Sections

സിസേറിയൻ നല്ലതോ? ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാം?

Wednesday, Sep 20, 2023
Reported By Soumya
Cesarean

അമ്മയാകുക എന്നത് എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. പ്രസവ വേദന അറിഞ്ഞില്ലെങ്കിൽ അമ്മയാകില്ല, സിസേറിയൻ അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല, എന്നീ കാഴ്ചപാടുകൾ നമ്മുടെ സമൂഹത്തിൽ ഇന്നും ചിലർക്കെങ്കിലും ഉണ്ട്. കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ സിസേറിയൻ രീതി സ്വീകരിക്കുന്നതിൽ യാതെരുവിധ തെറ്റുമില്ല എന്നതാണ് സത്യം. സാധാരണ പ്രസവമാണ് സിസേറിയനെക്കാളും നല്ലതെന്നാണ് പലരും പറയുന്നത്. അതുകൊണ്ട് തന്നെ സി സെക്ഷൻ തിരഞ്ഞെടുക്കുന്ന പല സ്ത്രീകൾക്കും പിന്നീട് സ്വന്തം കുടുംബത്തിൽ നിന്ന് വരെ വിമർശനം നേരിടേണ്ടി വരാറുണ്ട്.

അപ്രതീക്ഷിതമായ സാഹചര്യമുണ്ടാകുമ്പോഴാണ് പലരും സി സെക്ഷൻ തിരഞ്ഞെടുക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ആപത്ത് വരാത്ത രീതിയായിരിക്കും എല്ലാ ഡോക്ടർമാരും തിരഞ്ഞെടുക്കുക. സങ്കീർണതകളുള്ള ഗർഭധാരണം, മുൻപ് സിസേറിയൻ ചെയ്ത അമ്മയാണെങ്കിൽ,
സാധാരണ പ്രസവം നടക്കാൻ ബുദ്ധിമുട്ട്, കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ, കുഞ്ഞിന് അമിതഭാരം, പ്രായക്കൂടുതലുള്ള അമ്മ, ഒന്നിലധികം ഗർഭസ്ഥ ശിശുകൾ ഉണ്ടാവുക തുടങ്ങിയ സന്ദർഭങ്ങളിലാണ് പൊതുവെ ഡോക്ടർമാർ സിസേറിയൻ തിരഞ്ഞെടുക്കുന്നത്. എല്ലാ മാസത്തിലും നടത്തുന്ന കൃത്യമായ പരിശോധനകളിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെക്കുറിച്ച് ഡോക്ടർമാർക്ക് കൃത്യമായ ധാരണയുണ്ടാകും. ചില കേസുകളിൽ നേരത്തെ ഡോക്ടർമാർ സിസേറിയൻ സ്വീകരിക്കാൻ ആവശ്യപ്പെടാറുണ്ട്. ഒരു പ്രത്യേക കാരണമില്ലാതെ ഡോക്ടർമാർ അത് ആവശ്യപ്പെടാറില്ല. സ്വന്തം താല്പര്യത്തിന് സിസേറിയൻ ചെയ്യിക്കുന്ന ഡോക്ടർമാർ ഇല്ലേ എന്ന ചോദ്യത്തിന് ''ഒരു ന്യൂനപക്ഷം'' അങ്ങനെ ഉണ്ട്. അത് തെളിയിക്കാൻ കഴിഞ്ഞാൽ നിയമപരമായി നടപടികൾക്ക് പോകുക തന്നെ വേണം.
പ്രസവ വേദന പേടിയുള്ള സ്ത്രീകൾ പൊതുവെ സിസേറിയൻ തിരഞ്ഞെടുക്കാറുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ സിസേറിയൻ എന്താണെന്നും. അതിന്റെ ഗുണങ്ങളും ദോഷങ്ങളുമൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സിസേറിയന്റെ ഗുണങ്ങൾ

  • ഒരു വിധം എല്ലാ സി.സെക്ഷൻസും നേരത്തെ തീരുമാനിക്കുന്നവയാണ്. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിക്കുന്നത് എപ്പോഴാണെന്ന് അമ്മയ്ക്ക് അറിയാൻ സാധിക്കും
  • പ്രസവത്തിനുവേണ്ടുന്ന മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ചെയ്യാൻ സാധിക്കും.
  • കുഞ്ഞിനോ അമ്മയ്ക്കോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ അറിയുന്നത് കൊണ്ട് തന്നെ ആ വിഭാഗത്തിലെ വിദഗ്ധനും ഒപ്പമുണ്ടാകാറുണ്ട്.
  • പ്രസവ വേദനയെ പേടിച്ച് അത് വേണ്ടെന്ന് വയ്ക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് അവർക്ക് വലിയ ആശ്വാസമാണ് ഇത്.

സിസേറിയൻ ദോഷങ്ങൾ

  • അമ്മയ്ക്കും കുഞ്ഞിനും പ്രസവം നൽകുന്ന ചില ഗുണങ്ങൾ സിസേറിയൻ നൽകില്ല എന്നത് പരമാർത്ഥമാണ്.
  • വർദ്ധിച്ച രക്തസ്രാവം
  • അണുബാധ (ഇത് തടയാൻ സാധാരണയായി ആൻറിബയോട്ടിക്കുകൾ നൽകുന്നു)
  • അനസ്തേഷ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • ആരോഗ്യം വീണ്ടെടുക്കാൻ സാധാരണ പ്രസവത്തേക്കാൾ കൂടുതൽ സമയമെടുക്കും. കുറഞ്ഞത് രണ്ട് ആഴ്ച വരെ നിങ്ങളുടെ ദിനചര്യകൾ ചിലപ്പോൾ ഒരാളുടെ സഹായമില്ലാതെ ചെയ്യാൻ കഴിയാതെ വരും.

സിസേറിയൻ കഴിഞ്ഞ അമ്മക്ക് പിന്നീട് സാധാരണ പ്രസവം സാധ്യമാകുമോ എന്നത് എല്ലാവരുടെയും സംശയമാണ്. അമ്മയുടെ ഇടുപ്പ് വിസ്താരം ഇല്ലായ്മ പോലുള്ള മാറ്റാൻ സാധിക്കാത്ത കാരണങ്ങൾ കൊണ്ട് സിസേറിയൻ ചെയ്താൽ പിന്നീട് സാധാരണ പ്രസവം സാധ്യമാകാറില്ല. മുൻപത്തെ സിസേറിയൻ മുറിവിന്റെ പാട് പൊട്ടുകയോ മറ്റോ ചെയ്താൽ ജീവാപായം പോലും ഉണ്ടാകാം. ഇത്തരം ഒരു സാഹസത്തിനു മുതിരുന്നതിനു മുൻപ്, അതിന് തക്ക എക്സ്പീരിയൻസ് ഉള്ള ഡോക്ടർ ആശുപത്രിയിൽ ഉണ്ട് എന്ന് ആവശ്യം വന്നാൽ ഒരു എമർജൻസി സിസേറിയനിലേക്ക് മാറാനുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെയുണ്ട് എന്ന് ഉറപ്പുവരുത്തുക.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.