Sections

ഓക്സിസൈറ്റോസിൻ മുതൽ എത്തിലീൻ വരെ: പഴങ്ങളിലും പച്ചക്കറികളിലും മറഞ്ഞിരിക്കുന്ന വിഷങ്ങൾ

Tuesday, Apr 21, 2026
Reported By Soumya S
Chemical Toxins in Fruits & Vegetables: Health Risks & Facts

കാർബൈഡ് ചേർത്ത് മാങ്ങ പഴുപ്പിക്കുന്ന ടെക്നിക് നാം മനസ്സിലാക്കിയിട്ട് ഏറെക്കാലമായിട്ടില്ല. മൂക്കാത്തതും പഴുക്കാത്തതുമായ മാങ്ങ ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും കണ്ടയ്നറുകളിൽ കുത്തിനിറച്ച് കൊണ്ടുവരുമ്പോൾ കാർബൈഡ് പുകച്ച് പഴുപ്പിക്കുന്ന രീതി ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തെത്താൻ ലോറികൾ എടുക്കുന്ന സമയത്തിനനുസരിച്ച് കാർബൈഡിന്റെ ഡോസ് കണ്ടയ്നറിൽ വെക്കുകയാണ്. കേരളത്തിലെത്തുമ്പോൾ മാങ്ങ പഴുത്തിരിക്കും ഗ്യാരന്റിയാണ്. ഇതോടൊപ്പം മാങ്ങ കാർബൈഡിന്റെ നല്ലൊരു പങ്ക് വലിച്ചെടുത്തിട്ടുമുണ്ടാകും. ഇത് മനുഷ്യ ശരീരത്തിലെത്തിയാൽ കണ്ണുകളെയും ശ്വാസകോശത്തെയും മാരകമായി ബാധിക്കുന്നു.

കാത്സ്യം കാർബൈഡ് മാങ്ങയിൽ മാത്രമല്ല ഉപയോഗിക്കുന്നത്. പച്ചക്കറികൾ പാകമാക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ത്വക്കും കണ്ണും തൊലിയും വായയും തൊണ്ടയും ചൊറിയാൻ കാത്സ്യം കാർബൈഡ് കാരണമാകുന്നു. തൊലിയിലെ അൾസറിന് കാരണമാകുന്ന കാർബൈഡ് വൻ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നതെന്ന് ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നു.

ഈയടുത്താണ് തണ്ണിമത്തനിൽ നിറം നൽകുന്നതിനും മധുരം കൂട്ടാനും രാസപദാർഥങ്ങൾ കുത്തിവെക്കുന്നതായി വാർത്ത വന്നത്. പാവയ്ക്ക, വഴുതന, മത്തങ്ങ, തക്കാളി എന്നിവയിലും വിഷകരമായ രാസപദാർഥങ്ങൾ കുത്തിവെക്കുന്നതായി വ്യക്തമായിട്ടുണ്ട്. പച്ച നിറമുള്ള പച്ചക്കറികളുടെ നിറം മാറാതെ നിൽക്കാനും തിളക്കം നിലനിർത്താനും വാടിപ്പോകാതിരിക്കാനും ക്ലോറോഫിൽ ഉപയോഗിക്കുന്നു. ദിവസങ്ങളോളം ''ഫ്രഷ്നസ്'' നിലനിർത്തുന്നതിന് വേണ്ടായാണ് മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളും കർഷകരും ഇത് ഉപയോഗിക്കുന്നത്.

