Sections

നിലപാട് കടുപ്പിച്ച് ഗൂഗിൾ; ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും

Friday, Jun 16, 2023
Reported By admin
google

സ്വരം കടുപ്പിക്കുമ്പോൾ ജീവനക്കാരും അത്ര രസത്തിലല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ


വർക് ഫ്രം ഹോം മതിയാക്കി ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശം കർശനമാക്കി ഗൂഗിൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഗൂഗിൾ അനുമതി നൽകിയിരുന്നു. കോവിഡ് വ്യാപനത്തേത്തുടർന്ന് താൽക്കാലികമായി നടപ്പാക്കിയ വർക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചു കൊണ്ടായിരുന്നു ഗൂഗിളിന്റെ അന്നത്തെ തീരുമാനം. എന്നാൽ പിന്നീട്  ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം ഓഫീസിൽ എത്തണമെന്ന് ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നെങ്കിലും, പലരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ജീവനക്കാരുടെ പെർഫോമൻസ് വിലയിരുത്തുമ്പോൾ  ബാഡ്ജ് ട്രാക്കിംഗും ഹാജരും  അതിൽ ഉൾപ്പെടുത്തുമെന്നും അറിയിപ്പുണ്ട്. വ്യക്തിപരമായി ഒത്തുചേരുന്നതിന് പകരം വയ്ക്കാൻ ഒന്നുമില്ലെന്നും  ഗൂഗിൾ ചീഫ് പീപ്പിൾ ഓഫീസർ ഫിയോണ സിക്കോണി ജോലിനയ പരിഷ്‌കരണത്തോടനുബന്ധമായി പറഞ്ഞു. മാത്രമല്ല  പൂർണമായും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി ലഭിച്ചിട്ടുള്ളവരുടെ കാര്യവും പുന:പരിശോധിക്കും. ഓഫീസിലെ ഹാജർ നിലയിൽ കുറവ് വരുന്ന ജീവനക്കാർക്കെതിരെ നടപടികളുമുണ്ടാകും

എന്നാൽ ജീവനക്കാർക്കെതിരെ  ഗൂഗിൾ സ്വരം കടുപ്പിക്കുമ്പോൾ ജീവനക്കാരും അത്ര രസത്തിലല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . അനുവദനീയമായ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റും ഗൂഗിളിന്റെ പുതിയ ഹാജർ, ബാഡ്ജ്  തീരുമാനത്തോടുള്ള അതൃപ്തി ജീവനക്കാർ പ്രകടിപ്പിക്കുന്നുമുണ്ട്.  കമ്പനി തങ്ങളുടെ വർക്ക് നോക്കിയാൽ മതി, ബാഡ്ജ് നോക്കേണ്ടതില്ലെന്ന് പറയുന്നവരുമുണ്ട്. മാത്രമല്ല ഹാജർ നില, പെർഫോമൻസ് അവലോകനത്തിൽ ഉൾപ്പെടുത്തുമെന്നുള്ള തീരുമാനത്തിനെതിരെയും ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നേരത്തെ  ഗൂഗിളിൽ 'വർക്ക് ഫ്രം ഹോം' പ്രഖ്യാപിച്ചത്. ഗൂഗിളിലെയും മാതൃസ്ഥാപനമായ ആൽഫാബെറ്റ് ഇൻകോർപറേഷനിലെയും രണ്ട് ലക്ഷത്തോളം പൂർണസമയ, കരാർ ജീവനക്കാർക്കാണ് ഈ സൗകര്യം അനുവദിച്ചിരുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.