Sections

ബിസിനസ് ചെയ്യാനുള്ള എളുപ്പവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ' ഒരു രാജ്യം-ഒരു തുറമുഖം' എന്ന സംരംഭത്തിന് കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ തുടക്കം കുറിച്ചു

Friday, Feb 28, 2025
Reported By Admin
India Boosts Maritime Infrastructure with Key Initiatives Led by Sarbananda Sonowal

ഇന്ത്യയിൽ സമുദ്ര മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ആഗോള വ്യാപാര സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന്റെ (MoPSW) നിരവധി സുപ്രധാന സംരംഭങ്ങൾക്ക് കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ തുടക്കം കുറിച്ചു. കേന്ദ്ര ബജറ്റിൽ സമുദ്ര മേഖലയ്ക്കായി നടത്തിയ പ്രധാന പ്രഖ്യാപനങ്ങളുടെ സാദ്ധ്യതകൾ വിലയിരുത്തുന്നതിനു മുംബൈയിൽ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഈ സംരഭങ്ങൾക്കു തുടക്കം കുറിച്ചത്.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ' ഒരു രാജ്യം-ഒരു തുറമുഖം പദ്ധതിക്കും (One Nation-One Port Process -ONOP)' കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ തുടക്കം കുറിച്ചു .. കാര്യക്ഷതയില്ലായ്മ, വർദ്ധിച്ച ചെലവുകൾ, പ്രവർത്തന കാലതാമസം, എന്നിവയ്ക്കു കാരണമാകുന്ന ഡോക്യുമെന്റേഷനിലെയും നടപടിക്രമങ്ങളിലെയും പൊരുത്തക്കേടുകൾ പരിഹരിക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. ഇന്ത്യൻ സമുദ്ര മേഖലയുടെ കാര്യക്ഷമതയും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സാഗർ അങ്കലൻ (Sagar Ankalan )- ലോജിസ്റ്റിക്സ് പോർട്ട് പെർഫോമൻസ് ഇൻഡക്സ്(LPPI) നും ശ്രീ സോനോവാൾ തുടക്കമിട്ടു.

'ഒരു രാഷ്ട്രം-ഒരു തുറമുഖം' പദ്ധതിയും സാഗർ അങ്കലൻ -എൽപിപി സൂചികയും ആരംഭിച്ചതോടെ, നിലവാരമുള്ളതും കാര്യക്ഷമവും ആഗോളതലത്തിൽ മത്സരക്ഷമവുമായ തുറമുഖങ്ങൾ എന്നതിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പ് ഇന്ത്യ നടത്തിയിരിക്കുകയാണ്. തുറമുഖങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലൂടെയും ലോജിസ്റ്റിക്സ് കാര്യക്ഷമമാക്കുന്നതിലൂടെയും നമ്മൾ കാര്യക്ഷമത വർദ്ധിപ്പിക്കുകയും കാർബൺ ഫുട്പ്രിന്റ്സ് കുറയ്ക്കുകയും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 2047 ഓടെ സ്വാശ്രയ ഇന്ത്യയ്ക്കും വികസിത ഇന്ത്യയ്ക്കും സംഭാവന നൽകിക്കൊണ്ട് ഇന്ത്യയെ ഒരു സമുദ്ര ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള പരിവർത്തനപരമായ കുതിപ്പാണിത്' -ചടങ്ങിൽ സംസാരിച്ച, ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.
സമുദ്ര വാണിജ്യ ഇടപാടുകളിൽ ഇന്ത്യയുടെ സാന്നിദ്ധ്യം വിപുലമാക്കുകയും ആഗോള വ്യാപരത്തിലെ സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആഗോള വ്യാപാരം ശക്തിപ്പെടുത്തുന്നതിനായി ഭാരത് ഗ്ലോബൽ പോർട്ട്സ് കൺസോർഷ്യവും വ്യാപാര പ്രക്രിയകൾ കാര്യക്ഷമമാക്കുക, ബ്യൂറോക്രാറ്റിക് നൂലാമാലകൾ കുറയ്ക്കുക, ക്ലിയറൻസ് വേഗത്തിലാക്കുക, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മൈത്രി ലോഗോ മൈത്രി ലോഗോക്കും (Master Application for International Trade and Regulatory Interface) ശ്രീ സർബാനന്ദ സോനോവാൾ തുടക്കം കുറിച്ചു .

