Sections

പുതിയ ലക്ഷ്യവും ബ്രാൻഡ് ഐഡൻറിറ്റിയും പ്രഖ്യാപിച്ച്  ഗോദ്‌റെജ് ഇൻഡസ്ട്രീസ്; 2031-ഓടെ ആകെ വിപണി മൂല്യം 5,00,000 കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്

Thursday, Apr 23, 2026
Reported By Admin
Godrej Unveils New Brand Identity and Growth Vision

കൊച്ചി: ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ പുതിയ ലക്ഷ്യവും ബ്രാൻഡ് ഐഡൻറിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിൻറെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഐഡൻറിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിർണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. 129 വർഷത്തെ പാരമ്പര്യത്തിൻറെ കരുത്തിലും പുതിയ രൂപത്തിൽ രണ്ട് വർഷം മാത്രം പ്രായമുള്ള ഒരു ഗ്രൂപ്പിൻറെ ഊർജ്ജവും ഉൾക്കൊള്ളുന്നതാണ് ഈ മാറ്റം. പുതിയ ലക്ഷ്യവും ഐഡൻറിറ്റിയും ഗ്രൂപ്പ് എവിടെ നിന്നാണ് ആരംഭിച്ചതെന്നും എവിടേക്കാണ് പോകുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, കൃഷി, രാസവസ്തുക്കൾ തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിൻറെ ബിസിനസ് വിഭാഗങ്ങളിൽ കൂടുതൽ തന്ത്രപരമായ ഏകോപനവും വ്യക്തതയും കൊണ്ടുവരാൻ ഈ മാറ്റം സഹായിക്കും. മുംബൈയിലെ ഗ്രൂപ്പ് ആസ്ഥാനമായ 'ഗോദ്റെജ് വണ്ണിൽ' ലാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഈ മാറ്റങ്ങളുടെ കാതൽ '1897 മുതൽ നാളെക്കായുള്ള നിർമ്മാണത്തിൽ' എന്ന ഗ്രൂപ്പിൻറെ പുതിയ ലക്ഷ്യമാണ്. ഗ്രൂപ്പിൻറെ പാരമ്പര്യവും നൂതന ആശയങ്ങളോടുള്ള ഉത്തരവാദിത്വവും കൂട്ടിച്ചേർത്ത് ദീർഘകാല മൂല്യം സൃഷ്ടിക്കാനുള്ള ലക്ഷ്യവും ഇതിൽ അടങ്ങിയിരിക്കുന്നു. പുതുമയെയും മൂല്യങ്ങളെയും എപ്പോഴും ഒരേപോലെ മുറുകെപ്പിടിച്ച ഗോദ്റെജ് ഗ്രൂപ്പ് സ്ഥാപകൻ അർദേശിർ ഗോദ്റെജിൻറെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ലക്ഷ്യം രൂപപ്പെടുത്തിയത്. 'വിശ്വാസം പകരുക', 'സന്തോഷം പകരുക', 'ധീരമായിരിക്കുക' എന്നീ മൂന്ന് അടിസ്ഥാന മൂല്യങ്ങൾ സംഘടനയിലുടനീളം നേതൃത്വത്തിനും തീരുമാനങ്ങൾക്കും തുടർന്നും വഴികാട്ടിയാകുമെന്ന് ഗ്രൂപ്പ് അറിയിച്ചു.

