Sections

ആത്മവിശ്വാസത്തോടുകൂടി എങ്ങനെ പ്രസംഗിക്കാം?

Friday, Jun 30, 2023
Reported By Soumya S
Motivation

പ്രസംഗിക്കാൻ എല്ലാവർക്കും താല്പര്യമുണ്ട്. പക്ഷേ ഭൂരിഭാഗം പേർക്കും ഏറ്റവും ഭയം പ്രസംഗിക്കാനാണ്. ആത്മവിശ്വാസത്തോടുകൂടി എങ്ങനെ പ്രസംഗിക്കാം എന്നാണ് ഇന്ന് പരിശോധിക്കുന്നത്.

  • ഏത് വിഷയത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത് ആ വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവ് നമുക്കുണ്ടായിരിക്കണം. അറിവില്ലാത്ത ഒരു വിഷയത്തെക്കുറിച്ച് പ്രസംഗിച്ച് വിജയിപ്പിക്കുവാൻ സാധിക്കുകയില്ല അതുകൊണ്ട് ആ വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവ് നമുക്കുണ്ടായിരിക്കണം. ഇതിനുവേണ്ടി വായന, പഠനം മുതലായ കാര്യങ്ങൾ നമ്മൾ ചെയ്യണം.
  • പ്രസംഗിക്കുന്നതിന് വളരെ മുമ്പ് തന്നെ ആ പ്രസംഗത്തെക്കുറിച്ച് ഒരു വിഷ്വലൈസേഷൻ നമ്മൾ നടത്തണം. ആ വേദിയിൽ നമ്മൾ പ്രസംഗിക്കുന്നതായും എല്ലാവർക്കും നമ്മുടെ പ്രസംഗം ഇഷ്ടപ്പെടുന്നതായിട്ടും അവർ കൈയ്യടിക്കുന്നത് ആയിട്ടും ഉള്ള ഒരു വിഷ്വലൈസേഷൻ നടത്തിയാൽ ആത്മവിശ്വാസം വർധിക്കാൻ ഇടയാകും.
  • സംസാരിക്കുന്നതിന് തൊട്ടുമുമ്പായിട്ട് രണ്ടുമിനിറ്റ് ഡീപ്പ് ബ്രീത് എടുത്ത് ശ്വാസത്തെ ക്രമീകരിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ ഡീപ്പ് ബ്രീത്ത് എടുക്കുമ്പോൾ ടെൻഷൻ ഇല്ലാതാവുകയും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുകയും ചെയ്യും.
  • നട്ടെല്ല് നിവർന്ന് നിന്ന് സംസാരിക്കണം. ആൾക്കാരുടെ മുന്നിൽ ബോഡി പോസ്റ്റർ വളരെ നന്നായി മെയിന്റയിൻ ചെയ്യാൻ ശ്രമിക്കണം. ബോഡി പോസ്റ്റർ മോശമായാൽ ആൾക്കാർക്ക് ഒരു അപ്രീതി ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നല്ല ബോഡി പോസ്റ്റർ ഉണ്ടാകണം അത് പ്രസംഗത്തിന്റെ അവസാനം വരെ മെയിന്റയിൻ ചെയ്യാനും ശ്രമിക്കണം.
  • നമ്മൾ മുന്നിലിരിക്കുന്നവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ ശീലിക്കണം. വേദിയിലിരിക്കുന്ന ആൾക്കാരുമായി സംവദിക്കലാണ് പ്രസംഗം. അതിനുപകരം മുന്നിലിരിക്കുന്നവരുടെ മുഖത്ത് നോക്കാതെ, ദൂരെ നോക്കി സംസാരിച്ചു കഴിഞ്ഞാൽ കേൾവിക്കാർ ആ പ്രസംഗത്തെ ശ്രദ്ധിക്കണമെന്നില്ല. അതുകൊണ്ട് മുന്നിലിരിക്കുന്ന ഭൂരിഭാഗം ആൾക്കാരുടെയും കണ്ണുകളിൽ മാറി മാറി നോക്കി അല്ലെങ്കിൽ അവരുമായി സംവദിക്കുന്ന രീതിയിൽ സംസാരിക്കാൻ ശ്രമിക്കണം.
