Sections

വിൻസോ, ഐഇഐസി, ബിസിനസ് ഫിൻലാൻറ് ഇൻ ഇന്ത്യ എന്നിവ സഹകരിച്ച് ഇന്ത്യാ-ഫിൻലാൻറ് ഗെയിമിങ് സഹകരണം ശക്തമാക്കും

Wednesday, Oct 01, 2025
Reported By Admin
India, Finland Partner to Boost Gaming Industry

  • ആഗോള ഗെയിമിങ് രംഗത്തെ ഫിൻലാൻറിൻറെ വൈദഗ്ദ്ധ്യവും ഇന്ത്യയിലെ വളരുന്ന ഗെയിമിങ് വിപണിയും പ്രയോജനപ്പെടുത്തി പുതുമകളും കയറ്റുമതിക്ക് ഉതകുന്ന ഗെയിമിങും സംയുക്തമായി തയ്യാറാക്കുക എന്നതാണ് ഈ സഹകരണത്തിൻറെ ലക്ഷ്യം

കൊച്ചി: ഫിൻലാൻറ് സർക്കാരിൻറെ വാണിജ്യ, നിക്ഷേപ പ്രൊമോഷനുള്ള ഔദ്യോഗിക ഏജൻസിയായ ബിസിനസ് ഫിൻലാൻറ് ഇൻ ഇന്ത്യ, രാജ്യത്തെ ഏറ്റവും വലിയ ഇൻററാക്ടീവ് വിനോദ സംവിധാനമായ വിൻസോ, ഉപഭോക്തൃ സാങ്കേതികവിദ്യാ മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇൻററാക്ടീവ് എൻറർടൈൻമെൻറ ആൻറ ഇന്നൊവേഷൻ കൗൺസിൽ (ഐഇഐസി) എന്നിവ ഇന്ത്യയും ഫിൻലാൻറും ഗെയിമിങ് മേഖലയിൽ സഹകരിച്ചു മുന്നേറുന്നതിനുള്ള നാഴികക്കല്ലായ സഹകരണത്തിലേർപ്പെടുന്നതായി പ്രഖ്യാപിച്ചു. ആഗോള തലത്തിൽ മൽസരക്ഷമമായ ഫിൻലാൻറിൻറെ മികച്ച വിജയം, കഴിവുള്ളവരുടെ വൻനിര, ആഗോള തലത്തിൽ പ്രസിദ്ധമായ ഗെയിമിങ് നിര എന്നിവ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ വളർന്നു വരുന്ന ഗെയിമിങ് സംവിധാനവുമായി സഹകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻറെ ആദ്യ ഘട്ടമായി വിജയകരമായ നേട്ടങ്ങളെ കുറിച്ചു വ്യക്തമാക്കുന്ന വിപുലമായ പഠനം ന്യൂഡെൽഹിയിലെ ഫിൻലാൻറ് എംബസിയിൽ അവതരിപ്പിക്കുകയും ഇന്ത്യയിൽ നിന്ന് ഈ രംഗത്തുള്ളവർക്ക് ആവേശം പകരുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും വിജയകരമായ ഗെയിമിങ് സമ്പദ്ഘടനയായി വളർന്ന ഫിൻലാൻറ് 3.9 ബില്യൺ ഡോളർ വരുമാനമാണ് ഇതിലൂടെ കൈവരിക്കുന്നത്. ഇതിൽ 98 ശതമാനവും കയറ്റുമതിയിൽ നിന്നാണ്. റോവിയോയുടെ ആഗ്രി ബേർഡ്, സൂപ്പർസെല്ലിൻറെ ക്ലാഷ് ഓഫ് ക്ലാൻസ് തുടങ്ങിയവയുടെ ഐതിഹാസിക വിജയങ്ങൾ ഫിൻലാൻറിനെ മൊബൈൽ ഫസ്റ്റ്, കാഷ്വൽ ഗെയിമിങ് ഇന്നൊവേഷൻ എന്നിവയിൽ ആഗോള തലത്തിലെ അടിസ്ഥാന നിലവാരമായി മാറ്റി പുരോഗമനപരമായ സർക്കാർ നയങ്ങൾ, ഗെയിം രൂപകൽപനയിലെ ആധുനിക വിദ്യാഭ്യാസം, ബിസിനസ് ഫിൻലാൻറ് പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള പൊതു നിക്ഷേപം തുടങ്ങിയവ ഇതിനു വഴിവെക്കുകയും ചെയ്തു. ഇന്ന് ആഗോള തലത്തിൽ കോടിക്കണക്കിനു പേരാണ് ഫിൻലാൻറ് വികസിപ്പിച്ച ഗെയിമുകൾ ആസ്വദിക്കുന്നത്. 55 ലക്ഷം മാത്രം ജനങ്ങളുള്ള ഒരു രാജ്യത്താണിതു നടക്കുന്നത്.

ആകെ 600 ദശലക്ഷത്തിലേറെ ഗെയിമർമാരും ആകെ മൊബൈൽ ഗെയിം ആപ്പ് ഡൗൺലോഡുകളുടെ 20 ശതമാനവും നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഗെയിമിങ് വിപണികളിലൊന്നായി മാറിയിരിക്കുകയാണ്. വൈവിധ്യമാർന്ന പ്ലെയർ അടിസ്ഥാനം, ആവേശകരമായ ഗെയിമിങ് ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന സമൂഹം, വർധിച്ചു വരുന്ന ഡെവലപ്പർ പങ്കാളിത്തം തുടങ്ങിയവയുമായി ഇന്ത്യയിലെ ഗെയിമിങ് വ്യവസായം തദ്ദേശീയ ഐപികൾ കയറ്റുമതിക്കായി തയ്യാറാക്കുന്ന ഫിൻലാൻറിൻറെ രീതികളിൽ നിന്നു വലിയ പ്രചോദനമാണ് ഉൾക്കൊള്ളുന്നത്.

