Sections

സാഹസിക വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ്

Thursday, Jan 11, 2024
Reported By Admin
Paragliding in Vagamon

അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വാഗമണിൽ


അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 2024 ന് വാഗമൺ വേദിയാകും. മാർച്ച് 14, 15, 16, 17 തിയതികളിലാണ് ഫെസ്റ്റിവൽ. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്ന് അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ നൂറിലധികം ഗ്ലൈഡർമാർ പരിപാടിയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

ഇത് കൂടാതെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ മാർച്ച് 29, 30, 31 തിയതികളിൽ തിരുവനന്തപുരം വർക്കലയിലും എം.ടി.ബി കേരള 2024 ഏഴാം പതിപ്പ് ഏപ്രിൽ 26, 27, 28 തിയതികളിൽ വയനാട് മാനന്തവാടിയിലും മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25, 26, 27, 28 തിയതികളിൽ കോഴിക്കോട് ചാലിപ്പുഴയിലും ഇരവഴഞ്ഞിപ്പുഴയിലും നടത്താൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സർഫിങ്, സ്കൈ ഡൈവിങ്, ഹോട് എയർ ബലൂൺസ്, ബങ്കീ ജംപ് എന്നിവയ്ക്ക് കേരളത്തിൽ ഭൂമിശാസ്ത്രപരമായി തന്നെ വലിയ സാധ്യതകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.