Sections

ആകാശ എയര്‍ലൈനില്‍ ഇനി ഇന്ത്യക്കാര്‍ക്ക് പറക്കാം; എത്തുന്നത് 100 വിമാനങ്ങള്‍

Wednesday, Aug 11, 2021
Reported By admin
airline Akasa,Rakesh Jhunjhunwala
airline Akasa

പല രാജ്യങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാനമാണ് ബോയിംഗ് 737 മാക്‌സ്

 

ഇന്ത്യയില്‍ പുതിയ വിമാനചിറകുകള്‍ക്ക് ആരംഭമിട്ട് 737 മാക്‌സ് വിമാനങ്ങള്‍ 100 എണ്ണം വാങ്ങുന്നതിനായി വിമാന നിര്‍മാതാക്കളായ ബോയിംഗുമായി ആകാശ എയര്‍ലൈന്‍ ചര്‍ച്ച നടത്തി.നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ആകാശ എയര്‍ലൈന്‍  വിമാനം പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ച് ആനുകൂല തീരുമാനത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ത്യ അടക്കം പല രാജ്യങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാനമാണ് ബോയിംഗ് 737 മാക്‌സ്.രണ്ട് അപകടങ്ങളിലായി നിരവധി പേര്‍ ഈ വിമാനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

ഓരോ 737 മാക്‌സ് വിമാനത്തിനും ഏകദേശം 100 മില്യണ്‍ ഡോളര്‍ ലിസ്റ്റ് വിലയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു, എന്നാല്‍, നിക്ഷേപകരുടെ പക്കല്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിപണി മൂല്യത്തിന്റെ പകുതിയില്‍ താഴെ കിഴിവില്‍ ലഭിച്ചേക്കുമെന്നാണ് സൂചന.737 മാക്‌സ് സ്വന്തമാക്കുന്നതിന് ബോയിംഗുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിച്ചതായും 2022 ന്റെ തുടക്കത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും റെഗുലേറ്റര്‍മാരുമായുള്ള ചര്‍ച്ചയില്‍ കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

''ഞങ്ങള്‍ എല്ലായ്‌പ്പോഴും അവസരങ്ങള്‍ തേടുകയും നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കളുമായി അവരുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ മികച്ച രീതിയില്‍ പിന്തുണയ്ക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു,'' ബോയിംഗ് വക്താവ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

70 വിമാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതിയെന്ന് ജുന്‍ജുന്‍വാല അടുത്തിടെ ബ്ലൂംബെര്‍ഗിനോട് പറഞ്ഞിരുന്നു. നിലവില്‍ കോടികള്‍ നഷ്ടമുള്ള ബിസിനസാണെങ്കിലും ഈ മേഖലയിലെ നിക്ഷേപം ദീര്‍ഘ നാളത്തേക്ക് മെച്ചപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദ്ഗധര്‍ പറയുന്നത്. 

രാകേഷ് ജുന്‍ജുന്‍വാലയുടെ വ്യോമയാന പദ്ധതിയിലൂടെ ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനിക്കും ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് അവസരം ഒരുങ്ങും. രണ്ട് വര്‍ഷം മുമ്പ്, കമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നായ ജെറ്റ് എയര്‍വേസിന്റെ പതനത്തോടെയാണ് ബോയിംഗ് വിമാന നിര്‍മ്മാണ കമ്പനിക്ക് ഇന്ത്യയില്‍ സ്വാധീനം നഷ്ടമായത്. മുന്‍ ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ്, മുന്‍ ജെറ്റ് എയര്‍വേസ് സിഇഒ വിനയ് ഡ്യൂബ് എന്നിവ ആകാശയുടെ സഹസ്ഥാപകരാകും എന്നാണ് റിപ്പോര്‍ട്ട്.വിജയകരമായ ഓഹരി വിപണി നിക്ഷേപത്തിലൂടെ മികച്ച വ്യവസായി ആയി പേരുകേട്ട ആളാണ്് രാകേഷ് ജുന്‍ജുന്‍വാല. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.