Sections

യുകെയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് ഹിന്ദുജ കുടുംബം

Sunday, May 18, 2025
Reported By Admin
Hinduja Family Tops 2025 Sunday Times Rich List with £35.3 Billion Wealth

മുംബൈ: 110 വർഷത്തെ പാരമ്പര്യമുള്ള ബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിൻറെ ചെയർമാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 35.3 ബില്യൺ പൗണ്ട് ആസ്തിയുമായി 2025ലെ സൺഡേ ടൈംസ് സമ്പന്നരുടെ പട്ടികയിൽ ഒന്നാമത്. തുടർച്ചയായ നാലാം വർഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്.

യുകെയിൽ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സൺഡേ ടൈംസിൻറെ പട്ടികയിലുള്ളത്. 2025 പതിപ്പിൽ 350 എൻട്രികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ആഗോളതലത്തിൽ പ്രതിസന്ധികളും നയമാറ്റങ്ങളും ഉണ്ടായിട്ടും, ഹിന്ദുജ കുടുംബം അസാധാരണമായ ബിസിനസ് കരുത്തും ആഗോള നേതൃത്വവും പ്രകടിപ്പിക്കുന്നതിനുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിങ്.

യുകെ ആസ്ഥാനമായുള്ള കുടുംബത്തിൻറെ ജി. പി. ഹിന്ദുജ ചെയർമാനായുള്ള ഗ്രൂപ്പ് കമ്പനികൾ 38 രാജ്യങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. മൊബിലിറ്റി, ഡിജിറ്റൽ സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, മീഡിയ, പ്രോജക്ട് ഡവലപ്പ്മെൻറ്, ലൂബ്രിക്കൻറ്, സ്പെഷ്യാലിറ്റി കെമിക്കലുകൾ, ഊർജ്ജം, റിയൽ എസ്റ്റേറ്റ്, ട്രേഡിങ്, ആരോഗ്യ സംരക്ഷണം, ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി ഉൾപ്പെടെ വിവിധ മേഖലകളിൽ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്.

ഹിന്ദുജ ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര ഗ്രാമവികസനം, ജലസംരക്ഷണം, തുടങ്ങിയ മേഖലകളിൽ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപൃതരാണ്.

15.444 ബില്യൺ പൗണ്ട് ആസ്തിയുമായി യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മറ്റൊരു ഇന്ത്യൻ വ്യവസായിയായ ലക്ഷ്മി മിത്തലും കുടുംബവും 2025ലെ സൺഡേ ടൈംസ് സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.