Sections

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിരക്കിൽ

Thursday, Jan 12, 2023
Reported By admin
india

ഭക്ഷ്യ വില കുറഞ്ഞതാണ്, വിലക്കയറ്റം കുറയാനുള്ള പ്രധാന കാരണം


ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം) ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞു, നവംബറിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.88 ശതമാനമായിരുന്നു. ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് റീട്ടെയിൽ പണപ്പെരുപ്പമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിയിൽ രണ്ടാം മാസവും തുടരുകയാണ് റീട്ടെയിൽ പണപ്പെരുപ്പം. രണ്ട് മുതൽ ആറ് ശതമാനമാണ് ആർബിഐയുടെ പരിധി. ഒക്ടോബർ വരെ തുടർച്ചയായ പത്ത് മാസം ആർബിഐയുടെ ഉയർന്ന മാർജിനായ 6 ശതമാനത്തിന് മുകളിലായിരുന്നു രാജ്യത്തെ ചില്ലറ പണപ്പെരുപ്പം.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 5.88 ശതമാനവും 2022 ഒക്ടോബറിൽ 6.77 ശതമാനവുമായിരുന്നു.

ഭക്ഷ്യ വില കുറഞ്ഞതാണ്, വിലക്കയറ്റം കുറയാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് പച്ചക്കറിയിലെ വിലയിടിവ്. പണപ്പെരുപ്പത്തിന്റെ ഏകദേശം 40 ശതമാനം വരുന്ന ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിൽ 4.19 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 4.67 ശതമാനമായിരുന്നു. ഭക്ഷ്യ വിലയിലെ ഇടിവാണ് ചില്ലറ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ആർബിഐയെ സഹായിച്ചത്.

2026 മാർച്ചിൽ അവസാനിക്കുന്ന അഞ്ച് വർഷ കാലയളവിലേക്ക് റീട്ടെയിൽ പണപ്പെരുപ്പം 2 ശതമാനം മുതൽ 4 ശതമാനം വരെയായി നിലനിർത്താൻ സർക്കാർ സെൻട്രൽ ബാങ്കിനെ നിർബന്ധിച്ചിട്ടുണ്ട്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ ഉപഭോക്തൃ വില 6.5 ശതമാനം ഉയർന്നതായി വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.