- Trending Now:
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (ISM) വകുപ്പിന് കീഴിലുള്ള 817 സർക്കാർ ആയുർവേദ ഡിസ്പെൻസറികൾക്കും 141 സർക്കാർ ആയുർവേദ ആശുപത്രികൾക്കും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാനൊരുങ്ങി കെഫോൺ. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തി ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കേരളത്തിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾക്ക് വിശ്വസനീയമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ കെഫോണിന് സാധിക്കുമെന്ന് കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ, ഐഎഎസ് പറഞ്ഞു. ആയുർവേദ മേഖലയെ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുന്നതോടെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. രോഗികളുടെ വിവരങ്ങളുടെ ഡിജിറ്റൽ പരിപാലനം, ഓൺലൈൻ റിപ്പോർട്ടിങ്, വിവിധ ഇ-ഗവേണൻസ് സേവനങ്ങൾ, വീഡിയോ കോൺഫറൻസിങ്, വകുപ്പുതല ആശയവിനിമയം എന്നിവ വേഗത്തിലും തടസ്സരഹിതമായും നടപ്പാക്കാൻ ഇത് സഹായിക്കും. കൂടാതെ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുന്നതോടെ സേവന വിതരണം കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമാകുകയും പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഇത് സഹായകമാകുകയും ചെയ്യും.
ആയുർവേദ സ്ഥാപനങ്ങളിലേക്കുള്ള ഈ വ്യാപനത്തിലൂടെ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിനും സാങ്കേതിക നവീകരണത്തിനും കൂടുതൽ കരുത്തേകുകയാണ് കെഫോൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.