Sections

നിക്ഷേപ സമാഹരണം 15 മുതൽ; ലക്ഷ്യം 9,000 കോടി

Tuesday, Feb 14, 2023
Reported By Admin
Investment

നിക്ഷേപ സമാഹരണ യജ്ഞം 15ന് ആരംഭിക്കും


സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സമാഹരണ യജ്ഞം 15ന് ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം. 9,000 കോടി രൂപയാണ് ലക്ഷ്യം. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ 20ന് സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും. 'സഹകരണ നിക്ഷേപം കേരളവികസനത്തിന്' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്സ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.

9000 കോടിയിൽ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളിൽ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകൾ 7,250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും.

യുവജനങ്ങളെ സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കുന്നതിന് പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകുകയും അവരുടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യും. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.