' ഭാരത് പോർട്ട് കൺസോർഷ്യത്തിന്റെയും മൈത്രി ആപ്പിന്റെയും തുടക്കം ഇന്ത്യയുടെ സമുദ്ര, വ്യാപാര അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പരിവർത്തനപരമായ ഘട്ടത്തെ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിനു കീഴിൽ, വികസിത് ഭാരത്, ആത്മനിർഭർ ഭാരത് എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുമായി ഒത്തുപോകുന്നതിന്, ഇന്ത്യ അതിന്റെ തുറമുഖങ്ങളും വ്യാപാര അടിസ്ഥാന സൗകര്യങ്ങളും അതിവേഗം നവീകരിക്കുകയാണ്. ഡിജിറ്റൽ നവീകരണവും ആഗോള പങ്കാളിത്തവും പ്രയോജനപ്പെടുത്തുന്നതിലൂടെ, ആഗോള സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയെ ത്വരിതപ്പെടുത്തുന്നതിന്, നമ്മൾ തടസമില്ലാത്തതും കാര്യക്ഷമവും ഭാവിയെ മുന്നിൽക്കണ്ടുമുള്ള ഒരു വ്യാപാര ശൃംഖല സൃഷ്ടിക്കുന്നു' ശ്രീ സോനോവാൾ കൂട്ടിച്ചേർത്തു.

പിഎം ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാൻ, നാഷണൽ ലോജിസ്റ്റിക്സ് പോളിസി എന്നിവയുമായി സംയോജിപ്പിച്ച്, തുറമുഖങ്ങളുടെ പ്രകടനങ്ങളെ മാനദണ്ഡമാക്കാനും പ്രവർത്തന മികവ് മെച്ചപ്പെടുത്താനും ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുത്താനും സാഗർ അങ്കലൻ എൽപിപിഐ ലക്ഷ്യമിടുന്നു.

ഘടനാപരവും ഡാറ്റാധിഷ്ഠിതവുമായ രീതി സമ്പൂർണ്ണ പ്രകടനവും വർഷാവർഷവുമുള്ള പുരോഗതിയും തുല്യമായി എടുത്ത് സുതാര്യത ഉറപ്പാക്കുന്നു. കാര്യക്ഷമതയുടെയും നൂതനത്വത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ, എൽപിപിഐ ഇന്ത്യൻ തുറമുഖങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയും സമുദ്ര മേഖലയിലെ നേതൃപദവി വഹിക്കുന്നതിലൂടെയും അന്താരാഷ്ട്ര വ്യാപാരത്തിലെ നിർണ്ണായക പങ്കാളിയെന്ന നിലയിലും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആഗോള ലോജിസ്റ്റിക്സിൽ ഇതിനകം തന്നെ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച ഇന്ത്യ, ലോക ബാങ്കിന്റെ ' ഇന്റർനാഷണൽ ഷിപ്പ്മെന്റുകൾ' എന്ന ലോജിസ്റ്റിക്സ് പ്രകടന സൂചികയിൽ (LPI) 44-ാം സ്ഥാനത്തു നിന്നും 2023ൽ 22-ാം സ്ഥാനത്തേക്ക് ഉയർന്നു.

