Sections

ശമ്പളം നല്‍കാന്‍ പോലും പണമില്ലാതെ ഇരുനൂറോളം ഗസ്റ്റ് അധ്യാപകരെ പിരിച്ചു വിട്ട് കാലടി സംസ്‌കൃത സര്‍വകലാശാല

Monday, Sep 26, 2022
Reported By MANU KILIMANOOR

കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂര്‍ കേന്ദ്രം പൂട്ടി


ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും സിന്‍ഡിക്കേറ്റംഗവും തുറവൂര്‍ പ്രാദേശിക കേന്ദ്രം ക്യാമ്പസ് ഡയറക്ടറും, മലയാളം വകുപ്പ് പ്രൊഫസറുമായ ഡോ. ബിച്ചു എക്‌സ് മലയിലിനെയാണ് എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ക്ക് തുല്യമായ പ്രൊഫസര്‍ ഇന്‍ ചാര്‍ജ്ജ് ഒഫ് എക്‌സാമിനേഷന്‍ എന്ന തസ്തിക സൃഷ്ടിച്ച് താല്‍ക്കാലിക ചുമതല നല്‍കി നിയമിച്ചിരിക്കുന്നത്.1000ത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന സര്‍വകലാശാലയില്‍ പി.വി.സിയാണ് പരീക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഏക സ്വതന്ത്രചുമതലയായ പരീക്ഷക്കാര്യം മാറ്റുമ്പോള്‍ തത്വത്തില്‍ പി.വി.സി പദവി ആലങ്കാരികമാകും. പുതിയ തസ്തികയ്ക്ക് പുതിയ ഓഫീസും ജീവനക്കാരും വാഹനവും വേണ്ടിവരും.

മുപ്പതോളം പി ജി കോഴ്‌സുകളും അഞ്ച് ഡിഗ്രി കോഴ്‌സുകളുമാണ് സര്‍വകലാശാലയിലുള്ളത്. കാലടി ഉള്‍പ്പെടെ എട്ട് പഠന കേന്ദ്രങ്ങള്‍. ഇവയിലെല്ലാം കൂടി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രം. കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂര്‍ കേന്ദ്രം പൂട്ടി. തുറവൂര്‍, പന്മന, പയ്യന്നൂര്‍ എന്നിവ പൂട്ടലിന്റെ വക്കില്‍.ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കായി വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പട ഉള്‍പ്പെടെ ആയിരത്തോളം അധ്യാപക-അനധ്യാപക ജീവനക്കാര്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ശമ്പളം കൊടുക്കുവാന്‍ ബുദ്ധിമുട്ടിലാണ്. എങ്കിലും നിയമനങ്ങള്‍ തകൃതിയാണ്.ധൂര്‍ത്തും കെടുകാര്യസ്ഥതയും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇരുനൂറോളം ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം സിന്‍ഡിക്കേറ്റ് കൈക്കൊണ്ടിരുന്നു. ഇവര്‍ക്ക് പകരം ഗവേഷണ വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുള്ള നീക്കം ചട്ട വിരുദ്ധമാണ്.

പൂര്‍ണസമയ ഗവേഷണത്തില്‍ ഏര്‍പ്പെടേണ്ട ഗവേഷകവിദ്യാര്‍ത്ഥികളെ ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് പകരമായി നിയോഗിക്കുന്നതും ഇന്റേണല്‍ മാര്‍ക്ക് നല്‍കാനും മൂല്യനിര്‍ണയം നടത്താനും അവരെ ചുമതലപ്പെടുത്തുന്നതും ഗവേഷണത്തെയും വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ദോഷകരമായി ബാധിക്കും. യു.ജി.സി യോഗ്യതയില്ലാത്തവരെ ഗസ്റ്റ് അദ്ധ്യാപകരാക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്.

സര്‍വകലാശാല സ്റ്റാറ്റിയൂട്ടില്‍ പരീക്ഷാ കണ്‍ട്രോളര്‍ പദവി ഉണ്ടായിരുന്നില്ല. പിന്നീട് ഇത് ഉള്‍പ്പെടുത്തി ഭേദഗതി ചെയ്‌തെങ്കിലും നിയമനം നടത്തണമെങ്കില്‍ വിജ്ഞാപനം വേണം. അതൊഴിവാക്കാനാണ് യൂണിയന്‍ നേതാവിനെ താല്‍ക്കാലിക പദവിയില്‍ നിയമിച്ചത്. ആഗസ്റ്റ് 23നായിരുന്നു.സിന്‍ഡിക്കേറ്റ് തീരുമാനം. ഉത്തരവായി ഇറങ്ങിയത് സെപ്തംബര്‍ 20നാണ്.കാലടി മുഖ്യകേന്ദ്രം ഫിലോസഫി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എന്‍.എം.ഫൈസലിനെ ബിച്ചുവിന് പകരം തുറവൂര്‍ കേന്ദ്രം ക്യാമ്പസ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തുറവൂര്‍ ഉള്‍പ്പടെയുള്ള പ്രാദേശിക കേന്ദ്രങ്ങള്‍ പുട്ടാന്‍ നേരത്തെ തന്നെ സര്‍വകലാശാല തീരുമാനിച്ചതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.