പഴങ്ങൾക്കും പച്ചക്കറികൾക്കും നല്ല വില കിട്ടണം. അതാണ് വിൽപ്പനക്കാരുടെ ലക്ഷ്യം. അതുപയോഗിക്കുന്ന ആബാലവൃദ്ധം ജനങ്ങളുടെ ആരോഗ്യ കാര്യമൊന്നും അവർക്ക് പ്രശ്നമല്ല. അങ്ങനെ വരുമ്പോൾ അവർ മരണ വ്യാപാരികളായി മാറുന്നു. മനുഷ്യ ജീവനുകൾ അവർക്ക് വെറും ഉപഭോക്താവ് മാത്രം. വിഷം തളിയ്ച്ചും നിറം നിലനിർത്തുക, ഉത്പന്നങ്ങൾ ആകർഷകമാക്കിവെക്കുക, എത്രയും പെട്ടെന്ന് വിറ്റ് തീർക്കുക- ലളിതമാണ് ലക്ഷ്യം. പക്ഷേ, ക്രൂരമാണ് കാര്യം. ഇതിനായി അവർ ഉപയോഗിക്കുന്ന മരുന്നുകളിൽ പ്രധാനപ്പെട്ടത് ഓക്സിസൈറ്റോസിൻ ആണ്. ഗർഭിണികളായ സ്ത്രീകളിൽ പ്രസവം സുഗമമായി നടക്കുന്നതിന് വേണ്ടി വഴുവഴുപ്പ് ഉണ്ടാക്കുന്നതിനും പ്രസവം ഉദ്ദീപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന, വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇഞ്ചക്ഷനാണ് പച്ചക്കറികളിൽ നിറം നിലനിർത്താൻ കുത്തിവെക്കുന്നത്. പഴങ്ങൾ കൂടുതൽ വലുതാകുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ടത്രേ. കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി എരുമകളിൽ ഓക്സിസൈറ്റോസിൻ ഉപയോഗിക്കുന്നവരുണ്ട്. മൃഗങ്ങളിലും പച്ചക്കറികളിലും പഴങ്ങളിലും എത്തുന്ന ഓക്സിസൈറ്റോസിൻ മനുഷ്യനിലെത്താൻ ഒരു പ്രയാസവുമില്ല.

പച്ചക്കറികളിൽ പച്ച നിറം നിലനിർത്താനുതകുന്ന ഓക്സിസൈറ്റോസിനും മറ്റു മാരക രാസപദാർഥങ്ങളും ഡൽഹിയിലും മുംബൈയിലും ഡൽഹിയിലും വ്യാപകമായി നിർമിക്കപ്പെടുന്നുണ്ട്. ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം രാസവസ്തു നിർമാണ ശാലകൾ മറ്റു സ്ഥലങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായും പറയുന്നു. ഓക്സിസൈറ്റോസിൻ അനവധി രോഗങ്ങളാണ് ഉണ്ടാക്കുന്നത്. പ്രധാനമായും ഹോർമോണുകളുടെ താളം തെറ്റിക്കുന്നു. വയറ്റിൽ അസുഖം, ഛർദി, തലവേദന, രക്തസമ്മർദം, മനം പിരട്ടൽ എന്നിവയാണ് ഓക്സിസൈറ്റോസിൻ ഉണ്ടാക്കുന്ന പ്രധാന അസുഖങ്ങൾ. ഉത്പാദനേന്ദ്രിയ ഹോർമോണുകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കുട്ടികളിൽ വളർച്ചാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

പഴവർഗങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു രാസവസ്തുവാണ് ഇത്തെഫോൺ. കാത്സ്യം കാർബൈഡ് ഈർപ്പവുമായി സന്ധിക്കുമ്പോൾ അസൈറ്റിലീൻ ഉണ്ടാകുന്ന പോലെ ഇത്തെഫോൺ എത്തീലിൻ ഉദ്പാദിപ്പിക്കുന്നു. ഇത് വാഴപ്പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്നു. ആപ്പിൾ, ഓറഞ്ച്, അത്തിപ്പഴം, മുളക്, കാപ്സിക്കം, കാപ്പി എന്നിവയും പഴുപ്പിക്കുന്നതിനും എത്തിലീൻ ഉപയോഗിക്കുന്നുണ്ട്. വാതകമായി മാറുന്ന ഈ ഹോർമോൺ ശ്വസിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എത്തിലീൻ കണ്ണ്, തൊലി, ശ്വാസകോശം എന്നിവയെ നശിപ്പിക്കുന്നു. ഓർമശക്തി കുറയ്ക്കുന്നു.