ഇന്ത്യയുടെ 'സമുദ്ര പൈതൃകവും സമുദ്ര വികസനവും' (Maritime Virasat' and 'Maritime Vikaas) ആഘോഷിക്കുന്നതിന് മുംബൈയിൽ 2025 ഒക്ടോബർ 27 മുതൽ 31 വരെ നടക്കുന്ന ഇന്ത്യ മാരിടൈം വാരവും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു- ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വൈവാർഷിക ആഗോള സമുദ്ര സംഗമമാണ്. ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ (GMIS) നാലാം പതിപ്പ്, സാഗർ മന്ഥന്റെ രണ്ടാം പതിപ്പ് എന്നിവയും ഈ വാരാഘോഷത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യ മാരിടൈം വീക്കിൽ, ' 100 രാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യവും 10,0000 പ്രതിനിധികളും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു'. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച്, സമുദ്ര മേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ തന്ത്രപ്രധാന ചർച്ചകൾക്കുമുള്ള ആഗോളവേദിയായി ഇന്ത്യയെ മാറ്റുന്നതിനുള്ള വാർഷിക സമ്മേളനം എന്ന നിലയിൽ, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം ആരംഭിച്ചതാണ് ' സാഗർമന്ഥൻ: ദി ഗ്രേറ്റ് ഓഷ്യൻ ഡയലോഗ്'.

സമുദ്ര മേഖലയ്ക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ചു കേന്ദ്ര മന്ത്രി പറഞ്ഞു, ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി, നമ്മുടെ തുറമുഖങ്ങളും കപ്പൽഗതാഗതവും ജലപാതകളും മാറുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. 2025 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളർച്ചയിൽ സമുദ്രമേഖലയ്ക്ക് പ്രഥമ സ്ഥാനം നൽകി. 25, 000 കോടി രൂപയുടെ മാരിടൈം വികസന ഫണ്ട് ഒരു നിർണ്ണായക ചുവടുവയ്പ്പാണ്. ഇത് ദീർഘകാല സാമ്പത്തിക സഹായം നൽകുകയും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുയും നമ്മുടെ തുറമുഖ, ഷിപ്പിംഗ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യും. നമ്മുടെ സമ്പന്നമായ നദിതട ശൃംഖലയെ മുന്നോട്ടു കൊണ്ടു പോകുന്നതിനായി , നദീകളിലൂടെയുള്ള ഗതാഗതം കൂടുതൽ ആകർഷകവും ലാഭകരവുമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഉൾനാടൻ കപ്പലുകൾക്കും ടണ്ണേജ് നികുതി വ്യവസ്ഥ വ്യാപിപ്പിക്കുന്നത്. കൂട്ടായ സമീപനത്തിലൂടെ, ലോജിസ്റ്റിക്സിൽ വിപ്ലവം സൃഷ്ടിക്കാനും ചരക്കു നീക്കത്തിനുള്ള ചെലവു കുറയ്ക്കാനും റോഡ്, റെയിൽ ഗതാഗതത്തിന് പരിസ്ഥിത സൗഹൃദ ബദൽ സൃഷ്ടിക്കാനും നമ്മൾക്കു കഴിയും'.

നാഷണൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്രീൻ പോർട്ട് ആൻഡ് ഷിപ്പിംഗ് (NCoEGPS) വെബ്സൈറ്റും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. സമുദ്ര മേഖലയിൽ സുസ്ഥിരത കൈവരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണിത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കൽ, ശുദ്ധ ഇന്ധനങ്ങൾ, പരിസ്ഥിതി സൗഹൃദ തുറമുഖ മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധപതിപ്പിച്ച്, കൂടുതൽ സുസ്ഥിര ഭാവിയിലേക്കു നയിക്കുന്ന, ഹരിത തുറമുഖവും ഷിപ്പിംഗ് പ്രവർത്തനങ്ങളും എന്നതിന് ഈ പ്ലാറ്റ്ഫോം ഉൾക്കാഴ്ച നൽകുകയും മികച്ച രീതികൾ വാഗ്ദാനം ചെയ്യുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.