Sections

എൻപിസിഐയുടെ ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണം: ടെക്സ്റ്റ് മെസ്സേജ് തട്ടിപ്പുകൾ

Saturday, Aug 01, 2026
Reported By Admin
How to Stay Safe from SMS and Text Message Scams

ഡിജിറ്റൽ പേയ്മെന്റുകൾ രാജ്യവ്യാപകമായി വ്യാപിച്ചതോടെ ഇന്ത്യ സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റൽ മുൻഗണന സമ്പദ്വ്യവസ്ഥയിലേക്ക് മുന്നേറുകയാണ്. എന്നാൽ, ഭയമോ ആകാംക്ഷയോ അടിയന്തര സാഹചര്യമോ സൃഷ്ടിച്ച് ആളുകളെ പെട്ടെന്ന് തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്ന ലളിതമായ ഒരു ടെക്സ്റ്റ് മെസ്സേജിലൂടെയാണ് ഇന്ന് പല തട്ടിപ്പുകളും ആരംഭിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ മനുഷ്യരുടെ വികാരങ്ങളെയാണ് ഇത്തരം സോഷ്യൽ എഞ്ചിനീയറിംഗ് തട്ടിപ്പുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

1. ടെക്സ്റ്റ് മെസ്സേജ് തട്ടിപ്പ് എന്നാൽ എന്ത്?

നിങ്ങളുടെ പണമോ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റൽ അക്കൗണ്ടുകളോ അപകടത്തിലാക്കുന്ന നടപടികളിലേക്ക് നിങ്ങളെ കബളിപ്പിച്ച് നയിക്കുന്ന വ്യാജ എസ്.എം.എസാണ് ടെക്സ്റ്റ് മെസ്സേജ് തട്ടിപ്പ്.

വിശ്വസനീയമായ സ്ഥാപനത്തിന്റെയോ നിങ്ങൾക്ക് പരിചിതമായ ഒരാളുടെയോ പേരിൽ എത്തുന്ന ഇത്തരം സന്ദേശങ്ങൾ യഥാർഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് തയ്യാറാക്കപ്പെടുന്നത്.

2. തട്ടിപ്പുകാർ നിങ്ങളെക്കൊണ്ട് ചെയ്യിക്കാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ

  • വ്യാജ വെബ്സൈറ്റിലേക്ക് നയിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിക്കുക.
  • വ്യാജ കസ്റ്റമർ കെയർ അല്ലെങ്കിൽ ഹെൽപ്ലൈൻ നമ്പറിലേക്ക് വിളിപ്പിക്കുക.
  • അറിയാത്ത ആപ്പോ ഫയലോ ഡൗൺലോഡ് ചെയ്യിപ്പിക്കുക.
  • ഒ.ടി.പി., പിൻ, പാസ്വേഡ് തുടങ്ങിയ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ പങ്കിടാൻ പ്രേരിപ്പിക്കുക.
  • മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ പ്രേരിപ്പിക്കുക (അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്തതായി കാണിക്കുന്ന വ്യാജ എസ്.എം.എസ് ഉപയോഗിച്ച്).

3. തട്ടിപ്പുകാർ എങ്ങനെ നിങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുന്നു?

  • ബാങ്കുകൾ, സർക്കാർ ഏജൻസികൾ, ഡെലിവറി കമ്പനികൾ, ടെലികോം സേവനദാതാക്കൾ തുടങ്ങിയ വിശ്വസനീയ സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ സമീപിക്കുന്നത്.
  • കാര്യങ്ങൾ പരിശോധിക്കാനോ ചിന്തിക്കാനോ സമയം നൽകാതെ ഉടൻ നടപടി സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങളാണ് അവർ ഉപയോഗിക്കുന്നത്.
  • അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നോ പണവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നോ പറഞ്ഞ് ഭയം സൃഷ്ടിക്കുന്നു.
  • സമ്മാനങ്ങൾ, റിവാർഡുകൾ അല്ലെങ്കിൽ റീഫണ്ടുകൾ വാഗ്ദാനം ചെയ്ത് ആളുകളുടെ അത്യാഗ്രഹം മുതലെടുക്കുന്നു.

4. സുരക്ഷിതരായിരിക്കാനുള്ള ലളിതമായ വഴികൾ

  • ഏതെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് എല്ലാ സന്ദേശങ്ങളും ശ്രദ്ധാപൂർവം വായിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് അല്ലെങ്കിൽ സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ വഴി സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുക.
  • ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ പോലുള്ള വിശ്വസനീയ സ്രോതസ്സുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
  • നിങ്ങളുടെ ഒ.ടി.പി., യു.പി.ഐ. പിൻ, പാസ്വേഡ് എന്നിവ ഒരിക്കലും മറ്റാരുമായും പങ്കിടരുത്.
  • പ്രതീക്ഷിക്കാത്ത സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കുക.
  • ക്രെഡിറ്റ് സന്ദേശം ലഭിക്കുമ്പോൾ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് പണം യഥാർഥത്തിൽ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • ആപ്പുകൾക്ക് ആവശ്യമായ അനുമതികൾ മാത്രം നൽകുകയും നൽകുന്ന അനുമതികൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും ചെയ്യുക.

5. രേഖപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുക

  • സന്ദേശങ്ങൾ സേവ് ചെയ്യുക, സ്ക്രീൻഷോട്ടുകൾ എടുക്കുക, ആശയവിനിമയങ്ങളുടെ രേഖകൾ സൂക്ഷിക്കുക.
  • സംശയാസ്പദമായ നമ്പറുകൾ ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930-ലോ ടെലികോം വകുപ്പിന്റെ https://sancharsaathi.gov.in/sfc/ വെബ്സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.