ഇത്തെഫോൺ എന്ന രാസപദാർഥമാണ് എത്തിലീൻ ഉത്പാദനത്തിന് മുമ്പൊക്കെ ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് കുറേക്കൂടി വീര്യം കൂടിയ ബി എത്തിലീനാണ് പഴങ്ങൾ വേഗത്തിൽ പാകാമാകാൻ ഉപയോഗിക്കുന്നത്. ബി എത്തിലീൻ എത്തിലീനേക്കാൾ വീര്യം കൂടിയ രാസപദാർഥമായതിനാൽ, ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം കൂടുതലാണ്. പച്ചക്കറിയിൽ ഉപയോഗിക്കുന്ന പല രാസപദാർഥങ്ങളും വയറ്റിൽ ക്യാൻസർ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. തണ്ണിമത്തനിൽ മധുരം കൂട്ടുന്നതിന് ഉപോഗിക്കുന്ന ഫ്രക്റ്റോസ് എന്ന രാസവസ്തു കിഡ്നി തകരാറിലാക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പ്രമേഹത്തിനും ക്യാൻസറിനും കാരണമാകുന്നുണ്ട്. ഫ്രക്റ്റോസ് ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന യൂറിക് ആസിഡിന് അമിത വണ്ണം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഇൻസുലിൻ പ്രതിരോധം പ്രമേഹം വർധിക്കാൻ കാരണമാകുന്നത് വലിയ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നു.

പച്ചക്കറികളിൽ നിറം നിലനിർത്താൻ മെല ചൈറ്റ് ഗ്രീൻ ഉപയോഗം സർവസാധാരണമാണ്. വഴുതന കേടുവരാതിരിക്കാൻ അമിതമായ കീടനാശിനി പ്രയോഗം നടക്കുന്നുണ്ട്. മുന്തിരി കീടനാശിനിയിൽ മുക്കിയെടുക്കുന്നത് ഇന്ന് വാർത്തയല്ലാതായിരിക്കുന്നു. ന്യൂ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഇന്ത്യയിൽ പച്ചക്കറികളിൽ 106 ഇനം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും പാശ്ചാത്യ നാടുകളിൽ നിരോധിച്ചവയാണ്.

ചെറി പഴങ്ങൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന എന്റോസൾഫാൻ ജനിതക വൈകല്യം സൃഷ്ടിക്കുന്ന കീടനാശിനിയാണ്. മിക്കവാറും പഴങ്ങളുടെ പുതുമ നിലനിർത്താൻ മെഴുക് സ്പ്രേ ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ, മാങ്ങ, മുന്തിരി,എന്നിവയിൽ ഇത്തരം മെഴുക് കവചം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ മെഴുക് ദഹനക്കേടും ക്യാൻസറും ഉണ്ടാക്കുന്നതിന് പര്യാപ്തമാണ്. തുരിശ് പോലുള്ള രാസപദാർഥങ്ങൾ പഴങ്ങളിലും പച്ചക്കറികളിലും ക്രത്രിമമായി നിറം നൽകാൻ ഉപയോഗിക്കുന്നതും മാരക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പഴങ്ങൾ കഴിക്കുന്നതു മൂലം, വയറിളക്കത്തിന് കാരമാകുന്നുണ്ടെങ്കിൽ ഉറപ്പാണ് അതിൽ മായം ചേർന്നിട്ടുണ്ടെന്ന്.

ശരിയായും വൃത്തിയായും കൈകാര്യം ചെയ്യാത്ത പഴങ്ങളുടെ പാനീയങ്ങളിലെല്ലാം ഇ കോളി, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകളുടെ അമിതമായ സാന്നിദ്ധ്യം ഉറപ്പാണ്. ഇത് ഛർദി അതിസാരത്തിന് ഇടയാക്കുമെന്നതും തീർച്ചയാണ്. അധികൃതർക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമെങ്കിലും നിയമങ്ങൾ പണമുണ്ടാക്കാനുള്ള മാർഗമായി ഉപയോഗിക്കപ്പെടുമ്പോൾ നടപടികൾ നിശ്ചലമാകും. അതാണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്. ഇത് ജനങ്ങളോടുള്ള ക്രൂരതയും ജനദ്രോഹപരമായ നടപടിയുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.