Sections

ഗ്ലോബൽ എക്‌സ്‌പോ; വേദിയും പരിസരവും സീറോ വേസ്റ്റ്, ഇനി ക്ലീൻ കേരളം

Tuesday, Feb 07, 2023
Reported By admin
kerala

ലൈവായി റീസൈക്കിൾ ചെയ്ത് കൊണ്ടായിരുന്നു മാലിന്യ മുക്തം ഉറപ്പുവരുത്തിയത്


മാലിന്യ മുക്ത കേരളം പടുത്തുയർത്തുക എന്ന ഉദ്ദേശത്തോടെ എറണാകുളം മറൈൻ ട്രൈവിൽ നടന്ന ഗ്ലോബൽ എക്സ്പോ സമാപിച്ചപ്പോൾ അത് നിശ്ചയദാർഢ്യത്തിന്റെയും മാലിന്യമുക്ത സന്ദേശത്തിന്റെയും മറ്റൊരു തുടക്കമായി മാറുകയായിരുന്നു. എക്സ്പോ കഴിഞ്ഞപ്പോൾ കണ്ടത് 100% സീറോ വേസ്റ്റ്. ഗ്ലോബൽ എക്സ്പോയിൽ ഉപയോഗിച്ച പോളിഎത്തിലീൻ പ്രചാരണ പ്രിന്റിങ് ഷീറ്റുകൾ മുഴുവൻ എക്സ്പോയിൽ തന്നെയുള്ള റീസൈക്ലിങ് യൂണിറ്റിൽ വെച്ച് ലൈവായി റീസൈക്കിൾ ചെയ്ത് കൊണ്ടായിരുന്നു മാലിന്യ മുക്തം ഉറപ്പുവരുത്തിയത്.

എക്സ്പോ അവസാനിച്ച ദിവസം വൈകുന്നേരം, പ്രചാരണത്തിന് ഉപയോഗിച്ച പോളിഎത്തിലീൻ ഷീറ്റുകൾ മുഴുവൻ ഹരിത കർമ്മസേന വഴി തിരിച്ചെടുത്ത് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ക്ലീൻകേരള കമ്പനിയും കൊച്ചി മേയറും ചേർന്ന് കേരള പ്ലാസ്റ്റിക്ക് റീസൈക്ലിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റിന് അവ കൈമാറി. തുടർന്ന് അവ മേയർ തന്നെ റീസൈക്ലിങിന്റെ ആദ്യ പടിയായിട്ടുള്ള ഷെഡിങ് മെഷീനിലേക്ക് നിക്ഷേപിച്ച് കൊണ്ട് റീസൈക്ലിങിന് തുടക്കം കുറിക്കുകയും ചെയ്തു. സ്റ്റാൾ, കട്ടൗട്ട് എന്നിവയ്ക്ക് ഉപയോഗിച്ചവ അടുത്ത ദിവസം ഹരിത കർമ്മസേന വഴി ക്ലീൻ കേരള കമ്പനിക്ക് കൈമാറികൊണ്ട്, 100% സീറോ വേസ്റ്റ് ഉറപ്പ് വരുത്തും.

എക്സ്പോയിൽ 100% കോട്ടൻ അല്ലെങ്കിൽ റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ എന്നിവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്പ്രകാരം എക്സ്പോയുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകൾ, കട്ടൗട്ടുകൾ, സ്റ്റാൾ ബോർഡുകൾ തുടങ്ങിയവയെല്ലാം സ്ഥാപിച്ചത് റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ പ്രിന്റുകൾ ഉപയോഗിച്ചായിരുന്നു. ഗ്ലോബൽ എക്സ്പോയിൽ റീസൈക്കിൾ ചെയ്യാവുന്ന പോളിഎത്തിലീൻ ഉപയോഗിക്കുകയും, ഉപയോഗശേഷം റീസൈക്കിൾ ചെയ്യുകയും വഴി 100% മാലിന്യ മുക്തം സാധ്യമാണെന്ന് തെളിയിക്കുകയും ചെയ്തു.

മാലിന്യ മുക്ത കേരളം പടുത്തുയർത്തുന്നതിന്റെ ആദ്യപടിയായി ഗ്ലോബൽ എക്സ്പോയിലേത് പോലെ റീസൈക്കിൾ ചെയ്യാവുന്ന പോളിഎത്തിലീൻ ഉപയോഗിച്ച് കൊണ്ട് പരസ്യ പ്രിന്റിങ് മേഖലയിൽ പൂർണ്ണമായ മാലിന്യ മുക്തം ഉറപ്പ് വരുത്തുന്നത്തിനുള്ള നടപടികൾക്കും തുടക്കമായി. ഗ്ലോബൽ എക്സ്പോയിലേത് പോലെ ഏതൊരു പരസ്യ പ്രചാരണങ്ങൾക്ക് ശേഷവും പോളിഎത്തിലീൻ പ്രിന്റിങ് ഷീറ്റുകൾ ഹരിത കർമ്മ സേനയ്ക്ക് നൽകുകയും അത് ക്ലീൻ കേരള കമ്പനി വഴി റീസൈക്ലിങ് യൂണിറ്റുകളിൽ എത്തിച്ച് കൊണ്ട് പൂർണ്ണമായ മാലിന്യ മുക്തം സാധ്യമാക്കുകയുമാണ് ലക്ഷ്യം. ആയതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ നിരോധിത പിവിസി ഫ്ളക്സ്, പോളിസ്റ്റർ, നൈലോൻ, കൊറിയൻ ക്ലോത്ത് തുടങ്ങിയവ ഉപയോഗിക്കുന്നവർക്കെതിരെ ഫൈൻ അടക്കമുള്ള കടുത്ത ശിക്ഷാ നടപടികൾ കർശനമാക്കുന്നതിന് തദ്ദേശ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് നടപടികളും കർശനമാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.