Sections

ഐ ഐ ഐ സി- ഐ ആർ ഇ എൽ സംയുക്ത ധാരണാ പത്രം ഒപ്പിട്ടു

Friday, Jan 02, 2026
Reported By Admin
IIIC and IREL India Sign MoU for Free Women Skill Development Training in Kollam

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും, ചവറയിൽ തന്നെ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുവാൻ ധാരണാ പത്രത്തിൽ ഒപ്പു വച്ചു. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച വനിതകൾക്ക് പൂർണമായും സൗജന്യ പരിശീലനമാണ് ലഭിക്കുക.

ടാറ്റ കമ്മ്യൂണിറ്റി ഇനീഷിയേറ്റീവ് ട്രസ്റ്റ് (TCIT) ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL), ഐ ഐ ഐ സി എന്നീ മൂന്നു സ്ഥാപനങ്ങളും സംയുക്തമായാണ് സെർറ്റിഫിക്കേഷൻ നൽകുന്നത്. ആറു മാസത്തെ പരിശീലനത്തിൽ നാലു മാസം പ്രായോഗിക ക്ലാസുകൾ ഐ ഐ ഐ സി യിലെ ലാബുകളിലായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടു മാസം രാജ്യത്തെ മുൻ നിര ഹോട്ടലുകളിൽ മേഖലാ പരിശീലനം ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി ജോലി സാദ്ധ്യതകൾ ഈ മേഖലയിൽ ഉണ്ട്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന മുഴുവൻ ആളുകൾക്കും ജോലി ലഭിക്കുവാനുള്ള സാഹചര്യം ഐ ഐ ഐ സി ഒരുക്കും. ഐ ആർ ഇ എൽ ഇന്ത്യയുടെ സി എസ് ആർ ഫണ്ട് ആണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.

പരിശീലനത്തിലേക്കുള്ള ഗുണഭോക്താക്കളെ ഐ ആർ ഇ എൽ നേരിട്ട് തെരഞ്ഞെടുക്കും. ഐ ആർ ഇ എൽ മൈനിങ് പ്രദേശങ്ങളിലെ നിവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

ഐ ആർ ഇ എൽ (ഇന്ത്യ) ചവറ യുടെ ജനറൽ മാനേജർ & ഹെഡ് എൻ. എസ്. അജിത്, ഡെപ്യൂട്ടി ജനറൽ മാനേജർ -ടെക്നിക്കൽ (റിസോഴ്സസ്) കെ. എസ്. ഭക്തദർശൻ, ഹ്യൂമൻ റിസോഴ്സസ് മാനേജർ വി. അജികുമാർ, ഐ ഐ ഐ സി ഡയറക്ടർ പ്രൊഫ. ഡോ. ബി സുനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ, ഡീൻ അക്കാഡമിക്സ് പ്രൊഫ. ഡോ. ജോമി തോമസ്, ഹെഡ് അഡ്മിഷൻസ് ആൻഡ് പ്ലേസ്മെന്റ് ജോർജ് ആന്റണി കോൺസ്റ്റന്റൈൻ, ഡീൻ സ്റ്റുഡന്റ് അഫയേർസ് പ്രൊഫ. ഡോ. അഷ്ഫാക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.