Sections

വർധിച്ച് വരുന്ന വയോജന പരിപാല കേന്ദ്രങ്ങൾ: നമുക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന രക്ഷിതാക്കൾക്ക് തിരിച്ച് നൽകേണ്ടത് വയോജന പരിപാലന കേന്ദ്രങ്ങളോ?

Monday, Jul 17, 2023
Reported By Admin
Oldage Home

കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന വൃദ്ധസദനങ്ങളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് മാത്രമല്ല, സീനിയർ ഷെൽട്ടർ ഹോമുകളിൽ താമസിക്കാനും സമാന ചിന്താഗതിക്കാരായ ആളുകളുമായി അവരുടെ ജീവിതകാലം മുഴുവൻ സമാധാനത്തോടെ ജീവിക്കാനുമുള്ള മുതിർന്നവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ് ഈ സംഖ്യാ വർദ്ധനവിന് പിന്നിലെ ഏറ്റവും വലിയ കാരണം.

നമ്മുടെ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മാതാപിതാക്കൾ. രക്ഷകർത്താക്കളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് നമ്മുടെ ജീവിതം. അങ്ങനെയുള്ള രക്ഷകർത്താക്കളെ നാം എങ്ങനെയാണ് സംരക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ലേഖനമാണ് ഇന്ന്.

ഒരു മനുഷ്യായുസ്സ് മുഴുവൻ മക്കൾക്കുവേണ്ടി ജീവിതം ഹോമിക്കുന്നവരാണ് മാതാപിതാക്കൾ. അങ്ങനെയുള്ള രക്ഷകർത്താക്കൾക്ക് വേണ്ടി നാം എന്ത് ചെയ്താലും അത് കൂടുതലാവില്ല. എന്നാൽ നമ്മളെല്ലാവരും അവരുടെ ആഗ്രഹത്തിന് എന്തുമാത്രം വിലകൽപ്പിക്കാറുണ്ട്. ഭൂരിഭാഗം ആളുകളും അങ്ങനെ വിലകൽപ്പിക്കാറില്ല എന്നതാണ് വാസ്തവം. നമ്മുടെ മക്കൾക്കോ ഭാര്യക്കോ അല്ലെങ്കിൽ ഭർത്താവിനോ വേണ്ടി സമയം ചെലവഴിക്കുമ്പോൾ നാം എന്തുകൊണ്ട് മാതാപിതാക്കളെ മറക്കുന്നു. നമുകൊപ്പഠ അവരെയും എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം.

