Sections

സംസ്ഥാനത്ത് 2023 - 24 അദ്ധ്യയന വർഷത്തിലെ അക്കാദമിക്ക് കലണ്ടറിൽ 28 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിൽ

Wednesday, May 24, 2023
Reported By Admin
Education

28 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി ഉൾപ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ


സംസ്ഥാനത്ത് 2023 - 24 അദ്ധ്യയനവർഷത്തെ അക്കാദമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി ഉൾപ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത അദ്ധ്യയനവർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ ചർച്ച ചെയ്യാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു ചേർത്ത ക്യു ഐ പി യോഗത്തിലാണ് 220 സാധ്യായ ദിനങ്ങൾ തികയ്ക്കുവാനായി 28 ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനങ്ങളായി ഉൾപ്പെടുത്തുന്നതിനുള്ള കരട് നിർദ്ദേശം ചർച്ചയ്ക്ക് വന്നത്. പ്രസ്തുത നിർദ്ദേശമനുസരിച്ച് ജൂൺ മാസത്തിൽ 3, 17, 24 ജൂലായ് മാസത്തിൽ 1,15, 22, 29 ആഗസ്റ്റിൽ 5,19 സെപ്റ്റംബറിൽ 16, 23, 30 ഒക്ടോബറിൽ 7, 21, 28 നവംബറിൽ 4, 25 ഡിസംബറിൽ 2,16 ജനുവരിയിൽ 6, 20, 27 ഫെബ്രുവരിയിൽ 3, 17, 24 മാർച്ചിൽ 2, 16, 23 എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തി ദിനമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലാകട്ടെ, നവംബറിലെ 18-ാം തീയതി കൂടി ഉൾപ്പെടുത്തി 221 പ്രവൃത്തിദിനങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രവൃത്തി സമയം കൂടുതലായതിനാൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് ശനിയാഴ്ച പൂർണമായും ഒഴിവാക്കിക്കൊണ്ട് 192 പ്രവൃത്തിദിനങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ നിലവിൽ വന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂൾവിദ്യാർത്ഥികൾക്കും രണ്ടാം ശനിയാഴ്ച്ചയും വെക്കേഷനുകളിൽ ഉൾപ്പെട്ടു വരുന്നവയും ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിനമായി മാറുകയാവും ഉണ്ടാവുക.

കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് ആയിരം മണിക്കൂർ അദ്ധ്യയനം കുട്ടികളുടെ അവകാശമാണ്. ഇതനുസരിച്ച് 200 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാനായി ആറാം പ്രവൃത്തിദിനമല്ലാത്ത ഏതാനും ശനിയാഴ്ചകൾ കൂടി സാധാരണ പ്രവൃത്തിദിനമാക്കാറുണ്ട്. എന്നാൽ ഇതിനായി അദ്ധ്യയന വർഷത്തിലെ മിക്കവാറും എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കുന്ന നീക്കം അത്യപൂർവമാണ്. എന്നാൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സമ്മർദ്ദത്തിലാഴ്ത്തുന്നതാണ് ഈ നിർദ്ദേശമെന്നും അതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നുമുള്ള അഭിപ്രായമാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾക്കുള്ളത്. ഈ നിർദ്ദേശത്തിൽ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുകയുണ്ടായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.