Sections

ഉപ്പൂറ്റി വേദന; കാരണങ്ങൾ, വ്യായാമങ്ങൾ, ഫലപ്രദമായ ചികിത്സകൾ

Monday, Jul 14, 2025
Reported By Soumya
Heel Pain: Causes, Exercises & Effective Treatments

മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഇത് കാരണങ്ങളും പലതുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റിയിൽ ചിലർക്കു വേദനയുണ്ടാകും. കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയും. പക്ഷേ, അൽപനേരം വിശ്രമിച്ചശേഷം നടന്നാൽ വീണ്ടും വേദന വരും. ചില സമയങ്ങളിൽ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ മൂലവും ഉപ്പൂറ്റിയിൽ വേദന അനുഭവപ്പെടാം.ഉപ്പൂറ്റിയിൽ അസാധാരണമായി സംഭവിക്കുന്ന എല്ലുവളർച്ചയും ഉപ്പൂറ്റിവേദനയുടെ ഒരു പ്രധാന കാരണമാണ്.മുതിർന്നവരെ കൂടാതെ കൊച്ചുകുട്ടികൾക്ക് പോലും ഉപ്പൂറ്റി വേദന കാണാറുണ്ട്. കൊച്ചുകുട്ടികളിൽ കാണുന്ന അമിതവണ്ണവും ഫ്ളാറ്റ് ഫൂട്ടും(പാദങ്ങളുടെ നടുവിലെ ആർച് നിവർന്നു നേരെ ഇരിക്കുന്ന അവസ്ഥ) ഉപ്പൂറ്റി വേദനയുടെ കാരണമാകുന്നു. ഫ്ലാറ്റ് ഫൂട്ടുള്ള മുതിർന്നവരിലും ഉപ്പൂറ്റിവേദനയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ് . ചിലർക്ക് ഇത്തരം പ്ലാന്റാർ ഫേഷൈ്യറ്റിസ് കുറച്ചുനാൾ കൊണ്ട് നീർക്കെട്ട് കുറയുമ്പോൾ സുഖമാകുന്നു.ഉപ്പൂറ്റി വേദന വരാനുള്ള വേറൊരു പ്രധാന കാരണമാണ് അക്ക്ലിസ് ടെൻഡിനൈറ്റിസ്. കാൽമുട്ടിന്റെ പുറകിലൂള്ള കാൽവണ്ണയുടെ മസിലുകളെ ഉപ്പുറ്റിയുമായി ബന്ധിപ്പിക്കുന്ന നീളവും കട്ടിയുമുള്ള റിബ്ബൺ പോലുള്ള ഭാഗത്തെയാണ് അക്ക്ലിസ് ടെൻഡൻ എന്ന് പറയുന്നത്. അധികമായി നടക്കുമ്പോഴോ, ഏതെങ്കിലും ഒരു കാലിൽ മാത്രം കൂടുതൽ സമ്മർദ്ദമേൽപ്പിക്കുന്ന അവസ്ഥകളിലോ ഇതിനു സൂക്ഷമായ വിള്ളലുകളും ക്ഷതങ്ങളും സംഭവിക്കുകയും അക്ക്ലിസ് ടെൻഡിനൈറ്റിസ് എന്ന വേദനാജനകമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉപ്പൂറ്റി വേദനക്കുള്ള പ്രതിവിധി

