ എന്നിവയും ജനുവരി 4 വരെ നടക്കുന്ന വസന്തോത്സവത്തിൻറെ ഭാഗമാണ്. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.