മൂല്യങ്ങളും മികച്ച ഫലങ്ങളും ഒന്നുചേർന്ന് മുന്നോട്ട് പോകണമെന്ന വിശ്വാസമാണ് '1897 മുതൽ നാളെക്കായുള്ള നിർമ്മാണത്തിൽ' എന്ന വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്. തങ്ങൾ വളർച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ വിജയകരവും അതോടൊപ്പം ഉത്തരവാദിത്തത്തോടെയുള്ള ബിസിനസ്സുകൾ എങ്ങനെ കെട്ടിപ്പടുക്കാം എന്നതിന് ഈ കാഴ്ചപ്പാട് തുടർന്നും വഴികാട്ടിയാകുമെന്ന് ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ നിയുക്ത ചെയർപേഴ്സൺ പിറോജ്ഷാ ഗോദ്റെജ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിൽപനയിലും അറ്റാദായത്തിലും 20 ശതമാനത്തിലധികം വാർഷിക വളർച്ചാനിരക്ക് രേഖപ്പെടുത്തിക്കൊണ്ട് ഗോദ്റെജ് ഗ്രൂപ്പ് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പിൻറെ അടുത്ത വളർച്ചാ ഘട്ടത്തിനായി വ്യക്തമായ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചു. ഗ്രൂപ്പ് തലത്തിൽ വാർഷിക വിൽപനയിൽ 15 ശതമാനത്തിലധികം വളർച്ചയും പ്രതിയോഹരി വരുമാനത്തിൽ 20 ശതമാനത്തിലധികം വർദ്ധനവുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഓരോ ബിസിനസ്സ് മേഖലയും സ്ഥിരത കൈവരിച്ച ഘട്ടത്തിൽ 18 ശതമാനത്തിലധികം നിക്ഷേപ നേട്ടം കൈവരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നിലവിലെ കൺസ്യൂമർ പ്രോഡക്ട്സ്, പ്രോപ്പർട്ടീസ്, അഗ്രോവെറ്റ് എന്നീ മൂന്ന് കമ്പനികളിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിലേക്ക് വ്യാപിപ്പിക്കാനാണ് ഗ്രൂപ്പിൻറെ പദ്ധതി. ഈ നീക്കങ്ങളിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രൂപ്പിൻറെ ആകെ വിപണി മൂല്യം 5,00,000 കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ശക്തമായ സാമ്പത്തിക പ്രകടനത്തോടൊപ്പം സമൂഹത്തിനും പരിസ്ഥിതിക്കും അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന കാഴ്ചപാടിൻറെ അടിസ്ഥാനത്തിലാണ് ഗോദ്റെജ് ഗ്രൂപ്പിൻറെ വളർച്ചാ തന്ത്രങ്ങൾ. 2025-ലെ 'ഡൗ ജോൺസ് സസ്റ്റൈനബിലിറ്റി ഇൻഡക്സിൽ്' ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സും ഗോദ്റെജ് പ്രോപ്പർട്ടീസും അതത് മേഖലകളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ നേട്ടങ്ങളുടെ തുടർച്ചയായി 2035-ഓടെ പ്രവർത്തന മേഖലകളിൽ കാർബൺ ബഹിർഗമനം പൂർണ്ണമായും ഇല്ലാതാക്കാനും 2047-ഓടെ പരിസ്ഥിതിക്ക് അനുയോജ്യമായ വിതരണ ശൃംഖല നടപ്പിലാക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. കൂടാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രൂപ്പിലുടനീളം സ്ത്രീകൾ, എൽജിബിടിക്യുപ്ലസ് വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സാന്നിധ്യം 40 ശതമാനമായി ഉയർത്തും. ഗോദ്റെജ് പ്രോപ്പർട്ടീസിലും ഗ്രൂപ്പിൻറെ കോർപ്പറേറ്റ് സെൻററിലും ഈ ലക്ഷ്യം ഇതിനോടകം കൈവരിച്ചിട്ടുണ്ട്. 2025-ൽ ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ 15 ശതമാനം ഓഹരി ഉടമസ്ഥതയുള്ള ഗോദ്റെജ് ഫൗണ്ടേഷൻ വലിയൊരു തുക സ്വരൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ തങ്ങളുടെ വാർഷിക ജീവകാരുണ്യ പ്രവർത്തനങ്ങൾ അഞ്ചിരട്ടിയായി വർദ്ധിപ്പിക്കാൻ ഫൗണ്ടേഷന് സാധിക്കും.

പുതിയ ലക്ഷ്യങ്ങൾക്കൊപ്പം ഗ്രൂപ്പിൻറെ ഇൻ-ഹൗസ് ഡിസൈൻ ടീമായ 'ഡിസ്കോ' രൂപകൽപ്പന ചെയ്ത പുതിയ ബ്രാൻഡ് ഐഡൻറിറ്റിയും ഗോദ്റെജ് ഗ്രൂപ്പ് പുറത്തിറക്കി. ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ഏകീകൃത കോർപ്പറേറ്റ് ബ്രാൻഡ് സംവിധാനം കെട്ടിപ്പടുക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇടങ്ങൾ മുതൽ നേരിട്ടുള്ള ഇടങ്ങൾ വരെ നീളുന്ന വൈവിധ്യമാർന്ന മാറ്റങ്ങളാണ് പുതിയ ഐഡൻറിറ്റിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി ഒരു പുതിയ ദൃശ്യശൈലി, ഗ്രൂപ്പിനായി മാത്രമുള്ള ജിഐ സാൻസ് ടൈപ്പോഗ്രാഫി, സവിശേഷമായ ഒരു ശബ്ദ ഐഡൻറിറ്റി, ഒരു പ്രത്യേക സുഗന്ധം എന്നിവയും അവതരിപ്പിച്ചു. ഡിജിറ്റൽ-ഭൗതിക തലങ്ങളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഹൃദ്യമായ അനുഭവം നൽകുന്നതിനായി വെറും കാഴ്ചയിൽ ഒതുങ്ങാതെ, ശബ്ദവും സുഗന്ധവും ഉൾപ്പെടുത്തി വിവിധ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

ഈ പുതുക്കിയ ബ്രാൻഡ് ഐഡൻറിറ്റി തങ്ങൾ ആരാണെന്നും എങ്ങോട്ടാണ് മുന്നേറുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഗോദ്റെജ് എന്ന ബ്രാൻഡിൻറെ കരുത്ത് ഉറപ്പിക്കുന്നതോടൊപ്പം ഭാവിയിലേക്കുള്ള തങ്ങളുടെ ലക്ഷ്യങ്ങളെ കൂടുതൽ ആധുനികവും ഏകീകൃതവുമായ രീതിയിൽ അവതരിപ്പിക്കുന്നു. ഓരോ ബിസിനസ്സ് മേഖലയിലും പ്രത്യേകത നിലനിർത്തിക്കൊണ്ട് തന്നെ ഗ്രൂപ്പിൻറെ പൊതുവായ ലക്ഷ്യങ്ങളുമായി കൂടുതൽ ശക്തമായി ബന്ധപ്പെടാൻ പുതിയ ഐഡൻറിറ്റി വഴി സാധിക്കുമെന്ന് ഗോദ്റെജ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാൻഡ് ഓഫീസറുമായ തന്യ ദുബാഷ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.