  • വ്യായാമം - ഏറ്റവും പ്രധാനമാണ്. രാവിലെ എഴുന്നേറ്റു നടന്നു തുടങ്ങുന്നതിനു മുമ്പ് കട്ടിലിൽ കാൽമുട്ട് നിവർത്തി ഇരിക്കുക,കാൽ വിരലുകൾ അകത്തേക്കും പുറത്തേക്കും ആയി ഒരു പത്തു തവണയെങ്കിലും മടക്കുകയും നിവർത്തുകയും ചെയ്യുക. കാൽപാദം മുഴുവനായും ഒരു തോർത്തോ തുണിയോ ഉപയോഗിച്ച് ഏകദേശം 15 സെക്കന്റ് സമയത്തേക്ക് മുകളിലേക്ക് വലിച്ചു പിടിച്ചു നിർത്തണം. ഈ വ്യായാമം ഓരോ കാലിലും 10 തവണയെങ്കിലും ആവർത്തിക്കുക. ഐസ് നിറച്ച ബോട്ടിൽ നിലത്തു വെച്ച് ഒരു കസേരയിൽ ഇരുന്നു കൊണ്ട് പാദത്തിന്റെ ആർച് ഉള്ള ഭാഗം കൊണ്ട് പതുക്കെ ചവുട്ടി മുന്നിലേക്കും പുറകിലേക്കുമായി ഉരുട്ടുക. ഇത് പാദത്തിലെ ഫേഷ്യ യിലെ നീർക്കെട്ട് കുറക്കുവാനും വേദന ശമിപ്പിക്കാനുള്ള നല്ല രീതിയാണ്.ദിവസവും ഒരു പത്തു മിനിട്ടു നേരം ഇപ്രകാരം ചെയ്യുക. ഒരു പരന്ന പാത്രത്തിലെ ചൂടുവെള്ളത്തിൽ 3 മിനുട്ടു നേരം വേദനയുള്ള പാദം മുക്കിവെച്ച ശേഷം എടുത്ത് വേറൊരു പാത്രത്തിലെ തണുത്ത വെള്ളത്തിൽ ഒരു മിനുട്ട് നേരം പാദം മുക്കി വെക്കുക . ഇപ്രകാരം ഇടവിട്ട് ചൂടും തണുപ്പുമേല്പിക്കുന്നത് ഉപ്പൂറ്റി വേദനക്ക് നല്ല ആശ്വാസം നൽകും.ഒരു ട്രേയിൽ കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ഗോലികൾ ഇട്ട ശേഷം വേദനാസംഹാരികളായ ആയുർവേദ തൈലങ്ങൾ ഏതെങ്കിലും അതിൽ ചൂടാക്കി അൽപ്പം ഒഴിച്ച ശേഷം ഒരു കസേരയിൽ ഇരുന്നു കൊണ്ട് ട്രേയിലെ ഗോലികളിൽ ചവിട്ടിയുരുട്ടി പാദത്തിനിടയിൽ മസ്സാജ് നൽകുന്ന രീതി വേദന ശമിപ്പിക്കും.
  • അനുയോജ്യമായ പാദരക്ഷകൾ ധരിക്കുക. ഷൂസ് ധരിക്കുമ്പോൾ ഷൂസിന്റെ പിൻവശം മടക്കി അതിനു മുകളിൽ ഉപ്പൂറ്റി കയറ്റി വെച്ച് നടക്കുന്ന ശീലം പാടെ ഒഴിവാക്കുക. അമിതവണ്ണം ഉള്ളവർ ശരീരഭാരം കുറക്കുക.അമിത ഭാരം താങ്ങാനുള്ള കഴിവ് നിങ്ങളുടെ ഉപ്പുറ്റിക്കു എപ്പോഴും ഉണ്ടായെന്നു വരില്ല.
  • ചെയേണ്ട ചികിത്സകൾ ചെയ്തും ശരീര ഭാരം ക്രമീകരിക്കുക. തണുപ്പുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ കാലുകളിൽ സോക്സ് ധരിക്കുക.
  • കാൽപാദങ്ങൾ ദീർഘനേരം നനഞ്ഞിരിക്കുന്നതും, നനഞ്ഞ സോക്സ് ധരിക്കുന്നതും ഒഴിവാക്കണം. മലബന്ധം, മൂത്രതടസ്സം,മൂത്രത്തിൽ ഇടയ്ക്കിടെ അണുബാധ,നട്ടെല്ല് സംബന്ധമായ ചില തകരാറുകൾ, രക്തത്തിലെ അധികമായ യൂറിക് ആസിഡ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുള്ളവരിൽ ഉപ്പൂറ്റി, പാദം, കണങ്കാൽ,എന്നിവിടങ്ങളിൽ വേദനയുണ്ടാകാറുണ്ട്. ഒരു ആയുർവേദ ഫിസിഷ്യനെ കണ്ടു തക്കതായ രോഗനിർണയ പരിശോധനകൾ നടത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടതാണ്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.