വരുമാനത്തിൻറെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന ഗെയിമിങ് ഹബ്ബുകളിൽ ഒന്നാണ് ഫിൻലാൻറെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഫിൻലാൻറിൻറെ ഇന്ത്യയിലെ അംബാസിഡർ കിമ്മോ ലാഹ്ഡെവിർറ്റ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഗെയിമിങിൻറെ വളർച്ചയും ഫിൻലാൻറിൻറെ കഴിവുകളും സഹകരിച്ചു മുന്നോട്ടു പോകാനുള്ള അവസരമാണ് നൽകുന്നത്. തങ്ങളുടെ ഗെയിമിങ് ഐപി വിശ്വസനീയ സംവിധാനങ്ങളിലൂടെ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കും ഫിൻലാൻറിനും ഇടയിൽ ശക്തമായ സഹകരണത്തിനുളള മികച്ച അവസരമാണ് ഈ സഹകരണത്തിലൂടെ ലഭ്യമാകുന്നതെന്ന് കേന്ദ്ര സർക്കാർ മുൻ സെക്രട്ടറിയും ഐഇഐസി ചെയർമാനുമായ രോഹിത്ത് കുമാർ സിങ് ഐഎഎസ് പറഞ്ഞു. ഫിൻലാൻറിൻറെ അനുഭവങ്ങൾ ഇന്ത്യയ്ക്ക് അമൂല്യമായ അവസരങ്ങളാണ് ലഭ്യമാക്കുന്നത്. ഇരു രാജ്യങ്ങളിലേയും സ്റ്റാർട്ട് അപ്പുകൾ, ഡെവലപ്പർമാർ, ക്രിയേറ്റർമാർ എന്നിവരെ ശാക്തീകരിക്കുന്നതാണ് ഇത്. ഇന്നത്തെ ലോകത്ത് വിദ്യാഭ്യാസം, ആരോഗ്യ സേവനം, സ്റ്റോറി ടെല്ലിങ് തുടങ്ങിയ മേഖലകളിൽ ശക്തമായ നീക്കങ്ങൾക്കാണ് ഇൻററാക്ടീവ് എൻറർടൈൻമെൻറ് വഴി തുറക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻററാക്ടീവ് എൻറർടൈൻമെൻറ് രംഗത്ത് ആഗോള മുൻനിരയിൽ എത്താനുള്ള എല്ലാ ഘടകങ്ങളും ഇന്ത്യയിലുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വിൻസോ സഹ സ്ഥാപകൻ പാവൻ നന്ദ പറഞ്ഞു. വലുപ്പം, വൈവിധ്യം, ക്രിയാത്മകത തുടങ്ങിയവ ഇതിനു പിന്തുണയേകും. ഇന്ത്യയുടെ വിജയകഥയിൽ വിൻസോ എന്നും വിശ്വസിക്കുന്നതായും സാംസ്ക്കാരികമായി പ്രസക്തമായതും മൊബൈൽ ആദ്യം എന്ന രീതിയും വിപുലമായ പ്രാദേശിക ഭാഷാ ഐപി സൃഷ്ടിയുമെല്ലാം ഇതിനു പിന്തുണ നൽകുകയും ചെയ്തു. ഫിൻലാൻറിൻറെ കയറ്റുമതി മാതൃക പ്രചോദനമാകുകയും ഇന്ത്യൻ ഉള്ളടക്കങ്ങൾ ആഗോളതലത്തിലെ ഉപയോക്താക്കൾക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രയാണത്തിന് ഇത് ഉത്തേജകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളിലേയും അറിവുകളുടേയും കഴിവുകളും പങ്കുവെച്ച് ദീർഘകാല നേട്ടങ്ങളുണ്ടാക്കുന്നതായിരിക്കും ഈ സഹകരണം. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം, പുതിയ വിപണികളിലേക്കുള്ള അവസരം, നിക്ഷേപകർക്കുള്ള മൂല്യം, സഹകരിച്ചുള്ള പുതിയ നീക്കങ്ങൾ തുടങ്ങിയവയ്ക്കും ഇരു സർക്കാരുകളും, നിയന്ത്രണ സ്ഥാപനങ്ങളും വ്യാവസായിക നേതാക്കളും തമ്മിലുള്ള ചർച്ചകൾക്കും ഇതു വഴിയൊരുക്കും. നയങ്ങൾക്കു രൂപം നൽകാനും പുതുമകളെ പിന്തുണക്കാനും ദീർഘകാല മൽസരക്ഷമത ഉയർത്തിയെടുക്കാനും ഇതു സഹായകമാകുകയും ചെയ്യും.

ഇന്ത്യയ്ക്കും ഫിൻലാൻറിനും ഇടയിൽ സുസ്ഥിരവും നവീനവുമായ സഹകരണം വഴി സ്റ്റാർട്ട് അപ്പുകൾ, ഡെവലപ്പർമാർ, ക്രിയേറ്റർമാർ തുടങ്ങിയവർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യോജിച്ചു മുന്നോട്ടു പോകാനാവും. ആഗോള തലത്തിൽ പ്രസക്തമായ ബൗദ്ധിക സ്വത്തു വികസിപ്പിക്കാനും ഇതു സഹായകമാകും. ഗെയിമിങ്, ഇൻററാക്ടീവ് എൻറർടൈൻമെൻറ് തുടങ്ങിയ മേഖലകളിൽ പുതിയ നിലവാരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.