  • നമ്മൾ ഉറക്കെ അലറി വിളിച്ചു സംസാരിക്കുവാൻ പാടില്ല. നമ്മുടെ സംസാരരീതി ആകർഷകവും, വ്യക്തവും, സ്പഷ്ടവുമായിരിക്കണം. നമ്മൾ സംസാരിക്കുന്ന വാക്കുകളിൽ മോഡുലേഷൻ കൊണ്ടുവരാൻ ശ്രമിക്കണം.
  • ലളിതമായ വാക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വളരെ കടുകട്ടിയായ വാക്കുകൾ ഉപയോഗിച്ചാൽ ചിലപ്പോൾ അതിന്റെ അർത്ഥം വേദിയിലിരിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. അത് വേദിയിലിരിക്കുന്ന ആളുകൾക്ക് അതൃപ്തിയുണ്ടാക്കും.
  • നമ്മൾ മറ്റൊരാളെ അനുകരിച്ച് സംസാരിക്കുവാൻ പാടില്ല നമ്മളായി തന്നെ സംസാരിക്കുക. ചിലപ്പോൾ നമ്മൾ സിനിമാനടന്മാരെയോ, രാഷ്ട്രീയക്കാരെയോ അനുകരിച്ച് സംസാരിക്കാൻ ശ്രമിക്കും. പക്ഷേ ഇത് അരോചകമായിട്ടാകും പ്രേക്ഷകർക്ക് തോന്നുക. അതുകൊണ്ട് നമ്മൾ സംസാരിക്കുമ്പോൾ നമ്മുടേതായ ശൈലി കൊണ്ടുവരാൻ ശ്രമിക്കണം.
  • നമ്മളൊരു പെർഫെക്ഷനിസ്റ്റ് ആകാൻ വേണ്ടി ശ്രമിക്കരുത്. ആർക്കും പൂർണമായി എല്ലാ കാര്യവും പ്രസംഗിക്കാൻ കഴിയണമെന്നില്ല. തെറ്റു വരിക സ്വാഭാവികമാണ്. പ്രസംഗിക്കുമ്പോൾ തെറ്റുപറ്റിയാൽ പരിഭ്രമിക്കാതെ അത് തിരുത്തി അടുത്ത പോയിന്റിലോട്ട് പോവുക.
  • പ്രസംഗിക്കാൻ വേണ്ടി അവസരം എവിടെ കിട്ടിയാലും പ്രസംഗിക്കുവാൻ വേണ്ടി തയ്യാറാകണം. പലർക്കും അവസരം കിട്ടുമെങ്കിലും ഭയം കാരണം പ്രസംഗിക്കാറില്ല. തെറ്റുന്നെങ്കിൽ തെറ്റട്ടെ എന്ന് വിചാരിച്ച് പ്രസംഗിക്കാൻ വേണ്ടി തയ്യാറാവുക. ഇങ്ങനെ നിരന്തരം സംസാരിച്ചു വരുമ്പോൾ പ്രസംഗകലയിൽ നമുക്ക് പ്രാവീണ്യം ലഭിക്കും.
  • വേദിയറിഞ്ഞ് സംസാരിക്കുവാൻ ശ്രമിക്കണം. ഉദാഹരണത്തിന് സാധാരണക്കാർ ഇരിക്കുന്ന വേദിയിൽ സയൻസിന്റെയോ, ശാസ്ത്രത്തിന്റെയോ കാര്യം പറയുമ്പോൾ അവർക്ക് മനസ്സിലായി കൊള്ളണമെന്നില്ല. അങ്ങനെ ഒരു വേദിയിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ, അവരുടെ ഭാഷയിൽ സംസാരിക്കുവാൻ ശ്രമിക്കണം. ഓരോ സ്ഥലത്ത് അവരുടെ പ്രാദേശികമായ ഭാഷയുണ്ടാകും, അവർക്ക് മനസ്സിലാകുന്ന ശൈലിയിലായിരിക്കണം സംസാരിക്കേണ്ടത്. നമ്മൾ സംസാരിക്കുമ്പോൾ അവരിലൊരാൾ സംസാരിക്കുന്ന രീതിയിൽ ആവാൻ ശ്രമിക്കണം.
  • പ്രസംഗിക്കുമ്പോൾ ഒരു കാരണവശാലും ആക്ഷേപിക്കുവാനോ, ബോഡി ഷൈമിങ് കൊണ്ടുവരാനോ പാടില്ല. അത് പ്രത്യേകം ശ്രദ്ധിക്കണം.

ഇതൊക്കെയാണ് നന്നായി പ്രസംഗിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.