Sections

ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 31-ൽ നിന്ന് സെപ്റ്റംബർ 15 വരെ നീട്ടി സിബിഡിടി

Wednesday, May 28, 2025
Reported By Admin
ITR Filing Deadline Extended to September 15 for AY 2025-26: CBDT

വിജ്ഞാപനം ചെയ്ത ആദായനികുതി റിട്ടേണിലെ (ഐടിആർ) വിപുലമായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ 2025-26 മൂല്യനിർണയ വർഷത്തെ (Assessment Year - AY) ഐടിആർ സാങ്കേതിക സംവിധാനങ്ങളുടെ തയ്യാറെടുപ്പിനും വിവരശേഖര പ്രസിദ്ധീകരണത്തിനും ആവശ്യമായ സമയം കണക്കിലെടുത്ത് റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (CBDT) തീരുമാനിച്ചു.

ഇപ്രകാരം നികുതിദായകർക്ക് സുഗമവും സൗകര്യപ്രദവുമായി ഫയലിംഗ് പൂർത്തിയാക്കുന്നതിന് ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 31-ൽ നിന്ന് സെപ്റ്റംബർ 15 വരെ നീട്ടാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പ്രത്യേകം പുറപ്പെടുവിക്കും.

പ്രക്രിയ ലളിതമാക്കാനും സുതാര്യത വർധിപ്പിക്കാനും കൃത്യമായ റിപ്പോർട്ടിംഗ് സാധ്യമാക്കാനും ലക്ഷ്യമിട്ട് 2025-26 വർഷം വിജ്ഞാപനം ചെയ്ത ഐടിആർ ഘടനാപരവും ഉള്ളടക്കപരവുമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഈ മാറ്റങ്ങൾ മൂലം അനുബന്ധ സാങ്കേതിക സംവിധാനങ്ങളുടെ വികസനം, സംയോജനം, പരിശോധന എന്നിവയ്ക്ക് അധിക സമയം ആവശ്യമായി വന്നു. കൂടാതെ 2025 മെയ് 31-നകം ഫയൽ ചെയ്യേണ്ട ടിഡിഎസ് പ്രസ്താവനകളിലെ ക്രെഡിറ്റുകൾ ജൂൺ ആദ്യം പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സമയപരിധി നീട്ടാതെ റിട്ടേൺ സമർപ്പിക്കാൻ പരിമിതികളുണ്ട്.

സമയപരിധി നീട്ടിയത് പങ്കാളികൾ ഉന്നയിക്കുന്ന ആശങ്കകൾ ലഘൂകരിക്കുകയും സുഗമമായ സമർപ്പണത്തിന് മതിയായ സമയം നൽകുകയും ചെയ്യുമെന്നും അതുവഴി റിട്ടേൺ സമർപ്പണ പ്രക്രിയയുടെ സമഗ്രതയും കൃത്യതയും ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.