Sections

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുധ ദിനം: പൊരുതാം ലഹരിക്കെതിരെ

Monday, Jun 26, 2023
Reported By Admin
World Drug Day

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരി മരുന്നിന്റെ അനധികൃത കടത്തലിനും ലഹരി മരുന്നു ഉപയോഗത്തിനും എതിരെയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്താനും കുടുംബബന്ധങ്ങൾ തകരാതിരിക്കുവാനും ലഹരി ഉപയോഗം ഒഴിവാക്കുക.

ഇന്ന് താരതമ്യേന വിദ്യാർത്ഥികളിലും യുവാക്കളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് drug addiction. ലഹരി മരുന്നിന്റെ ഉപയോഗം കാരണം ആ വ്യക്തി മോശമായ നിലവാരത്തിൽ എത്തുകയും അത് ആത്മഹത്യയിലേക്ക് വരെയും നയിച്ചേക്കാം, മാത്രമല്ല നിരവധി മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഇടയാകാറുണ്ട്. തന്റെ മക്കളുടെ ഏതൊരു ചെറിയ മാറ്റവും ഏറ്റവും പെട്ടെന്ന് മനസ്സിലാക്കുന്നത് അമ്മമാരാണ്. അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവോ മക്കളോടുള്ള അമിതമായ വിശ്വാസമോ അവരെ ചിലപ്പോൾ ഡ്രഗ് അടിക്കറ്റുകൾ ആയിമാറുന്നത് അറിയാതിരിക്കാം.

ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം കാരണം നാഡീവ്യൂഹത്തെയും മാനസിക ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ഡ്രഗ് അഡിക്ഷൻ. ഇത് തലച്ചോറിനെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. തലച്ചോറിലെ കെമിക്കൽ മെസ്സേജിങ് സിസ്റ്റം തകരാറിലാകുന്നു. ലഹരി മരുന്നിന്റെ വകഭേദമനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയിലും വ്യത്യാസമുണ്ടാകും. തലച്ചോറിലെ റിഫ്ലക്സ് പ്രവർത്തനങ്ങൾ താറുമാറാകുന്നതിനെ തുടർന്ന് ഓർമ്മക്കുറവ് ഉത്കണ്ഠ തുടങ്ങിയ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കാം. Cocaine, cannabis, amphetamine, ecstasy or MDMA എന്നിവയാണ് ഇന്ത്യയിൽ പ്രധാനമായി കാണുന്ന ലഹരിപദാർത്ഥങ്ങൾ.

ഡ്രഗ് അഡിക്ഷന്റെ ലക്ഷണങ്ങൾ

  • സംസാരത്തിൽ വൈകല്യം
  • വിറയൽ
  • ഉറക്കക്കുറവ്
  • കൺഫ്യൂഷൻ
  • വൃത്തിക്കുറവ്
  • ദിനചര്യകളിൽ മാറ്റം ഉണ്ടാവുക.
  • ബന്ധങ്ങളെ വില മതിക്കാതിരിക്കുക.

ഡ്രഗ് അബ്യൂസ് പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരിൽ കാണപ്പെടുന്നു, എന്നാൽ ഈ അവസ്ഥ ചികിത്സിക്കാതെ വരുമ്പോഴാണ് ഡ്രഗ് അഡിക്ഷനിലേക്ക് പോകുന്നത്.

ലഹരി മരുന്ന് എന്താണെന്ന് അറിയാനോ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയോ ഒരു തവണ ഉപയോഗിച്ച് നോക്കാം എന്ന് കരുതി തുടങ്ങിയാൽ പിന്നെ രക്ഷയില്ല. തുടങ്ങിയാൽ പിന്നെ ഇത് നിർത്താൻ സാധ്യമല്ല ആദ്യ ഉപയോഗം കൊണ്ട് തന്നെ പലരും ഇതിന് അടിമപ്പെടാറാണ് പതിവ്. ലഹരി മരുന്ന് ഉപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല ചുറ്റുമുള്ള ആൾക്കാരെയും വളരെയധികം ബാധിക്കും. ഇതിലേക്ക് ഇറങ്ങാതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം ഇല്ലെങ്കിൽ പിന്നെ ജീവിതം തിരിച്ചുപിടിക്കാൻ വൈദ്യസഹായം തേടേണ്ടി വരും. അധ്യാപകരും മാതാപിതാക്കളും കൂട്ടുകാരും എല്ലാം ഒരുമിച്ച് നിന്നാൽ മാത്രമേ ലഹരി അടിമപ്പെട്ടയാളെ തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