  • ചിലരെങ്കിലും  പ്രായം കൊണ്ടും ജനറേഷൻ ഗ്യാപ്പ് കൊണ്ടും  ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ വളരെ പിന്നിൽ നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചിന്താഗതിയുമായി അവർ യോജിച്ച് പോകില്ല എന്നത് നമ്മൾ മനസ്സിലാക്കണം. അതുകൊണ്ടുതന്നെ നാം രക്ഷകർത്താക്കളുമായി അനാവശ്യ തർക്കങ്ങൾ ഉണ്ടാക്കുന്നത് കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാക്കാൻ ഇടവരുത്തും എന്ന് ഓർക്കണം. അതുകൊണ്ട് അവർ് ജനറേഷൻ ഗ്യാപ്പ് ഉള്ളവരാണ് എന്ന് മനസ്സിലാക്കി, ചിന്താഗതിയിലും പ്രവർത്തിയിലും അവരെ മുന്നോട്ടുകൊണ്ടു വരുന്നതിന് വേണ്ടി നാം ശ്രമിക്കണം. കാര്യങ്ങൾ വളരെ സൗമ്യമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയും, അവരോട് ദേഷ്യപ്പെടാതെ പുഞ്ചിരിയോട് കൂടി പറഞ്ഞു മനസ്സിലാക്കാനും നമ്മൾ ശ്രമിക്കണം.
  • ഇന്ന് ആധുനിക ടെക്‌നോളജിയുടെ കാലഘട്ടമാണ്. അവർക്ക് ഇന്നത്തെ കാലഘട്ടത്തിലെ പലതിനെക്കുറിച്ചും അറിവ് ഉണ്ടാവുകയില്ല. പുതിയ ടെക്‌നോളജി അവരെ പഠിപ്പിക്കുമ്പോൾ അവരത് വളരെ പെട്ടെന്ന് മനസ്സിലാക്കിയെടുക്കണമെന്നില്ല. നമ്മൾ അത് മനസ്സിലാക്കി അവരെ സമാധാനത്തോടു കൂടി സമയം എടുത്ത് പറഞ്ഞു കൊടുക്കണം. നമ്മുടെ കുട്ടിക്കാലത്ത് ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചപ്പോൾ അവരും വളരെ ക്ഷമയോടു കൂടി ഇരുന്നവരാണെന്ന് നമ്മൾ ഓർക്കണം.
  • നമ്മൾ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും, നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവരോട് കൂടി സംസാരിക്കുക. അവരുടെ അഭിപ്രായങ്ങൾ ചോദിക്കുക. നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞ് അവര് അറിയാൻ ഇടവരുത്തരുത്. അത് അവർക്ക് വളരെയധികം മാനസിക വിഷമമുണ്ടാകും. അതുകൊണ്ടുതന്നെ എത്ര തിരക്കാണെങ്കിലും എല്ലാ ദിവസവും ഒരു 10 മിനിറ്റ് അവർക്ക് വേണ്ടി മാറ്റി വയ്ക്കണം. ഫോണിലൂടേയൊ നേരിട്ടോ അവരുമായി സംസാരിക്കുക. നമ്മുടെ ജീവിതത്തിൽ അവർക്ക് വളരെ പ്രാധാന്യമുണ്ടെന്ന് അവർക്ക്  ബോധ്യപ്പെടണം.
  • നമ്മൾ അവരെ നന്നായി ശ്രദ്ധിക്കുന്നുണ്ട് എന്ന് അവർക്ക് ബോധ്യപ്പെടണം. പലപ്പോഴും നമ്മുടെ തിരക്കിനിടയിൽ നമ്മൾ ഒഴിവാക്കുന്നത് രക്ഷകർത്താക്കളെ ആയിരിക്കും. നമ്മൾ ഫാമിലിയായി യാത്ര നടത്തുമ്പോൾ അതിൽ രക്ഷകർത്താക്കളെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണം. പല വീടുകളിലും രക്ഷകർത്താക്കളെ ഒരു അധികപ്പറ്റായിട്ടാണ് കാണുന്നത്. ഇത് അവർക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കും.
  • നമ്മൾ രക്ഷകർത്താക്കളെ സംരക്ഷിക്കുന്നത് നമ്മുടെ മക്കൾക്ക് വലിയ ഒരു മാതൃകയാണ്. ഇത് കണ്ട് വളരുന്ന മക്കൾ ഒരിക്കലും മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് കൊണ്ട് തള്ളാൻ സാധ്യതയില്ല.
  • സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കാൻ പോകുമ്പോൾ രക്ഷിതാക്കളെകൂടി കൊണ്ടുപോകുക.
  • നിങ്ങൾ എത്ര തവണ നിങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കുന്നുവെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. നിങ്ങൾ എത്ര തവണ സന്ദർശിച്ചാലും, നിങ്ങൾ ആ എണ്ണത്തിൽ വർദ്ധനവ് വരുത്തേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ ഉണ്ടായിരുന്നിട്ടും, ഒരു വ്യക്തി സന്ദർശനത്തിന് പകരം വയ്ക്കാൻ കഴിയുന്ന സാങ്കേതികവിദ്യയോ കോളുകളുടെ അളവോ ഇല്ല.
  • രോഗികളായ രക്ഷകർത്താക്കളെ വളരെ നന്നായി ശ്രദ്ധിക്കണം.
  • ചിലപ്പോൾ അവർക്ക് ഓർമ്മക്കുറവ് വന്നേക്കാം. ഒരു കാര്യം തന്നെ അവർ പലപ്രാവശ്യം പറഞ്ഞു കൊണ്ടിരിക്കും. ഇത് ഒരു ബുദ്ധിമുട്ടായി കാണാതെ പ്രായാധിക്യത്താൽ അവർക്കുണ്ടാകുന്ന ഒരു അവസ്ഥയാണെന്ന് മനസ്സിലാക്കി അവരെ ചേർത്തുപിടികുക.
  • മുട്ടുവേദനയും നടുവേദനയും നമ്മുടെ പ്രായമായ മാതാപിതാക്കൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളിൽ ഒന്നാണ്. ഇക്കാരണത്താൽ, അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനോ ചുറ്റിക്കറങ്ങാനോ കഴിയില്ല, ഇത് അവർക്ക് ഒറ്റപ്പെട്ടുവെന്നോ മുറിക്കുള്ളിൽ തളച്ചിടപ്പെട്ടുവെന്നോ ഉള്ള തോന്നലുളവാക്കുന്നു. ഇതൊഴിവാക്കുവാൻ അവർക്ക് വാക്കറുകളും വീൽചെയറുകളും നൽകുന്നത് അവരുടെ ജീവിതം വളരെ സന്തോഷകരമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.