Sections

മെസ്സി കിരീടം അണിയുന്നത് കാണാൻ 14000 കി.മി താണ്ടിയെത്തിയത് അരലക്ഷം അർജ്ജന്റീനക്കാർ

Tuesday, Dec 13, 2022
Reported By admin
argentina

നാട്ടിലെ 45 ദശലക്ഷം ജനങ്ങൾക്കായാണ് താൻ കളിക്കുന്നതെന്ന് വെള്ളിയാഴ്ചത്തെ നെതർലാൻഡ്‌സുമായുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിലെ നായകനായ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പറഞ്ഞിരുന്നു


സ്വന്തം നാട്ടുകാർക്കു മുമ്പിൽ കളിക്കുന്ന പ്രതീതിയാണ് ഖത്തർ ലോകകപ്പിലെ ലുസൈൽ സ്റ്റേഡിയത്തിൽ പന്തുതട്ടുമ്പോൾ മെസ്സിക്കും കൂട്ടർക്കും അനുഭവപ്പെടുന്ന വികാരം. ഇളം നീലയും വെള്ളയും വരകളുള്ള ടീ ഷർട്ടുകളിൽ അർജന്റീനിയൻ ആരാധകരുടെ നിലയ്ക്കാത്ത ആരവങ്ങളാണ് സ്റ്റേഡിയമൊന്നാകെ മുഴങ്ങുന്നത്. ലയണൽ മെസ്സിയുടെ ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിന് കരുത്ത് പകരാൻ ക്രൊയേഷ്യയുമായി കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ മത്സരം കാണാൻ അർജന്റീനയിൽ നിന്നെത്തിയരിക്കുന്നത് അര ലക്ഷത്തോളം കാണികളാണെന്നാണ് കണക്കുകൾ. ഖത്തറിലെ അർജന്റീനിയൻ എംബസിയുടെ കണക്കുകൾ പ്രകാരമാണിത്.

അയൽ രാജ്യമായ സൗദിയെ മാറ്റി നിർത്തിയാൽ മറ്റൊരു രാജ്യത്തിൽ നിന്നും ഇത്രയേറെ ആരാധകർ തങ്ങളുടെ ടീമിന് കരുത്തുപകരാനായി ഖത്തറിൽ എത്തിയിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 14,000ത്തോളം കിലോമീറ്റർ താണ്ടി ഒന്നര ദിവസത്തെ യാത്രയ്ക്കു ശേഷമാണ് അർജന്റീന ആരാധകർ ഖത്തറിലെത്തുന്നത്. ഇവരിൽ പലരും തങ്ങളുടെ രാജ്യം മൂന്നാമത് ലോകകപ്പ് കിരീടം ചൂടുമെന്ന പ്രതീക്ഷയിൽ ഡിസംബർ 18 വരെ ഖത്തറിൽ തങ്ങാനുള്ള തയ്യാറെടുപ്പിലാണ് എത്തിയിരിക്കുന്നത്.

മെസ്സിക്കും അർജന്റീനയ്ക്കും വ്യാപകമായ പിന്തുണ ലഭിക്കുന്നത് അർജന്റീനയിൽ നിന്നെത്തിയ ആരാധകരിൽ നിന്ന് മാത്രമല്ലെന്നതാണ് അനുഭവം. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള പതിനായിരക്കണക്കിന് അർജന്റീന ആരാധകർ ഓരോ മൽസരത്തിലും ഗാലറികളിൽ ആവേശം വിതറാനെത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഖത്തറിലെ പ്രവാസികളിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാർ തന്നെയാണ് ഇതിൽ മുൻപന്തിയിൽ.

88,966 സീറ്റുകളുള്ള ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇവിടെ നടന്ന ഓരോ മൽസരത്തിനും ഫൈനൽ വിസിൽ മുഴങ്ങിയ ശേഷം അർജന്റീന കളിക്കാരും ആരാധകരും ചേർന്ന് സ്റ്റേഡിയത്തിൽ മണിക്കൂറുകളോളം ടീമിന്റെ വിജയം ആഘോഷിക്കുന്നത് കാണുമ്പോൾ കളി നടക്കുന്നത് അർജന്റീനയിലാണെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ആരാധകരുടെ പിന്തുണ അർജന്റീന ടീം എത്രമാത്രം വിലമതിക്കുന്നു എന്നതിന് തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നാട്ടിലെ 45 ദശലക്ഷം ജനങ്ങൾക്കായാണ് താൻ കളിക്കുന്നതെന്ന് വെള്ളിയാഴ്ചത്തെ നെതർലാൻഡ്സുമായുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിലെ നായകനായ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പറഞ്ഞിരുന്നു. തന്റെ നാട്ടുകാർ മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രയാസങ്ങൾക്കിടയിൽ ആളുകൾക്ക് സന്തോഷം നൽകുകയാണ് ഇപ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം- അദ്ദേഹം പറഞ്ഞു. അർജന്റീന സങ്കീർണ്ണവും രാഷ്ട്രീയമായി തകർന്നതുമായ രാജ്യമാണ്. രാജ്യത്തെ ഒന്നിപ്പിക്കുന്ന ചില വിഷയങ്ങളുണ്ട്. അതിലൊന്നാണ് ദേശീയ ഫുട്ബോൾ ടീം- ബ്യൂണസ് ഐറിസിലെ ഫോക്ക്ലാൻഡ്സ് മ്യൂസിയം ഡയറക്ടർ എഡ്ഗാർഡോ എസ്തബാൻ പറഞ്ഞു. ഖത്തറിലേക്ക് യാത്ര ചെയ്ത ആരാധകരിൽ പലരും പണപ്പെരുപ്പത്തിന്റെ കെടുതികൾ ഒഴിവാക്കുന്നതിനായി വർഷങ്ങളോളം തങ്ങളുടെ അർജന്റീനിയൻ പെസോകൾ കരുതിവച്ച് അവ യുഎസ് ഡോളറാക്കി മാറ്റിയാണ് യാത്രയ്ക്കായുള്ള പണം കണ്ടെത്തിയതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.