ഇന്ന് പല രൂപത്തിലും ഭാവത്തിലും ലഹരി മരുന്ന് വിപണിയിൽ ലഭ്യമാണ്. സ്റ്റിക്കറുകളുടെ രൂപത്തിൽ, ഇമോജികളുടെ രൂപത്തിൽ, സ്റ്റിക്കറുകൾ തന്നെ ഓരോ പ്രാവശ്യവും ഓരോ തരത്തിലുള്ള സ്റ്റിക്കറുകൾ ആയിരിക്കും, കൺമഷിയിൽ, ഇപ്പോൾ ടീഷർട്ടുകളുടെ കോളറുകളിൽ പോലും മയക്കുമരുന്നിന്റെ അംശം ഉള്ളത് കിട്ടുന്നുണ്ട് എന്ന് പറയപ്പെടുന്നു.

അമ്മമാർ സ്ട്രിക്റ്റായി കുട്ടികളുടെ ബാഗ് പരിശോധിക്കുക പക്ഷേ അത് അവർ അറിയാൻ പാടില്ല, കാരണം നമ്മൾ ബാഗ് നോക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ അവർ അത് ഒളിപ്പിച്ചു വയ്ക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ സ്കൂളിലെ അധ്യാപകരുമായി എപ്പോഴും കോൺടാക്ട് ചെയ്യണം. അത് നമ്മുടെ മക്കളുടെ അറിവോടെ തന്നെ ചെയ്യണം. അവർക്ക് ഒരു ബോധ്യമുണ്ടാകും മാതാപിതാക്കൾ എപ്പോഴും അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും സ്കൂളിൽ പോകാതിരുന്നാൽ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം സ്കൂളിൽ ഉണ്ടാക്കിയാൽ അത് അച്ഛനമ്മമാർ അറിയുമെന്ന് അവർക്ക് ഒരു ധാരണ ഉണ്ടാകണം. കുട്ടി സ്കൂളിൽ നിന്ന് വന്നാൽ ഒരു മണിക്കൂറോ അരമണിക്കൂറോ കുട്ടിയുമായി ചെലവഴിക്കുക. സ്കൂളിൽ എന്തൊക്കെയാണ് വിശേഷം എന്തെല്ലാം പഠിപ്പിച്ചു സുഹൃത്തുക്കൾ എന്തു പറയുന്നു മുതലായ കുശലാന്വേഷണങ്ങൾ നടത്തുക. ഇത് കുട്ടിയും മാതാപിതാക്കളുമായി ഒരു സൗഹൃദബന്ധം ഉണ്ടാക്കും. രാവിലെയോ രാത്രിയോ എപ്പോഴെങ്കിലും കുട്ടികളുമായി ഒരുമിച്ചിരുന്ന് കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് ആഹാരം കഴിക്കുക. ഇങ്ങനെയുള്ള കുട്ടികൾ സ്കൂളിൽ എന്ത് സംഭവിച്ചാലും അല്ലെങ്കിൽ അവർക്ക് ഒരു തെറ്റ് പറ്റിയാൽ ഉറപ്പായും അത് മാതാപിതാക്കളോട് പങ്കുവയ്ക്കും. കുട്ടികളോട് സുഹൃത്തുക്കളാണെങ്കിലും അല്ലെങ്കിൽ സ്കൂളിലെ മറ്റു കുട്ടികളാണെങ്കിലും എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് നിർബന്ധം പറഞ്ഞുകൊടുക്കുക.

നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്ന് മനസ്സിലാക്കുക. സ്വയം മനസ്സിലാക്കി ഇത്തരം പ്രവർത്തികളിൽ നിന്ന് അകന്ന് നിൽക്കുക അതോടൊപ്പം തന്നെ സുഹൃത്തുക്കളേയും തെറ്റിൽ നിന്ന് മാറ്റി നിർത്തുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.