Sections

എംഎസ്എംഇ ഡിജിറ്റൽ വിപ്ലവം: 57% സംരംഭങ്ങളും എഐയെ പ്രധാന വളർച്ചാ മാർഗ്ഗമായി കാണുന്നു; ഡിജിറ്റൽ സൂചികയിൽ കേരളം നാലാമത്

Friday, Jun 26, 2026
Reported By Admin
AI Adoption Accelerates Among Indian MSMEs: Study

കൊച്ചി: ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ കേവല ഡിജിറ്റൽവൽക്കരണത്തിന് അപ്പുറത്തേക്ക് നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതായി വോഡഫോൺ ഐഡിയയുടെ കോർപ്പറേറ്റ് വിഭാഗമായ 'വി ബിസിനസ്' പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ജിഡിപിയിലേക്ക് 31 ശതമാനത്തിലധികം സംഭാവന നൽകുന്ന എംഎസ്എംഇ മേഖലയിൽ എഐ ടൂളുകളുടെ സ്വാധീനം വലിയ തോതിൽ വർദ്ധിച്ചുവരികയാണെന്ന് 'വി ബിസിനസ് എംഎസ്എംഇ ഗ്രോത്ത് ഇൻസൈറ്റ്സ് സ്റ്റഡി 2026' വ്യക്തമാക്കുന്നു.

പഠനമനുസരിച്ച്, 57% എംഎസ്എംഇകളും എഐയെ തങ്ങളുടെ ബിസിനസ്സ് വളർത്താനുള്ള പ്രധാന മാർഗ്ഗമായി കാണുമ്പോൾ, 25% സ്ഥാപനങ്ങൾ ഇതിനകം തന്നെ എഐ സാങ്കേതികവിദ്യകൾ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വിജയകരമായി ഉൾപ്പെടുത്തിക്കഴിഞ്ഞു. 16 വ്യത്യസ്ത മേഖലകളിലായി 2.5 ലക്ഷത്തിലധികം എംഎസ്എംഇകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ അഡൈ്വസറി പ്ലാറ്റ്ഫോമായ വി ബിസിനസിന്റെ 'റെഡി ഫോർ നെക്സ്റ്റ്' ഈ പഠനം തയ്യാറാക്കിയത്.

ഡിജിറ്റൽ മെച്യൂരിറ്റി ഇൻഡക്സ് ഉയരുന്നു:

രാജ്യത്തെ എംഎസ്എംഇകളുടെ മൊത്തത്തിലുള്ള ഡിജിറ്റൽ വളർച്ച അളക്കുന്ന 'ഡിജിറ്റൽ മെച്യൂരിറ്റി ഇൻഡക്സ്' മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നിട്ടുണ്ട്. 2023-ൽ 55.9 ഉം 2025-ൽ 58.0 ഉം ആയിരുന്ന സൂചിക 2026-ൽ 60.8 ആയി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡിജിറ്റൽ കസ്റ്റമർ, ഡിജിറ്റൽ വർക്ക്പ്ലേസ്, ഡിജിറ്റൽ ഓപ്പറേഷൻസ് എന്നീ മൂന്ന് പ്രധാന വിലയിരുത്തൽ ഘടകങ്ങൾക്ക് പുറമെ, ഈ വർഷം മുതൽ സംരംഭങ്ങളുടെ സാമ്പത്തിക ശേഷിയും ഇൻഷുറൻസ് അവബോധവും അളക്കുന്നതിനായി 'ഫിനാൻഷ്യൽ റെഡിനസ്' എന്ന നാലാമതൊരു ഘടകം കൂടി പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈൻ ഭീഷണികളെ ചെറുക്കുന്നതിനായി ഇന്ത്യയിലെ 46.3% എംഎസ്എംഇകളും സൈബർ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിൽ പുരുഷന്മാരേക്കാൾ മുന്നിലാണ് സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾ. വനിതാ സംരംഭങ്ങളുടെ ഡിജിറ്റൽ സൂചിക 61.6 കൈവരിച്ചപ്പോൾ പുരുഷന്മാരുടേത് 60.4 ആണ്.

ഓഫീസുകളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം 2023-ലെ 57.5-ൽ നിന്നും 2026-ൽ 65.7 ആയി ഉയർന്നു. ഡിജിറ്റൽ ഓപ്പറേഷൻസ് സൂചികയും 56.5-ൽ നിന്ന് 62.0 ആയി വർദ്ധിച്ചു. രാജ്യത്തെ അഞ്ചിൽ നാല് (80%) എംഎസ്എംഇകളും ഏതെങ്കിലും രീതിയിൽ ഓൺലൈൻ സാന്നിധ്യമുള്ളവരാണ്, ഇതിൽ 35 ശതമാനത്തിലധികം പേർക്ക് സ്വന്തമായി വെബ്സൈറ്റുകളുണ്ട്. എന്നാൽ അഞ്ചിലൊന്ന് (20%) സംരംഭങ്ങൾ ഇപ്പോഴും പൂർണ്ണമായും ഓഫ്ലൈനായി തുടരുന്നു.

ഇന്ത്യയിൽ ഡിജിറ്റൽ പുരോഗതിയിൽ ദക്ഷിണേന്ത്യൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളാണ് മുന്നിൽ നിൽക്കുന്നത്. അതേസമയം ആദ്യ പത്തിൽ കിഴക്കൻ സംസ്ഥാനങ്ങളൊന്നും ഇടംപിടിച്ചിട്ടില്ല. ആന്ധ്രാപ്രദേശ് ചരിത്രത്തിലാദ്യമായി ആദ്യ പത്ത് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.